മഹാരഷ്ട്രയെ ഇനി ഉദ്ധവ് നയിക്കും; നാളെ മഹാ വികാസ് അഖാഡി സഖ്യം അധികാരത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫട്‌നവിസ് രാജിവച്ചതോടെ നാളെ ശിവസേന – എന്‍ സി പി – കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള മഹാ വികാസ് അഖാഡി (എംവിഎ) എന്ന സഖ്യം അധികാരത്തിലേക്ക്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിയുക്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് ഗവര്‍ണര്‍ ഭഗസ് സിംഗ് കോഷിയാരിയെ കണ്ടു. വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന് ഇന്നലെ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രി അജിത്ത് പവാറും രാജി വച്ചിരുന്നു. നാളെ മുംബയ് ദാദറിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

43 അംഗ മന്ത്രിസഭയില്‍ ശിവസേനയ്ക്ക് മുഖ്യമന്ത്രിയടക്കം 15 മന്ത്രിമാരുണ്ടാകും. എന്‍സിപിക്കും 15. കോണ്‍ഗ്രസിന് 13 മന്ത്രി സ്ഥാനവും സ്പീക്കര്‍ പദവിയും ലഭിച്ചേക്കും. എന്‍സിപിക്കും കോണ്‍ഗ്രസിനും ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കാം. എന്നാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. സ്വീകരിക്കുകയാണെങ്കില്‍ നിലവില്‍ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തിട്ടുള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബാലാ സാഹെബ് തോറാട്ട് ആയിരിക്കും കോണ്‍ഗ്രസിന്റെ ഉപമുഖ്യമന്ത്രി. മറുകണ്ടം ചാടി വഞ്ചനാപരമായ നിലപാട് സ്വീകരിച്ച അജിത്ത് പവാറിനെ മന്ത്രിസഭയിലെടുക്കുന്നതിനെ കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

ജയന്ത് പാട്ടീല്‍ എന്‍സിപിയുടെ ഉപമുഖ്യമന്ത്രിയാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പീക്കര്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഒക്ടോബര്‍ 24 തിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും ബിജെപി – ശിവസേന തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിയ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന നടത്തിയ ശ്രമങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും പൊതുമിനിമം പരിപാടി തയ്യാറാക്കിയതിനും ശേഷമാണ് ലക്ഷ്യത്തിലേയ്കക്കെത്തുന്നത്.

ഒരു കക്ഷിയ്ക്കും പിന്തുണ വ്യക്തമാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തു. അതേസമയം ബിജെപിയെ സഹയാകിക്കുന്ന തരത്തിലാണ് ഗവര്‍ണറുടെ ഇടപെടലുകള്‍ എന്ന ആരോപണമുയര്‍ന്നു. രാഷ്ട്രപതി ഭരണം പിന്‍വലിക്കാനും എന്‍സിപിയിലെ അജിത്ത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയും കേന്ദ്ര സര്‍ക്കാരും നടത്തിയ ഇടപെടലുകള്‍ വിവാദമായിരിക്കുകയാണ്. ഇത് സുപ്രീം കോടതിയുടെ പരിശോധനയിലുമാണ്.പ്രോടേം സ്പീക്കറെ നയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. പ്രോടേം സ്പീക്കറായ കാളിദാസ് കൊലാംബ്കര്‍ സഭാ നടപടികള്‍ നിയന്ത്രിക്കും

Share this news

Leave a Reply

%d bloggers like this: