അമിത വേഗതയില്‍ ഡ്രൈവ് ചെയ്യുന്നവരാണോ? ?എങ്കില്‍ പണി വരുന്നുണ്ട്; ഓവര്‍ സ്പീഡിന് ഇനി ഈടാക്കുക 2000 യൂറോ

ഡബ്ലിന്‍: അയര്‍ലണ്ടിലെ വാഹനവേഗത നിയമത്തില്‍ ചില മാറ്റങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്ന് സൂചന. അമിത വേഗക്കാരെ പൂട്ടാന്‍ കര്‍ശന നിയമങ്ങളാണ് വരാനിരിക്കുന്നത്. പരമാവധി വേഗത പരിധിയും മറികടന്ന് 30 കിലോമീറ്റര്‍ സ്പീഡില്‍ വാഹനമോടിച്ചാല്‍ ഇനി 2000 യൂറോ പിഴ ചുമത്തുന്ന നിയമമാണ് ഗതാഗത മന്ത്രി ഷെയിന്റോസിന്റെ പരിഗണയിലുള്ളത്. അടുത്ത മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യും. രാജ്യത്തെ വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങള്‍ ഒരു പരിധിവരെ തടയാന്‍ ഈ നിയമനിര്‍മ്മാണത്തിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി അറിയിച്ചു. അയര്‍ലണ്ടില്‍ യുവാക്കളിലാണ് ഏറ്റവും കൂടുതല്‍ അമിതവേഗത എന്നാണ് ഗതാഗതവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ റോഡുനിയമങ്ങളില്‍ അടുത്തകാലത്തായി കൊണ്ടുവന്നിട്ടുള്ള പരിഷ്‌കാരങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ അയര്‍ലണ്ടിലെ അപകടനിരക്ക് കുറച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് മന്ത്രി ഷെയിന്‍ റോസ് പുതിയ നിയമം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. പരമാവധി വേഗതപരിധിയില്‍ നിന്നും മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 60 യൂറോപിഴയും, രണ്ടു പെനാലിറ്റി പോയിന്റും, 20 കിലോമീറ്റര്‍ സ്പീഡില്‍ 80 യൂറോ പിഴയും, മൂന്ന് പെനാല്‍റ്റി പോയിന്റും, 30 കിലോമീറ്റര്‍ വരെ വേഗതയ്ക്ക് 100 യൂറോ, പിഴയും, 7 പെനാല്‍റ്റി പോയിന്റും ആണ് പിഴ.

ഈ വേഗത നിയന്ത്രണങ്ങള്‍ക്ക് പുറമെ പരമാവധി വേഗതയിലും കൂടുതലായി 30 കിലോമീറ്ററില്‍ സ്പീഡില്‍ വാഹനം ഓടിച്ചാല്‍ അത് അപകടകരമായ ഡ്രൈവിംഗ് ആയിട്ടാണ് പരിഗണിക്കുന്നത്. അതിനാല്‍ ആണ് ഇത്തരം ഡ്രൈവര്‍മാര്‍ക്ക് 2000 യൂറോ പിഴ ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് ഗതാഗത മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: