സ്വകാര്യവത്കരണം നടന്നില്ലെങ്കില്‍ എയര്‍ ഇന്ത്യ ഒരു ഓര്‍മ്മ മാത്രമായി മാറും; വ്യോമയാന മന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ ദേശീയ വ്യോമയാന കമ്പനിയായ എയര്‍ ഇന്ത്യ കടന്ന് പോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണെന്ന് വ്യോമയാന മന്ത്രി. സ്വകാര്യ വത്കരണത്തിന് ആക്കം കൂട്ടുന്നതിനായി കമ്പനിയുടെ 7 ബില്യണ്‍ ഡോളറിന്റെ ബാധ്യത ഒഴിവാക്കാനുള്ള പദ്ധതിയും മോദി സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യോമയാനമന്ത്രിയുടെ പരാമര്‍ശം. നരേന്ദ്ര മോദി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് എയര്‍ ഇന്ത്യയുടെ വിജയകരമായ വില്‍പ്പന.

കോര്‍പ്പറേറ്റ് നികുതി വെട്ടിച്ചുരുക്കല്‍, നികുതി സമാഹരണത്തിലെ തിരിച്ചടി എന്നിവ മൂലം രാജ്യത്ത് നില നില്‍ക്കുന്ന ധനക്കമ്മി നികത്താന്‍ നടപടി സഹായകമാവുമെന്നാണ് പ്രതീക്ഷ. കുടിശ്ശിക നല്‍കാനുള്ളതിനാല്‍ ഓയില്‍ കമ്പനികള്‍ എയര്‍ ഇന്ത്യയ്ക്ക് ഇന്ധനം നല്കാന്‍ വിസ്സമ്മതിച്ചിരുന്നു. എയര്‍ ഇന്ത്യയെ സ്വകര്യവത്കരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ കമ്പനി അടച്ച് പൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി വ്യക്തമാക്കിയത്. എയര്‍ ഇന്ത്യവില്‍പ്പനയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിതല സംഘം ഇതിനകം തന്നെ കമ്പനിയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഹരികളും, വിദേശ യൂണിറ്റും വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യയിലെ എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കുമെന്നും സ്വകാര്യവത്കരണം പൂര്‍ത്തിയാകുംവരെ ആര്‍ക്കും തൊഴില്‍ നഷ്ടപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള ജീവനക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, എത്രപേര്‍ക്ക് തുടരാനാവും, ഭാവിയില്‍ എന്ത് സംഭവിക്കും തുടങ്ങിയ ആശങ്കകള്‍ ജീവനക്കാര്‍ക്കുണ്ട്. എല്ലാ ജീവനക്കാരുടെയും താത്പര്യം സംരക്ഷിക്കപെടുമെന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. എയര്‍ ഇന്ത്യയ്ക്ക് നിലവില്‍ 11 ബില്യണ്‍ ഡോളരിന്റെ കട ബാധ്യതയാണുള്ളത്.

Share this news

Leave a Reply

%d bloggers like this: