റൊമാനിയന്‍ തീരത്ത് ആടുകളുമായി നീങ്ങിയ ചരക്ക് കപ്പല്‍ മറിഞ്ഞു; ആയിരകണക്കിന് ആടുകള്‍ കടലിലകപ്പെട്ടു

കോണ്‍സ്റ്റാനിയ : റൊമാനിയന്‍ തീരത്ത് കൂടി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പല്‍ മറിഞ്ഞു. കരിങ്കടല്‍ തീരത്തെ തെക്ക്-കിഴക്കന്‍ നഗരമായ കോണ്‍സ്റ്റാനിയയ്ക്ക് സമീപമുള്ള മിഡിയ തുറമുഖം വിട്ട് പോകുമ്പോഴാണ് ക്യൂന്‍ ഹിന്ദ് എന്ന പേരുള്ള കപ്പല്‍ അപകടത്തില്‍ പെട്ടത്. പതിനായിരത്തോളം ആടുകളെയും കൊണ്ടുപോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പെട്ടത്. സിറിയന്‍ പൗരന്മായ 22 ക്രൂ അംഗങ്ങളെയും രക്ഷപ്പെടുത്തി. പോലീസും അഗ്‌നിശമന സേനാംഗങ്ങളും റൊമാനിയന്‍ തീരസംരക്ഷണ സേനയും ഉള്‍പ്പടെയുള്ള സംയുക്ത സേനയാണ് ആടുകളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.

കപ്പലിനു സമീപത്തുകൂടെ നീന്തുന്നതായി കണ്ടെത്തിയ 32 ആടുകളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. കൂടുതല്‍ ആടുകള്‍ മുങ്ങിമരിച്ചിട്ടുണ്ടാകാം എന്ന് കരുതുന്നു. ഇതിനകംതന്നെ കുറച്ചു ആടുകളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞുവെന്ന് കോണ്‍സ്റ്റാനിയയിലെ അടിയന്തര സേവനങ്ങളുടെ വക്താവ് സ്റ്റോയിക്ക അനാമരിയ പറഞ്ഞു. ഒരു ക്രൂ അംഗത്തെ ഹൈപ്പര്‍തെര്‍മിയ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം കടലില്‍ വീണിരുന്നുവെന്നും ബാക്കി എല്ലാവരും ഹാര്‍ബറില്‍തന്നെ സുരക്ഷിതരാണെന്നും അനാമരിയ പറഞ്ഞു. കപ്പല്‍ മറിയാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് നവംബര്‍ 23-നാണ് ക്യൂന്‍ ഹിന്ദ് മിഡിയ തുറമുഖത്ത് എത്തിയതെന്ന് റൊമാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുറമുഖത്തുനിന്ന് ഏതാനും മീറ്ററുകള്‍ അകലെവെച്ചാണ് കപ്പല്‍ മറിഞ്ഞത്. യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കൂടുതല്‍ കന്നുകാലികളെ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റൊമാനിയ. വലിയ ചരക്കുകപ്പലുകളില്‍ മൃഗങ്ങളെ കയറ്റിഅയക്കുന്നതിനും ഈ തുറമുഖമാണ് ഉപയോഗിക്കുന്നത്.

അതിനിടെ, ക്യൂന്‍ ഹിന്ദ് അട്ടിമറിക്കപ്പെട്ടതാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് റൊമാനിയയിലെ കന്നുകാലി വളര്‍ത്തുന്നവരുടെ സംഘടനയും മൃഗസംരക്ഷണ പ്രവര്‍ത്തകരും രംഗത്തെത്തി.

Share this news

Leave a Reply

%d bloggers like this: