44 കളികള്‍ക്കൊടുവില്‍ ലിവര്‍പൂള്‍ തോറ്റു, അതും മൂന്ന് ഗോളിന്;അയർലണ്ടിലെ കൊച്ച് ആരാധകന്റെ അഭ്യർത്ഥന ക്ളോപ്പ് കേട്ടോ???

പ്രീമിയര്‍ ലീഗില്‍ ഈ സീസണിലെ ഏറ്റവും വലിയ ഞെട്ടിപ്പിക്കുന്ന ഫലം സമ്മാനിച്ച് വാറ്റ്‌ഫോര്‍ഡിന്റെ ചുണക്കുട്ടികള്‍. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി 44 മത്സരങ്ങള്‍ തോല്‍ക്കാതെ വന്ന ലിവര്‍പൂളിനെ വാറ്റ്‌ഫോര്‍ഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുവിട്ടു. തോറ്റിരുന്നെങ്കില്‍ തരം താഴ്ത്തല്‍ പട്ടികയിലെത്തുമായിരുന്ന വാറ്റ്‌ഫോര്‍ഡ് കച്ചകെട്ടിയിറങ്ങിയപ്പോള്‍ തലതാഴ്ത്തിയത് പ്രീമിയര്‍ ലീഗിലെ രാജാക്കന്മാര്‍.

ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ തികച്ചും നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്. ഒരു തവണ പോലും വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ മുഖത്തേക്ക് ഷോട്ടുതിര്‍ക്കാന്‍ കഴിഞ്ഞില്ല. 54ആം മിനുറ്റില്‍ സാറിലൂടെ വാറ്റ്‌ഫോര്‍ഡ് മുന്നിലെത്തിയപ്പോഴും ലിവര്‍പൂള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ സജീവമായിരുന്നു. വെസ്റ്റ്ഹാമിനെതിരെ കഴിഞ്ഞ ആഴ്ച്ചയില്‍ പിന്നില്‍ നിന്നും ലിവര്‍പൂള്‍ ജയിച്ചുകയറിയിരുന്നു.
എന്നാല്‍ ഇക്കുറി ആദ്യഗോള്‍ വീണ് ആറ് മിനുറ്റിനകം രണ്ടാം ഗോളും നേടി സാര്‍ തന്നെ ലിവര്‍പൂളിന്റെ തിരിച്ചുവരവ് പ്രതീക്ഷകള്‍ക്ക് തിരശ്ശീലയിട്ടു. ലിവര്‍പൂള്‍ പകുതിയില്‍ വാറ്റ്‌ഫോര്‍ഡ് തുടര്‍ന്നും പ്രസിംങ് ഗെയിം നടത്തി. ഇതിന് വൈകാതം ഫലം ലഭിക്കുകയും ചെയ്തു.

ഇക്കുറി ലിവര്‍പൂള്‍ പ്രതിരോധതാരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിന്റെ ലക്ഷ്യം തെറ്റിയ പാസ് സാര്‍ തന്നെ പിടിച്ചെടുത്തു. ഹാട്രിക് ഗോളിന് അവസരമുണ്ടായിട്ടും 22കാരന്‍ പന്ത് ക്യാപ്റ്റന്‍ ഡീനെക്ക് കൈമാറി. ആളൊഴിഞ്ഞ വലയിലേക്ക് ഡീനെ അടിച്ചുകയറ്റിയപ്പോള്‍ ലിവര്‍പൂള്‍ സീസണിലെ ആദ്യ തോല്‍വി അറിഞ്ഞു.
കഴിഞ്ഞ 18 പ്രീമിയര്‍ ലീഗ് മത്സരങ്ങളും ലിവര്‍പൂള്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനക്കാരേക്കാള്‍ ലിവര്‍പൂളിന് 22 പോയിന്റിന്റെ മുന്‍തൂക്കം ഇപ്പോഴുമുണ്ട്. വിജയത്തോടെ വാറ്റ്‌ഫോര്‍ഡ് 27 പോയിന്റുമായി 17ആം സ്ഥാനത്തേക്ക് കയറി. തോറ്റിരുന്നെങ്കില്‍ അവര്‍ ലീഗില്‍ തരംതാഴ്ത്തപ്പെടുന്ന അവസാന മൂന്നിലേക്ക് എത്തിയേനെ. ലിവര്‍പൂളിനെതിരായ ജയം വാറ്റ്‌ഫോര്‍ഡിന് വരും മത്സരങ്ങളില്‍ വര്‍ധിത വീര്യം നല്‍കുകയും ചെയ്യും.

കഴിഞ്ഞയാഴ്ച ലെറ്റർകെന്നിയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പത്തു വയസുകാരൻ ഒന്നും തോറ്റു തരാമോ എന്നു ചോദിച്ചു ലിവർപൂൾ കോച്ച് ക്ലോപ്പിനു എഴുതിയ കത്ത് വയറൽ ആയിരുന്നു. ബിബിസി ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾ ഈ കത്തും ക്ളോപ്പിന്റെ മറുപടിയും വാർത്തയാക്കിയിരുന്നു. ഇതിനു പിന്നാലെ ലിവർപൂർ തോറ്റത് കൂടി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകന്റെ അഭ്യർത്ഥന ക്ളോപ്പ് കേട്ട് എന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ആയിരക്കണക്കിന് കമന്റ് ആണ് വരുന്നത്

Share this news

Leave a Reply

%d bloggers like this: