കോവിഡ്-19: വ്യാപനം തടയുന്നതിനായി അഞ്ച് ഘട്ട പദ്ധതികൾ നടപ്പിലാക്കും

കോവിഡ് -19 വ്യാപനം തടയുന്നതിനും അയർലണ്ടിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനും അഞ്ച് ഘട്ട പദ്ധതികൾ
പ്രധാനമന്ത്രി ലിയോ വരദ്കർ പ്രഖ്യാപിച്ചു.

ആദ്യഘട്ടം മെയ് 18 മുതൽ ആരംഭിക്കും. അഞ്ചാം ഘട്ടം ഓഗസ്റ്റ് 10-ന് ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ പദ്ധതി പ്രകാരം അഞ്ച് ഘട്ടങ്ങളും ഇനിപ്പറയുന്ന തീയതികളിൽ ആരംഭിക്കും:

ഒന്നാം ഘട്ടം – 18 മെയ്
രണ്ടാം ഘട്ടം – 8 ജൂൺ
മൂന്നാം ഘട്ടം – 29 ജൂൺ
നാലാം ഘട്ടം – 20 ജൂലൈ
അഞ്ചാം ഘട്ടം – ഓഗസ്റ്റ് 10

അയർലണ്ടിലെ മെഡിക്കൽബോർഡ്‌ പുറത്തുവിടുന്ന കണക്കനുസരിച്ച് 21,176 പേർക്ക് കോവിഡ് -19 സ്ഥിരീകരിക്കുകയും 1,286 പേർ മരിക്കുകയും ചെയ്തു. കൊറോണ വൈറസ് രോഗികളിൽ പരീക്ഷണാർദ്ധം മരുന്ന് ഉപയോഗിക്കുന്നതിന് മെഡിക്കൽ റെഗുലേറ്ററി ബോർഡ്‌ അംഗീകാരം നൽകി.

രാജ്യത്ത് ഐസിയുവിൽ ചികിത്സയിലിരിക്കുന്ന കോവിഡ് -19 രോഗികളുടെ എണ്ണം 100-ൽ താഴെയായി. മാർച്ചിനുശേഷം ഇതാദ്യമായിട്ടാണ് ICU-വിലെ രോഗികളുടെ എണ്ണം നൂറിൽ താഴെയാകുന്നത്.

ലോക്ക്ഡൗണിനെതിരെയുള്ള പ്രതിഷേധം ജനങ്ങൾക്കിടയിൽ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയമങ്ങളിൽ ചെറിയ ഇളവുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

കൊക്കോണിംഗ് ചെയ്യപ്പെട്ടവർക്കും പൊതുജനങ്ങൾക്കും ഇപ്പോൾ അവരുടെ വീടുകളുടെ 5 കിലോമീറ്റർ ചുറ്റളവിൽ ജോഗിങ്ങിനായി അനുവാദമുണ്ട്. സെപ്റ്റംബർ/ഒക്ടോബർ വരെ സ്കൂളുകളും കോളേജുകളും തുറക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മെയ് 18 ന് ശേഷം നിർമ്മാണം പോലുള്ള ഔട്ട്‌ഡോർ ജോലികളും ചെറിയ ഗ്രൂപ്പ് മീറ്റിംഗുകളും അനുവദിക്കും. ഗാർഡയ്ക്ക് നൽകിയ പ്രതേക അധികാരം മെയ് 18 വരെ നീണ്ടുനിൽക്കും.

പ്രതിസന്ധി ഘട്ടങ്ങളിലും അതിനുശേഷവും ബിസിനസുകളെ സഹായിക്കാനും അവയെ മുന്നോട്ട് കൊണ്ടുപോകാനും ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചു. വേതന സബ്‌സിഡി പദ്ധതി വിപുലീകരിക്കുന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും ഉടൻ ഇതിൽ തീരുമാനം ഉണ്ടാകുമെന്നും ധനകാര്യവകുപ്പു മന്ത്രി പാസ്ചൽ ഡൊനോഹോ പറഞ്ഞു.

കോവിഡ് -19 നിയമപ്രകാരം വാടക, കുടിയൊഴിപ്പിക്കൽ എന്നിവയിലുള്ള നിരോധനം വിപുലീകരിക്കുമെന്ന് ഭവന മന്ത്രി ഇഗാൻ മർഫി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: