ഹോങ്കോങ് ചരിത്രത്തില്‍ വന്‍ മുന്നേറ്റം നടത്തി സ്വാതന്ത്രവാദികള്‍; ചൈനയ്ക്ക് മുന്നറിയിപ്പ്

ഹോങ്കോങ്; ഹോങ്കോങ് തെരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്തി സ്വാതന്ത്രവാദികള്‍. ആറുമാസത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പിലാണ് സ്വാതന്ത്ര്യ വാദികള്‍ മുന്നേറ്റം നടത്തിയത്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ചൈനീസ് പിന്തുണയുള്ള ഹോങ്കോങ് ഭരണകൂടത്തിന് സ്വാതന്ത്ര പ്രതിഷേധം കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കും.

ചരിത്ര വിജയമാണ് ഹോങ്കോങ് പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്വാതന്ത്ര്യ വാദികള്‍ നേടിയത്. 18 ഡിസ്ട്രിക്റ്റ് കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 17-ലും സ്വാതന്ത്ര്യ വാദികള്‍ ആധിപത്യം നേടിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചൈനീസ് നയങ്ങളെ അനുകൂലിക്കുന്ന എഫ് ടിയുവിനായിരുന്നു കൂടുതല്‍ സീറ്റുകള്‍. തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഹോങ്കോങ് ജനത ചൈനയ്ക്ക് കൃത്യമായ മറുപടിയാണ് നല്‍കിയിരിക്കുന്നതെന്ന് സ്വാതന്ത്ര്യപ്രക്ഷോഭത്തിന്റെ നേതൃത്വം പ്രതികരിച്ചു.

ഇനിയും ചൈന അടിച്ചമര്‍ത്തല്‍ തുടരരുതെന്നും അവര്‍ ആവശ്യപ്പെട്ടു. അതേസമയം, ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്ന് ഹോങ്കോങ് ഭരണാധികാരിയായ ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം തിരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം പ്രതികരിച്ചു. ചൈനയെ പോലെ തന്നെ ലാമിനും ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് വന്‍ തിരിച്ചടിയാണ്. ചൈന അനുകൂല പക്ഷത്തുള്ള കാരി ലാം പ്രക്ഷോഭകര്‍ക്ക് എതിരായി ശക്തമായി നിലകൊണ്ടിരുന്നു.

പ്രക്ഷോഭങ്ങള്‍ക്കിടെയും കനത്ത പോളിംഗ് രേഖപ്പെടുത്തിയ പ്രാദേശിക തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കരുതെന്നും, എല്ലാവരും വോട്ട് ചെയ്ത് ചൈനക്ക് തങ്ങളുടെ ശക്തി കാണിച്ചു കൊടുക്കണമെന്നും പ്രക്ഷോഭകര്‍ ഇന്നലെ ആഹ്വാനം ചെയ്തിരുന്നു. ഹോങ്കോങ്ങ് കണ്ടതില്‍വെച്ച് ഏറ്റവും വലിയ ജനപങ്കാളിത്തമാണ് പോളിംഗ് സ്റ്റേഷനുകളില്‍ കണ്ടത്. മണിക്കൂറുകളോളം കാത്തുനിന്നാണ് പലരും വോട്ട് ചെയ്തത്.

ഇന്നലെ രാത്രി 10.30-ന് വോട്ടെടുപ്പ് അവസാനിക്കുമ്പോള്‍ ഏകദേശം 3 ദശലക്ഷം ആളുകള്‍ വോട്ട് ചെയ്തുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനം ബൂത്തുകളിലേക്ക് ഒഴുകിയെത്തിയതോടെ പോളിംഗ് 71 ശതമാനമായി ഉയര്‍ന്നു. 18 ജില്ലാ കൗണ്‍സിലുകളില്‍ 17-ഉം ജനാധിപത്യ അനുകൂല രാഷ്ട്രീയ പാര്‍ട്ടികള്‍ നേടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോട്ടുകള്‍ ഉണ്ട്. നിലവില്‍ ഭൂരിപക്ഷം കൗണ്‍സിലുകളും ഭരിക്കുന്നത് ചൈനയെ അനുകൂലിക്കുന്ന ഗ്രൂപ്പുകളാണ്. മൊത്തം 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളിലേക്ക് ആയിരത്തിലധികം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: