സ്റ്റാലിന്‍, ചര്‍ച്ചില്‍, റൂസ്വെല്‍റ്റ് എന്നീ ലോകനേതാക്കളുടെ ജീവന്‍ രക്ഷിച്ച അര്‍മേനിയന്‍ ചാര വനിത അന്തരിച്ചു

മോസ്‌കൊ: ‘മൂവര്‍ സംഘത്തെ’ വധിക്കാനുള്ള നാസികളുടെ ഗൂഢ പദ്ധതി പൊളിച്ച ചാരവനിത ഗവര്‍ വര്‍ത്താനിയാന്‍ അന്തരിച്ചു (93). 1943 നവംബറില്‍ ടെഹ്റാനില്‍ വെച്ചു ചേര്‍ന്ന യോഗത്തിലാണ്സ്റ്റാലിന്‍, ചര്‍ച്ചില്‍, റൂസ്വെല്‍റ്റ് എന്നീ നേതാക്കളെ ഇല്ലാതാക്കാന്‍ ഹിറ്റ്‌ലര്‍ ഉത്തരവിട്ടത്. ‘ഓപ്പറേഷന്‍ ലോംഗ് ജമ്പ്’ എന്ന പേരിലാണ് സഖ്യകക്ഷികളുടെ നേതാക്കളെ വധിക്കാനുള്ള നാസികളുടെ ഗൂഡാലോചന അറിയപ്പെട്ടത്. അത് അതിവിദഗ്ദമായി പൊളിച്ചത് വര്‍ത്താനിയന്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്. നാസി ഏജന്റുമാരെ രഹസ്യമായി പിന്തുടര്‍ന്നാണ് വര്‍ത്താനിയന്‍ പദ്ധതികള്‍ മനസ്സിലാക്കിയിരുന്നത്.

ഭര്‍ത്താവ് ഗെവോര്‍ക്കിനൊപ്പം നിരവധി ദൗത്യങ്ങളില്‍ രഹസ്യ ഏജന്റായി ഗവര്‍ വര്‍ത്താനിയന്‍ ജോലി ചെയ്തിരുന്നു. 1926 ജനുവരി 25-ന് സോവിയറ്റ് അര്‍മേനിയയിലെ ഗ്യുമ്രിയില്‍ ജനിച്ച അവര്‍ 1930-കളുടെ തുടക്കത്തിലാണ് കുടുംബത്തോടൊപ്പം ഇറാനിലേക്ക് പോകുന്നത്. പതിനാറാമത്തെ വയസ്സില്‍ ഒരു ഫാസിസ്റ്റ് വിരുദ്ധ ഗ്രൂപ്പില്‍ ചേര്‍ന്ന അവര്‍ ജര്‍മ്മന്‍ ഏജന്റുമാരെ കണ്ടെത്താന്‍ ഗെവോര്‍ക്കിനൊപ്പം പ്രവര്‍ത്തിച്ചു.

1951-ല്‍ സോവിയറ്റ് യൂണിയനിലേക്ക് തിരിച്ചുവന്ന ഈ ദമ്പതികള്‍ രഹസ്യ ഏജന്റുമാരായി ദീര്‍ഘകാലം ജോലി ചെയ്തു. പല രാജ്യങ്ങളിലും അതീവ ദുര്‍ഘടമായ സാഹചര്യങ്ങളില്‍പോലും അവര്‍ ജോലി ചെയ്തിരുന്നു. മോസ്‌കോയിലെ പ്രശസ്തമായ ട്രോയ്കുറോവ്‌സ്‌കോ സെമിത്തേരിയില്‍ ഗവറിനെ സംസ്‌കരിക്കുമെന്ന് റഷ്യയുടെ രഹസ്യാന്വേഷണ ഏജന്‍സി വക്താവ് സെര്‍ജി ഇവാനോവ് പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: