16 ദിവസം വെൻറിലേറ്ററിൽ : കോവിഡ് -19 അതിജീവനത്തിൻ്റെ നേർസാക്ഷിയായി ഡബ്ലിൻ സ്വദേശി

കോവിഡ് വ്യാപനത്തിന്റെ തോത് രാജ്യത്ത് വർധിച്ചു വരുകയാണ്. ഇതിന്റെ ഉത്തരവാദി ആരാണ്?? ജനങ്ങളുടെ ജാഗ്രത കുറവു തന്നെയാണ് ഇതിന് കാരണം. വളരെ ലാഘവത്തോടെ കാണേണ്ട ഒന്നല്ല കോവിഡ് -19. രോഗവ്യാപനവും അതു മൂലമുണ്ടാകുന്ന ജീവഹാനിയുമൊക്കെ വൈറസ്‌ എത്രത്തോളം മാരകമാണെന്ന് നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ്.

ഈ ഓർമപ്പെടുത്തലിന്റെ നേർസാക്ഷ്യമായി മാറുകയാണ് ഡബ്ലിൻ സ്വദേശിയായ മുപ്പത്തിനാലുകാരൻ. വൈറസ്‌ ബാധയെ ജാഗ്രതയോടെ നോക്കികാണാൻ അപേക്ഷിക്കുകയാണ് Ciaran O’Neill. കോവിഡ് -19 ബാധയെ തുടർന്ന് 16 ദിവസത്തെ വെന്റിലേറ്റർ ജീവിതം കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുകയാണ് ഈ ഡബ്ലിൻകാരൻ. രോഗം ബാധിച്ചപ്പോൾ തുടങ്ങിയ ശാരീരിക ക്ലേശങ്ങൾ ഇപ്പോഴും സിയാരനിൽ നിന്നും മാറിയിട്ടില്ല.

ഹോസ്പിറ്റാലിറ്റി മേഖലയിൽ തൊഴിൽ ചെയ്തിരുന്ന സിയാരൻ പൂർണ ആരോഗ്യവനായിരുന്നു. പുകവലിക്കാറുമില്ല. മാർച്ച് 23-ന് തൊണ്ട വേദനയും നേരിയ ചുമയും ചെറിയ പനിയും അനുഭവപ്പെട്ടു. പിന്നെല്ലാം പെട്ടെന്ന് ആയിരുന്നു. പനി കൂടുതലായി. അവശനിലയിലായ അദ്ദേഹത്തെ ഭാര്യ സിബെല്ല ഗാരിബോവ് ടാലാഗ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് അദ്ദേഹത്തെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി.

മൂന്ന് ദിവസത്തിനു ശേഷം ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് സിയാരിനെ വെന്റിലേറ്ററിലേക്ക് മാറ്റി. 16 ദിവസം അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ. ആ ദിവസങ്ങളെക്കുറിച്ച് ഭയത്തോടെ ഓർക്കാൻ മാത്രമേ സിബെല്ലക്ക് കഴിയു.
ഏപ്രിൽ 23 ന് ഡിസ്ചാർജ് ചെയ്യപ്പെട്ടുവെങ്കിലും സിയാരിൻ ഇന്നും പൂർണ്ണ ആരോഗ്യവാനായിട്ടില്ല.

നാഡിക്ക് ഉണ്ടായ ഗുരുതരമായ തകരാറ് ഇടത് കാലിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കടുത്ത തലവേദന, ക്ഷീണം, മുടി കൊഴിച്ചിൽ തുടങ്ങി നിരവധി ആരോഗ്യപ്രശ്നങ്ങളാണ് ഇപ്പോഴും അദ്ദേഹത്തെ അലട്ടുന്നത്.

കോവിഡ് -19 പനി പോലെയുള്ള ഒരു അസുഖമായി കാണരുത്. അങ്ങനെ കണ്ടാൽ അതിന്റ പ്രത്യാഘാതങ്ങൾ വളരെ വലുതായിരിക്കുമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ജാഗ്രത പാലിക്കുക രോഗം വരാതെ സൂക്ഷിക്കുക. വീടുകളിൽ തുടർന്നുകൊണ്ട് വൈറസിനെതിരെ പോരാടണമെന്നും സിയാരിൻ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: