വാട്ടര്‍ഫോഡ് ‘സെവന്‍സ് മേള’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി….

വാട്ടര്‍ഫോര്‍ഡ്: ഫുട്‌ബോള്‍ ഒരു സര്‍വ്വരോഗ സംഹാരിയാണ്. ദേശഭാഷാ വര്‍ണ്ണവ്യത്യാസമില്ലാത്ത ദിവ്യ ഔഷധം രാജ്യാന്തര അതിരുകളില്ലാത്ത മാനവ സ്‌നേഹത്തിന്റെ കുളിര്‍ കാറ്റായി മുറിവേറ്റ മനസ്സുകളില്‍ വാല്‍സല്യം പകരുന്ന തലോടലായി ചിലപ്പോള്‍ കുനിഞ്ഞുപോയ ശിരസ്സുകള്‍ക്ക് താങ്ങായി സ്വത്വബോധത്തിന്റെ ഉണര്‍ത്തുപാട്ടായി ആ സ്‌നേഹഗോളം ലോകം മുഴുവന്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.

സാഹചര്യങ്ങള്‍ കൊണ്ട് ജനിച്ച് വളര്‍ന്ന ഇടം വിട്ട് മറ്റൊരു ചില്ലയില്‍ ചേക്കാറാന്‍ നിര്‍ബന്ധിതരായ പലര്‍ക്കും തങ്ങളുടെ ഭൂതകാലത്തിന്റെ വീണ്ടെടുപ്പ് ഓണം പോലെ ചില ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോഴും ചില മുഖങ്ങള്‍ വീണ്ടും കണ്ടുമുട്ടുമ്പോഴും പരിചിതമായ വഴികളിലൂടെ നടക്കുമ്പോഴും ചില വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോഴുമൊക്കെ സാധ്യമാകാറുണ്ട്, ലോകത്തെവിടെയുമുള്ള പ്രവാസി സമൂഹത്തിന് തങ്ങളുടെ ദൂതകാലത്തിലേക്കുള്ള മടക്കയാത്രക്ക് ഏറ്റവും എളുപ്പമാര്‍ഗ്ഗം ലോകത്തിലെ ഏറ്റവും മനോഹരമായ വിനോദം എന്നറിയപ്പെടുന്ന ഫുട്‌ബോള്‍ മല്‍സരങ്ങളാണ്, കാരണം ജീവിതത്തിലൊരിക്കലെങ്കിലും ആ കളിയെക്കുറിച്ച് കേട്ടിട്ടില്ലാവര്‍ ആ പന്തൊന്ന് തട്ടി നോക്കാത്തവര്‍ ആ പന്തിന്റെ ചുറ്റുമുള്ള ആരവത്തിന് കാതോര്‍ക്കാത്തവര്‍ സാധാരണ ജനങ്ങള്‍ക്കിടയില്‍ കുറവായിരിക്കും…

അത് കൊണ്ടാണ് വാട്ടര്‍ഫോഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന ‘സെവന്‍സ് ഫുട്ബാള്‍ മേള 2019 ‘ഓണം പോലെ ഗതകാലസ്മൃതികളിലേക്കുള്ള ഒരു തിരികെയാത്രയാകുന്നത്. വാട്ടര്‍ഫോഡ് ബാലിഗണ്ണര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്‌റ്റോബര്‍ 27 ഞായര്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴു മണി വരെയാണ് മല്‍സരങ്ങള്‍. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പതിമൂന്നു പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തില്‍ ഭാഗവാക്കാകുവാന്‍ എല്ലാ സുമനസ്സുകളേയും സാദരം ക്ഷണിക്കുന്നു.

Share this news

Leave a Reply

%d bloggers like this: