ഏത് വർഷമാണ്, മനുഷ്യചരിത്രത്തിലെ ഏറ്റവും ദുരിതപൂർണമായ വർഷം ? (അനിൽ ജോസഫ് രാമപുരം)

അസാധാരണമായാ സാഹചര്യങ്ങൾ, അസാധാരണമായാ പെരുമാറ്റച്ചട്ടങ്ങൾ, ഈ കോവിഡ് വർഷം, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന,  ഈ ലോകത്തെ കൊണ്ടെത്തിച്ചിരിക്കുന്നത്,  ഇത് വരെ  നമ്മൾക്ക്  അനുഭവവേദ്യമല്ലാത്ത അസാധാരണമായാ സ്തംഭനാവസ്ഥയിലേക്കാണ്.

സോഷ്യല്‍ ഡിസ്റ്റന്‍സെന്നും  (Social distancing) സോഷ്യൽ ബബിൾസെന്നും  (Social bubbles), വിളിപ്പേരുള്ള സ്വയം നിർമ്മിത ചട്ടക്കൂടിലേക്ക്, ഒരു കയ്യിൽ സ്മാർട്ട്‌ഫോണും, മറുകയ്യിൽ ‘നെറ്റ്ഫ്ലികസ്’ റിമോട്ടുമായി  നാം ഓരോരുത്തരും സ്വയം ചുരുങ്ങിയിരിക്കുന്നു. കോവിഡ് 19  എന്നാ മഹാമാരി (Pandemic) ഇതുവരെ അപഹരിച്ച ജീവനുകൾ, അമേരിക്ക-വിയറ്റ്‌നാം യുദ്ധത്തിൽ മരണപ്പെട്ടവരുടെ സംഖ്യകളെക്കാൾ കൂടുതൽ !
ലോകമാസകലം പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (pandemic) എന്നു വിളിക്കുന്നത്. ഗ്രീക്ക് ഭാഷയിലെ പാൻ (എല്ലാം) + ഡിമോസ് (ജനത) എന്ന വാക്കുകളിൽ നിന്നാണ് ഈ നാമം ഉദ്ഭവിച്ചിരിക്കുന്നത്.

മഹാമാരികള്‍ക്കു മനുഷ്യന്റെ ചരിത്രത്തോളം പഴക്കമുണ്ട്.  13-മാം നൂറ്റാണ്ടിൽ ഭൂമിയിലെ 20 കോടിയിലധികം മനുഷ്യരെ ‘പ്ലേഗ്’ എന്ന മഹാമാരി കൊന്നൊടുക്കി. അത് ഏറ്റവും കൂടുതൽ  നാശം വിതച്ചത് യൂറോപ്പിലാണ്. പിന്നീട്  1346– 1353 കാലത്ത്‌ യൂറോപ്യന്‍ ജനസംഖ്യയുടെ 60 ശതമാനത്തോളം അപഹരിച്ച  ബ്ലാക്‌ഡെത്ത്‌ എന്നാ മഹാമാരിയ്ക്ക് കാരണമായത്‌ ‘യെര്‍സിനിയ പെസ്‌റ്റിസ്‌’ എന്നാ ബാക്ടീരിയായിരുന്നു. അതിന് ശേഷം  ഒന്നാംലോക മഹായുദ്ധകാലത്ത്‌  ലോകത്തെ മുഴുവൻ ഭീതിയിലാഴ്‌ത്തി കടന്നുപോയ  ‘സ്പാനിഷ് ഫ്ലൂ’ എന്നാ പകര്‍ച്ചപ്പനി അഞ്ചുകോടിയിലേറെ മനുഷ്യജീവനുകളെയാണ് അപഹരിച്ചത്.

മരണങ്ങളുടെ കണക്കുകൾ, വർഷങ്ങളുടെ ത്രാസ്സിൽ വച്ച് തൂക്കുമ്പോൾ, ഏത് വർഷമായിരിക്കും, മാനവചരിത്രം  ആധികാരികമായി എഴുത്തപ്പെട്ട് തുടങ്ങിയതിനു ശേഷം,  ഏറ്റവും ഭീതിജനകമായത് ? നമ്മൾ ഇപ്പോൾ ജീവിക്കുന്നാ ഈ 2020 തോ,  അതോ, അതിനുമുൻപുള്ള ഏതെങ്കിലും കാലഘട്ടമായിരിക്കുമോ,  മനുഷ്യചരിത്രത്തിൽ മനുഷ്യന് ഏറ്റവും ദുരിതപൂർണമായ വർഷം ?

അതിനുള്ള ഉത്തരം കണ്ടെത്തുകയാണ്, ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസറും, പ്രശസ്ത നരവംശ ശാസ്ത്രജ്ഞനുമായ ഡോക്ടർ മാക് ക്രോമിക്ക്.  അനവധി വർഷത്തെ പഠനങ്ങളിലൂടെയും, നിഗമനങ്ങളിലൂടെയും, അദ്ദേഹം  കണ്ടെത്തിയിരിക്കുന്നത് AD-536 എന്നാ വർഷമാണ്, മനുഷ്യവംശത്തിന്റെ ഏറ്റവും ശപിക്കപ്പെട്ട വർഷങ്ങളിൽ  ഒന്നാമതായി നിൽക്കുന്നത്.  അദ്ദേഹത്തിന്റ കണ്ടെത്തലുകൾ പിന്നീട് ഒട്ടനവധി ചർച്ചകൾക്കും, സംവാദത്തിനും കളമൊരുക്കുകയും, പിന്നീട് പല ശാസ്ത്രജ്ഞരും,  ഡോക്ടർ മാക് ക്രോമിക്കിന്റെ വാദത്തോട് അനുകൂലമായാ നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

AD-536 ന്റെ ആദ്യപാദത്തിൽ നിഗൂഢമായ ഒരു മൂടൽമഞ്ഞ് യൂറോപ്പിൽ ആകമാനം വ്യാപിച്ചു, ക്രമേണ അത് പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലേക്കും, തുടർന്ന് ഏഷ്യ വൻകര മുഴുവനും പടർന്ന് പന്തലിച്ചു. ഈ മൂടൽമഞ്ഞ് ഭൂമിയുടെ അന്തരീക്ഷത്തിൽ  പതിനെട്ട് മാസത്തോളം നിലനിന്നിരുന്നായി രേഖകൾ വെളിപ്പെടുത്തുന്നു. അക്കാലത്തെ ബൈസ്റ്റാന്റിയൻ പണ്ഡിതനും, ചരിത്രകാരനുമായ ‘പ്രോക്കൊപ്പസ്’ അദ്ദേഹത്തിന്റെ ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്  “ഒരു വർഷം മുഴുവൻ, സൂര്യനിൽ നിന്നുള്ള പ്രകാശം ചന്ദ്രനിൽ എന്നപോലെ തോന്നിച്ചു, വേനല്‍ക്കാലത്ത് പകൽസമയങ്ങളിലെ താപനില 2 ഡിഗ്രിയിൽ താഴെയായിരുന്നു”. മനുഷ്യചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തണുപ്പ് നിറഞ്ഞ വർഷമായിരുന്നു  AD-536. ആ വർഷത്തെ വേനൽക്കാലത്ത് ഏഷ്യൻ ഭൂഖണ്ഡത്തിന്റെ പല ഉഷ്ണമേഖലാ രാജ്യങ്ങളുടെ മുകളിലും മഞ്ഞുവീഴ്ച്ചയുണ്ടായി, ലോകത്തിലെ എല്ലായിടത്തെയും കൃഷികൾ നാശോമുഖമായി, അവികസിതമായ രാജ്യങ്ങളും, ഭരണചക്രങ്ങളും നിലനിന്നിരുന്ന ആ കാലത്ത്, കോടികണക്കിന്  ജനങ്ങൾ പട്ടിണി മൂലം മരണപ്പെട്ടു.  ഡബ്ലിനിലെ, നാഷണൽ മ്യൂസിയം ഓഫ് അയർലൻഡ് ആർക്കിയോളജിയിലെ “A failure of bread from the years 536–539” എന്നാ കാലാനുസൃതവവിവരണ പുസ്തകത്തിൽ, അന്നത്തെ ഭീകരവസ്ഥ കൃത്യമായി വിവരിക്കുന്നുണ്ട്. അതിനെത്തുടർന്ന് AD-541 ൽ ‘ബ്യൂബോണിക് പ്ളേഗ്’ റോമിൽ പൊട്ടിപുറപ്പെട്ടു, അത് യൂറോപ്പിലെ മൂന്നിലൊന്ന് ജനങ്ങളുടെ മരണത്തിന് ഹേതുവായി.

കഴിഞ്ഞാ കുറെ വർഷങ്ങളായി, ലോകത്തിലെ അനേകം ശാസ്ത്രജ്ഞർ, അന്നത്തെ ആ മൂടൽമഞ്ഞിന്റെ കാരണം കണ്ടെത്തുന്നതിനുവേണ്ടി നിരവധി പഠനങ്ങളും, നിരീക്ഷണങ്ങളും നടത്തിപ്പോരുന്നു, പക്ഷേ ഇപ്പോഴും  അതിന്റെ യഥാർഥ കാരണം ഒരു പ്രഹേളികയായി തുടരുന്നു.
എന്നിരുന്നാലും, ആ പഠനങ്ങളിൽ ഏറ്റവും, വിശ്വാസയോഗ്യവും, വ്യാപകമായ അഭിപ്രായവും നേടാനായത്, കനേഡിയൻ ശാസ്ത്രജ്ഞനും, ഗ്ലേഷ്യോളജിസ്റ്റും, യൂണിവേഴ്‌സിറ്റി ഓഫ് മായിൻ (UM) ലെ പ്രൊഫസറുമായ പോൾ മാവ്സ്കിയുടെ  
ഗവേഷണങ്ങളാണ്. അദ്ദേഹം, സ്വിസ് പര്‍വ്വതശിഖരങ്ങളിലെ മഞ്ഞുകട്ടകളിൽ,  അത്യാധുനിക ലേസർ സഹായത്തോടെ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്, അതിഭീകരമായ ഒരു അഗ്നിപർവത സ്ഫോടനം ഐസിലാന്റിലെ മഞ്ഞുകൊടുമുടികളിൽ  AD-536 ൽ കൃത്യമായ ഇടവേളകളിൽ സംഭവിച്ചു കൊണ്ടിരുന്നു, തൽഫലമായി ടണ്‍ കണക്കിന് മഞ്ഞുപാളികൾ അന്തരീക്ഷത്തിലേക്ക് തൂത്ത് എറിയപ്പെട്ടു, അവയെല്ലാം ക്രമേണ  ഭൂമിയുടെ അന്തരീക്ഷമായാ ട്രോപ്പോസ്ഫിയറിന് മുകളിൽ ഒരു കുടയെന്ന പോലെ വിന്യസിക്കപ്പെടുകയും ചെയ്തു.

AD 536 ലെ നിഗൂഢമായ ആ മൂടൽമഞ്ഞിന്റെ അനന്തരഫലങ്ങള്‍ പ്രവചനാതീതമായിരുന്നു. പ്രശസ്ത ചരിത്രഗവേഷകനും, എഴുത്തുകാരനും, ഇംഗ്ലീഷ് ദിനപത്രമായ ‘ദി ഇൻഡിപെൻഡന്റ്’ ന്റെ ലേഖകനുമായ ഡേവിഡ് കെയിസിന്റെ Catastrophe: An Investigation into the Origins of the Modern World, എന്നാ ബുക്കിൽ അന്നത്തെ ആ വിപത്ത്‌, എങ്ങനെയാണ്  മനുഷ്യവംശത്തിന്റെ സാമൂഹിക സാമ്പത്തിക സാംസ്കാരിക മേഖലകളിൽ പ്രതിഫലിച്ചതെന്ന് വിവരിക്കുന്നുണ്ട്.
ഇന്നത്തെ, ലണ്ടൻ, പാരീസ്, ന്യൂയോർക്ക് പോലുള്ള ആധുനികാ കാലത്തെ നഗരങ്ങളോട് കിടപിടിക്കുന്ന പ്രാചീന മെക്സിക്കൻ നഗരങ്ങളായ,   ടിയോട്ടക്കുവാൻ, മെസോമേഴ്സിയൻ തുടങ്ങിയ നഗരങ്ങൾ കല്ലിൽ മേൽ കല്ല് അവശേഷികാതെ നാമാവശേഷമായി. ദാരിദ്ര്യവും, പ്ളേഗും, അന്നേവരെ ലോകത്തെ നിയന്ത്രിച്ചിരുന്ന റോമൻ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടു. ആഡംബരസമൃദ്ധിയുടെ ഉന്നതിയിൽ, പശ്ചിമേഷ്യ ഭരിച്ചിരുന്ന സസാനിയൻ രാജ്യവംശത്തിന്റെ അധഃപതനവും, ആഡംബരസമൃദ്ധിയുടെ ഉന്നതിയിൽ, പശ്ചിമേഷ്യ ഭരിച്ചിരുന്ന സസാനിയൻ രാജ്യവംശത്തിന്റെ അധഃപതനത്തിനും ഈ മൂടൽമഞ്ഞു കാരണമായി. ലോകത്തിലെ പല രാജവംശങ്ങളുടെ വീഴ്ചകൾ ഇന്ത്യയിലും പ്രതിഫലിച്ചു. ഇന്ത്യൻ ഉപഭൂഖണ്ഡം മുഴുവൻ ഭരിച്ചിരുന്ന ഗുപ്‌തസാമ്രാജ്യത്തിന്റെ പതനമായിരുന്നു അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. പുരാതന ഇന്ത്യയുടെ സുവർണ്ണ കാലഘട്ടമെന്നായിരുന്നു ഗുപ്‌തസാമ്രാജ്യം അറിയപ്പെട്ടിരുന്നത്,  പണ്ഡിതന്മാരും, ജ്ഞാനികളുമായ, ആര്യാഭട്ട, കാളിദാസൻ, വരാഹമിഹരൻ, വാത്സ്യയൻ തുടങ്ങിയ പ്രഗത്ഭരായിരുന്നു ഗുപ്ത രാജസദസ്സിലെ പ്രധാനികൾ. അവരുടെയും, അവരുടെ പിൻതലമുറയുടെയും പര്യവേക്ഷണങ്ങളുടെ ക്ഷയത്തിന് AD-536 ലെ ദുരിതം കാരണമായി. അന്ന് വരെ ഏറ്റവും വിലപിടിപ്പുള്ള ലോഹം സ്വർണമായിരുന്നു, എന്നാൽ സാമ്പത്തിക മേഖലയിലെ അരക്ഷിതാവസ്ഥ വെള്ളിയ്ക്ക് ആ സ്ഥാനം പതിച്ചു കൊടുത്തു, വെള്ളി നാണയങ്ങൾ ലോകത്തിൽ വൻപ്രചാരം നേടുവാൻ തുടങ്ങി, ആ പ്രവണത 17-മാം നൂറ്റാണ്ട് വരെ തുടർന്ന് പോന്നിരുന്നു.

അങ്ങനെ, ലോകത്തിന്റെ ഗതിവിഗതികളെ അടിമുടി മാറ്റിമറിച്ച വർഷമായിരുന്നു AD-536ൽ, ലോകം  മുഴുവൻ വ്യാപിച്ച മൂടൽ മഞ്ഞ്‌. മനുഷ്യചരിത്രത്തിന്റെ കണക്കുപുസ്‌തകത്തിൽ ഏറ്റവും ദുരിതപൂർണമായ ഒരു കറുത്ത അധ്യായമായി ആ വർഷം അങ്ങനെ എഴുതിചേർക്കപ്പെട്ടു.

അനിൽ ജോസഫ് രാമപുരം.

Share this news

Leave a Reply

%d bloggers like this: