ശ്രീലങ്കയില്‍ വീണ്ടും രാജപക്‌സെ യുഗം; ചൈനയുമായുള്ള ശ്രീലങ്കന്‍ ബന്ധം ശക്തമാകുമ്പോള്‍ ഇന്ത്യയ്ക്കുമുണ്ട് ചില ആശങ്കകള്‍

കൊളംബോ : ശ്രീലങ്കയില്‍ ഭരണം കുടുംബ വാഴ്ചയ്ക്ക് വഴിമാറുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ശ്രീലങ്കന്‍ പ്രസിഡണ്ട് ഗോതബയ രാജപക്‌സെ തന്റെ മൂത്ത സഹോദരന്‍ മഹീന്ദ രാജപക്‌സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഗോതാഭയ രാജപക്‌സെയോട് റനില്‍ വിക്രമസിംഗയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി നേതൃത്വം നല്‍കിയ സഖ്യ സ്ഥാനാര്‍ഥി സജിത് പ്രേമദാസ പരാജയപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ റനില്‍ വിക്രമസിംഗ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിറകെയാണ് മഹീന്ദ രാജപക്‌സെയുടെ നിയമനം.

ശ്രീലങ്കന്‍ രാഷ്ട്രീയത്തിലേക്കു രാജപക്‌സെ സഹോദരന്മാരുടെ തിരിച്ചുവരവിന് കൂടിയാണ് തിരഞ്ഞെടുപ്പ് വിജയവും പ്രധാന മന്ത്രി സ്ഥാനത്തേക്കുള്ള നിയമനവും വഴിവയ്ക്കുന്നത്. ശ്രീലങ്ക പൊതുജന പെരുമന പാര്‍ട്ടി (എസ്എല്‍പിപി) സ്ഥാനാര്‍ഥിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വിജയിച്ച ഗോതബയ രാജപക്‌സെ മുന്‍ പ്രതിരോധ സെക്രട്ടറി കൂടിയാണ്.

ശ്രീലങ്കയില്‍ ഭൂരിപക്ഷമായ സിംഹളരുടെയും, ബുദ്ധ മതക്കാരുടെയും പിന്തുണയുള്ള എസ്എല്‍പിപി യ്ക്ക് ശ്രീലങ്കയില്‍ സ്വാധീനം കൂടിവരികയാണ്. തമിഴ്പുലികളുടെ കേന്ദ്രമായിരുന്ന ശ്രീലങ്കയെ അതില്‍ നിന്നും മോചിപ്പിച്ചു എന്ന പ്രഭാവമാണ് മഹിന്ദ്ര രാജപക്‌സെ യുടെ ശ്രീലങ്കന്‍ രാഷ്ട്രീയത്തിലുള്ള പ്രധാന്യം. എന്നാല്‍ ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ തമിഴ് വംശജര്‍ക്കെതിരെ നടന്നതിന് യു .എന്‍ അന്വേഷണവും ശ്രീലങ്ക നേരിട്ടിരുന്നു.

മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും, മുന്‍ പ്രസിഡണ്ട് മൈത്രിപാല സിരിസേനയും ഇന്ത്യയുമായി നല്ലൊരു സൗഹൃദം ആണ് പങ്കുവെച്ചത്, അതിലുപരി ചൈനയുമായി കുറച്ചകലവും പാലിച്ചു. എന്നാല്‍ രാജപക്‌സെ ചൈനയുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. മാത്രമല്ല രാജപക്‌സെ പ്രസിഡണ്ട് ആയകാലത്ത് ചൈനയുടെ ചെലവില്‍ ശ്രീലങ്കയില്‍ ‘ഹമ്പന്‍തൊട്ട’ എന്ന തുറമുഖമുഖവും നിര്‍മ്മിച്ചിരുന്നു.

ഇന്ത്യയുടെ തെക്ക് ഭാഗത്ത് ആധിപത്യം ഉറപ്പിക്കാനും ചൈനയ്ക്ക് രാജപക്‌സെ യുടെ കാലത്ത് ആവസരമൊരുങ്ങി. ഒരു സൈനിക കേന്ദ്രവും ചൈന ശ്രീലങ്കന്‍ തുറമുഖത്ത് ലക്ഷ്യമിട്ടിരുന്നു. വീണ്ടും ചൈനയുടെ അടുപ്പക്കാര്‍ തന്നെ അധികാരത്തിലെത്തുന്നത് ഇന്ത്യയ്ക്ക് അത്ര ഗുണകരമാകില്ലെന്നെന്നാണ് നിരീക്ഷണം.

Share this news

Leave a Reply

%d bloggers like this: