ജോർജ്ജ് കൊടുങ്കാറ്റ്:ഗാൽ‌വേയിലും ക്ലെയറിലും റെഡ് അലെർട്ട് പ്രഖ്യാപിച്ചു; രാജ്യമെമ്പാടും ഓറഞ്ച് അലെർട്ട്

ജോർ‌ജ് കൊടുങ്കാറ്റിനെ തുടർന്ന് കൗണ്ടിയിലെ ഗാൽ‌വേ, ക്ലെയർ എന്നീ പ്രദേശങ്ങളിൽ റെഡ്അലെർട്ട് പ്രഖ്യാപിച്ചു. കൂടാതെ രാജ്യമെമ്പാടും ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചു.

റെഡ്അലെർട്ട് ഉച്ചയ്ക്ക് 1 മണിമുതൽ ശനിയാഴ്ച വൈകുന്നേരം 4 മണിവരെ ഉണ്ടായിരിക്കും. കൗണ്ടിയിലെ പടിഞ്ഞാറൻ കടൽത്തീരത്ത്‌ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച പുലർച്ചെ 3 വരെ ഓറഞ്ച്അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം 7 മണിവരെയും ഓറഞ്ച്അലെർട്ട് തുടരും.

മണിക്കൂറിൽ 85 മുതൽ 100 ​​കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കൊടുങ്കാറ്റ് വീശുമെന്നും ഗാൽവേയിലും ക്ലെയറിലും മണിക്കൂറിൽ 130 മുതൽ 145 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും മെറ്റ്ഐറാൻ മുന്നറിയിപ്പ് നൽകി.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ശക്തമായ കാറ്റ് തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുമെന്നും മെറ്റ്ഐറാൻ മുന്നറിയിപ്പ് നൽകി.

മൺസ്റ്റർ, കൊണാച്ച്, ഡൊനെഗൽ എന്നിവിടങ്ങളിൽ യെല്ലൊ റെയിൻ വാണിങ് നൽകിയിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഐറിഷ് തീരപ്രദേശങ്ങളിൽ റെഡ്ഗെയ്ൽ അലെർട്ട് നിലവിലുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തെക്കുറിച്ച് അവലോകനം നടത്തുന്നതിനായി നാഷണൽ എമർജൻസി കോർഡിനേഷൻ ഗ്രൂപ്പ് (NECG) ഡബ്ലിനിൽ യോഗം ചേർന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ പ്രതിസന്ധി നേരിടുന്നുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ പ്രയത്നിക്കുമെന്നും NECG യോഗത്തിനു ശേഷം ഭവന-ആസൂത്രണ-തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഇഗാൻ മർഫി പറഞ്ഞു.

കാറ്റിന്റെ മുന്നറിയിപ്പിനെ തുടർന്ന് നിരവധി ദേശീയ പാർക്കുകളും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളും അടച്ചിടും.

വെള്ളപ്പൊക്കം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. മരങ്ങൾ ഒടിഞ്ഞു വീഴുന്നത് വൈദ്യുതി തടസ്സമുണ്ടാകുന്നതിന് കാരണമാകും.1,700 തൊഴിലാളികളെ വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കായി ESB സജ്ജമാക്കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: