കോവിഡ്-19: ആരോഗ്യപ്രവർത്തകർക്കിടയിൽ വൈറസ്‌ വ്യാപനം വർധിക്കുന്നു, നഴ്‌സുമാർ ആശങ്കയിൽ

അയർലണ്ടിലെ നഴ്‌സുമാർക്കിടയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ വൈറസ്ബാധ വർധിക്കുന്നതായി റിപ്പോർട്ട്‌. ആരോഗ്യപ്രവർത്തകർക്കിടയിൽ കോവിഡ് -19 വ്യാപനം വർധിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി നഴ്‌സുമാർ സ്റ്റേറ്റ് ഹെൽത്ത്‌ പ്രൊട്ടക്ഷൻ സർവെയ്ലൻസ് സെന്റർ (HSPC)-മായി കൂടിക്കാഴ്ച നടത്തും.

ഐറിഷ് നഴ്‌സസ്‌ മിഡ്‌വൈവ്സ് ഓർഗനൈസേഷനുമായി (INMO) ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസ് ചൊവ്വാഴ്ച ചർച്ച നടത്തി. ഇതിനെ തുടർന്ന് HSPC-യുമായി ചർച്ച നടത്താമെന്ന് ആരോഗ്യവകുപ്പുമന്ത്രി INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha യെ അറിയിക്കുകയായിരുന്നു.

നഴ്‌സുമാർക്കിടയിൽ കൊറോണ വൈറസ് പടരുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) മറുപടി നൽകുന്നില്ലെന്ന കാര്യം INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha ആരോഗ്യവകുപ്പുമന്ത്രി സൈമൺ ഹാരിസിനെ അറിയിച്ചതിനെ തുടർന്നാണ് ഈ നടപടി.

അയർലണ്ടിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് കേസുകളിൽ 32% ആരോഗ്യപ്രവർത്തകർക്കാണ്. രോഗബാധിതരായ ആരോഗ്യപ്രവർത്തകരിൽ 35% നഴ്‌സുമാരാണെന്ന് INMO അറിയിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ ഉയർന്ന നിരക്കാണിത്.

അണുബാധ ഉണ്ടാകുന്ന സാഹചര്യം പരിശോധിക്കണമെന്നും, ഇത് തടയാനുള്ള സാധ്യതകൾ കണ്ടെത്തണമെന്നും സെക്രട്ടറി പറഞ്ഞു. വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ (PPE) ഉപയോഗിക്കുന്നതിനുള്ള കർശനമായ നിർദ്ദേശങ്ങൾ നഴ്‌സുമാർക്ക് നൽകണം.

നഴ്‌സുമാരുടെ ശിശു പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് INMO-യും ഡിപ്പാർട്മെന്റ് ഓഫ് ചിൽഡ്രൻ ആൻഡ് യൂത്ത് വകുപ്പും തമ്മിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും INMO ജനറൽ സെക്രട്ടറി Phil Ní Sheaghdha പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: