Dunnes സ്റ്റോറിന്റെ  എതിർപ്പ് അവഗണിച്ച് 290  അപ്പാർട്ടുമെന്റുകൾക്ക്  സിറ്റി വെസ്റ്റിൽ അനുമതി 

ഡബ്ലിനിലെ സിറ്റിവെസ്റ്റിൽ  290 അപ്പാർട്ടുമെന്റുകൾക്ക്  പ്ലാനിങ് ബോർഡ്‌ അനുമതി നൽകി. റീട്ടെയിൽ വിപണന മേഖലയിലെ വമ്പൻമാരായ Dunnes സ്റ്റോറുകളുടെ എതിർപ്പ് വകവയ്ക്കാതെയാണ് ബോർഡിന്റെ തീരുമാനം.

ഫോർച്യൂണിലെ സിറ്റിവെസ്റ്റ് ഷോപ്പിംഗ് സെന്ററിലെ 2.9 ഹെക്ടർ സ്ഥലത്ത് 5 -7 വരെ നിലകളുള്ള ആറ് ബ്ലോക്കുകളുള്ള ഒരു അപ്പാർട്ട്മെന്റ്  നിർമ്മിക്കുന്നതിനുള്ള അനുമതിയാണ് OBSF-ന് ലഭിച്ചത്.ഡൺസ് സ്റ്റോറും നിരവധി പ്രദേശവാസികളും ഈ പദ്ധതിയെ  എതിർത്ത്‌ അപ്പീൽ നൽകിയിരുന്നുവെന്ന് വ്യാഴാഴ്ച ബോർഡ് പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നു. 

പദ്ധതി ഈ പ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രാദേശിക ആസൂത്രണ നയത്തിന്റെ ലംഘനമാണിതെന്നും ബോർഡിനു നൽകിയ എതിർഹർജിയിൽ ഡൺസ് സ്റ്റോർസ് വ്യക്തമാക്കി.

സിറ്റിവെസ്റ്റ് ഷോപ്പിംഗ് സെന്ററിൽ പ്രവർത്തിക്കുന്ന ഡൺസ് സ്റ്റോറിൽ  ആഴ്ചയിൽ 50,000-ത്തോളം സന്ദർശകരാണ് എത്താറുള്ളത്.പദ്ധതി നടപ്പിലാകുന്നതോടെ ഷോപ്പിംഗ് സെന്ററിന്റെ കാർപാർക്കിംഗ് ശേഷി കുറയുമെന്നും ഇത് ഷോപ്പിംഗ് സെന്ററിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്നും Dunnes പറഞ്ഞു.

കെട്ടിടത്തിന്റെ ഉയരം, സാന്ദ്രത, വാസസ്ഥലം എന്നിവയുമായി ബന്ധപ്പെട്ട   Fortunestown Local Area Plan (LAP)-ന്റെ നിയമങ്ങൾ പാലിക്കുന്നതിൽ പദ്ധതി പരാജയപ്പെട്ടുവെന്ന് സൗത്ത് ഡബ്ലിന് കൗണ്ടി കൗൺസിലും അഭിപ്രായപ്പെട്ടു.ഷോപ്പിംഗ് സെന്ററിനു ചുറ്റുമുള്ള പ്രദേശത്തെ സമഗ്ര വികസനപദ്ധതിയ്ക്ക് തീർപ്പുകൽപ്പിക്കാത്ത സാഹചര്യത്തിൽ നിർദ്ദിഷ്ടപദ്ധതിയിൽ നിന്നും രണ്ട് അപ്പാർട്ട്മെന്റ് ബ്ലോക്കുകൾ ഒഴിവാക്കണമെന്നും കൗൺസിൽ ശുപാർശ ചെയ്തു. എന്നാൽ എല്ലാ ബ്ലോക്കുകൾക്കും അപ്പീൽ ബോർഡ് നിർമ്മാണ അനുമതി നൽകി.

ഇത്തരത്തിൽ താമസ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സുസ്ഥിര യാത്രാ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്നതിനെ മുൻനിർത്തിയാണ് ബോർഡ്‌ അപ്പാർട്മെന്റിന് നിർമ്മാണാനുമതി നൽകിയത്.
കാൽ‌നടയാത്രക്കാരെയും ഗതാഗത സുരക്ഷയെയും പദ്ധതി ബാധിക്കില്ലെന്നും നഗര രൂപകൽപ്പനയ്ക്കും ഇത് പ്രയോജനപ്പെടുമെന്നും പ്രദേശത്തെ പരിസ്ഥിതിക്ക് പദ്ധതി ഹാനികരമാകില്ലെന്നും ബോർഡ് കണ്ടെത്തി.

Share this news

Leave a Reply

%d bloggers like this: