കൊറോണ വൈറസ്; അയർലണ്ടിൽ 44 മരണങ്ങൾ കൂടി, 597 പുതിയ കേസുകൾ, ലോക മരണം ഒന്നരലക്ഷം കവിഞ്ഞു

അയർലണ്ടിൽ കൊറോണ വൈറസ് പരിശോധന ഗണ്യമായി വിപുലീകരിക്കാൻ തീരുമാനം. ആറുമാസത്തിനുള്ളിൽ ഓരോ ആഴ്ചയും കുറഞ്ഞത് 100,000 പരിശോധനകൾ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നഴ്‌സിംഗ് ഹോമുകളിലെ 30,000 സ്റ്റാഫുകളുടെയും 28,000 അന്തേവാസികളുടെയും പരിശോധനയ്ക്ക് അടുത്ത 7-10 ദിവസങ്ങളിൽ മുൻഗണന നൽകും.

ഇതിൻ്റെ ഭാഗമായി ഈസ്റ്റേൺ അയർലണ്ടിൽ പരിശോധന വെള്ളിയാഴ്ച ആരംഭിച്ചു. മാനസികാരോഗ്യ ഫെസിലിറ്റികളിൽ 2,600 കിടക്കകളും, മറ്റ് ശാരീരിക വൈകല്യമുള്ളവർക്കായി 8,300 കിടക്കകൾ റെസിഡൻഷ്യൽ കെയർ ഫെസിലികളിലും ഒരുക്കുമെന്ന് വകുപ്പ് അറിയിച്ചു.

ഇതിനിടെ രാജ്യത്ത് 44 കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 25 പുരുഷൻമാരും 19 സ്ത്രീകളുമാണ്. 25 പേർ മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളവരായിരുന്നു. മരിച്ച 44 പേരുടെ ശരാശരി പ്രായം 84 വയസാണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 530 ആയി. ഇതിൽ 58 ശതമാനം പുരുഷൻമാരും 42 ശതമാനം സ്ത്രീകളുമാണ്. 83 വയസാണ് ശരാശരി പ്രായം. 23-105 ആണ് മരിച്ചവരുടെ പ്രായപരിധി.

597 പുതിയ കേസുകൾ കൂട്ടി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 13980 ആയി. റെസിഡൻഷ്യൽ കെയറുകളിലെ 261 ക്ലസ്റ്ററുകളിലായി 1628 കേസുകളുണ്ട്. നേഴ്സിങ് ഹോമുകളിലെ 166 ക്ലസ്റ്ററുകളിലായി 1008 കേസുകളും റിപ്പോർട്ട് ചെയ്തു.

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്ത്‌ ഒന്നരലക്ഷം കടന്നു

അമേരിക്കയിൽ മരണസംഖ്യ നാൽപ്പതിനായിരത്തോട്‌ അടുക്കുന്നു. വ്യാഴാഴ്‌ച ഒറ്റദിവസം 4591 പേരാണ്‌ അവിടെ മരിച്ചത്‌. രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ തുടക്കത്തിൽ മരണം കണക്കാക്കിയതിലെ പിശക്‌ തിരുത്തി പുതിയ കണക്ക്‌ പുറത്തുവിട്ടു. ഇതനുസരിച്ച്‌ അവിടെ 4632 പേരാണ്‌  മരിച്ചത്‌.

ബ്രിട്ടനിൽ 847 പേർ കൂടി മരിച്ചതോടെ ആകെ മരണം 14,576. ബെൽജിയത്തിൽ 313 പേർ കൂടി മരിച്ചതോടെ അയ്യായിരം കടന്നു. 36,138 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. യൂറോപ്പിലെ മൂന്ന്‌ രാജ്യങ്ങളിൽ ഒന്നരലക്ഷത്തിലധികവും രണ്ടിടത്ത്‌ ഒരുലക്ഷത്തിലധികവും രോഗം സ്ഥിരീകരിച്ചു. മരണസംഖ്യയിൽ മൂന്നാമതുള്ള സ്‌പെയിനിൽ 585 പേർ കൂടി മരിച്ചതോടെ മരണം 19478. ഇറ്റലിയിൽ മരണം 22745. ഫ്രാൻസിൽ 18500 കടന്നു. ഇറാനിൽ മരണസംഖ്യ അയ്യായിരത്തോടടുക്കുന്നു. ജർമനിയിലും രോഗം നിയന്ത്രണവിധേയമായി. 138456 പേർക്ക്‌ രോഗം സ്ഥിരീകരിച്ച അവിടെ 4193പേരാണ്‌ മരിച്ചത്‌.
ആഫ്രിക്കയിൽ മൂന്ന്‌ ലക്ഷത്തോളം പേർ മരിച്ചേക്കാമെന്ന്‌ ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ പഠനത്തിൽ പറയുന്നു. ഇതുവരെ 18000 പേർക്കാണ്‌ ഭൂഖണ്ഡത്തിൽ രോഗം സ്ഥിരീകരിച്ചത്‌.

ഇന്ത്യയിൽ കോവിഡ്‌ ബാധിതര്‍ 14,000 കടന്നു

മരണം അഞ്ഞൂറിനോടടുത്തു. 24 മണിക്കൂറിനിടെ 32 പേര്‍ മരിച്ചു.  1076 രോഗികളെക്കൂടി കണ്ടെത്തി. സംസ്ഥാനങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് മരണം 483, രോ​ഗികള്‍ 14,047. 1766 പേർ രോഗവിമുക്തരായി.
മഹാരാഷ്‌ട്രയിൽ രോ​ഗികള്‍ 3221 ആയി. 195 പേർ മരിച്ചു. ഗുജറാത്തിൽ 78ഉം രാജസ്ഥാനിൽ 62ഉം തമിഴ്‌നാട്ടിൽ 56ഉം കർണാടകത്തിൽ 38ഉം പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്‌തു.
കേരളത്തിൽ ഒരു മരണം കൂടി
കേരളത്തിൽ ഇന്ന് മലപ്പുറം സ്വദേശി കോവിഡിന് കീഴടങ്ങി. ഇതോടെ മരിച്ചവർ 3 ആയി. ഇന്നലെ ഒരു കേസുമാത്രമാണ് റിപ്പോർട്ട് ചെയ്തത്. 10 പേർകൂടി രോഗമുക്തി നേടി. 138 പേരാണ് ഇനി ചികിൽസയിലുള്ളത്. 255 പേർ ഇതുവരെ രോഗമുക്തരായി.

Share this news

Leave a Reply

%d bloggers like this: