ഹിറ്റ്‌ലറിന്റെ ജന്മഗൃഹം ഇനി പോലീസ് സ്റ്റേഷന്‍

വിയന്ന: അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ജന്മവീട് പോലീസ് സ്റ്റേഷന്‍ ആക്കുമെന്ന് ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. 1889 ഏപ്രില്‍ 20-നാണ് ജര്‍മ്മനിയുടെ അതിര്‍ത്തിയിലുള്ള ബ്രൗണൗ പട്ടണത്തില്‍ ഹിറ്റ്‌ലര്‍ ജനിക്കുന്നത്. വീട് 2016-ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അതോടെ ഒരു നൂറ്റാണ്ടിലേറെക്കാലം വീടിന്റെ ഉടമസ്ഥരായിരുന്ന ഗെര്‍ലിന്‍ഡെ പോമ്മറുടെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. പോമ്മറിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് രാജ്യത്തെ പരമോന്നത കോടതി വിധി വന്നതോടെയാണ് വര്‍ഷങ്ങളായി തുടര്‍ന്ന നിയമ പോരാട്ടം അവസാനിച്ചത്.

നഗരത്തില്‍ പോലീസ് സേനയുടെ ആസ്ഥാനം നിര്‍മ്മിക്കാന്‍ ആഭ്യന്തര മന്ത്രാലയം ഇനി ആര്‍ക്കിടെക്റ്റുകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കും. ഈ വീട് ഇനിയൊരു നാസിസത്തിന് തുടക്കം കുറിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്വത്തുവകകളില്‍ ഓസ്ട്രിയന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്. പോമ്മറിന് ഏകദേശം 900,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിവിധിച്ചത്. സര്‍ക്കാര്‍ പോമര്‍ കുടുംബത്തിന് പ്രതിമാസം 4,800 ഡോളര്‍ വാടക നല്‍കി വൈകല്യമുള്ളവര്‍ക്കുള്ള അഭയകേന്ദ്രമാക്കി കെട്ടിടം ഉപയോഗിച്ചുവരികയായിരുന്നു.

എന്നാല്‍ 2011 മുതല്‍ ഉടമസ്ഥര്‍ യാതൊരു നവീകരണവും നടത്താതായതോടെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ അത്യാവശ്യ ഇടപെടല്‍ നടത്തുകയായിരുന്നു. ഓസ്ട്രിയയില്‍ ഈ വീടിനെ കേന്ദ്രീകരിച്ച് നവ നാസിസം ഉടലെടുക്കാന്‍ സാധ്യത തള്ളിക്കളയാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നിര്‍ണ്ണായകമായ കോടതി ഉത്തരവ് പുറത്തുവന്നത്.

Share this news

Leave a Reply

%d bloggers like this: