സ്കൂളുകൾ തുറന്നു : ഡബ്ലിനിലെ സ്കൂളിൽ വിദ്യാർത്ഥിക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

കോവിഡ് -19 നെ തുടർന്ന് അയർലണ്ടിലെ സ്കൂളുകൾ മാർച്ച്‌ പകുതിയോടെ അടച്ചിട്ടിരുന്നു. എന്നാൽ ഈ മാസം ആദ്യം തന്നെ സ്കൂളുകളുടെ പ്രവർത്തനം പുനരാരംഭിച്ചിരുന്നു. കൊറോണ വൈറസിന്റെ സാന്നിധ്യം രാജ്യത്ത് ശക്തമായി തന്നെ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ ആശങ്കകളാണ് പല ഭാഗത്തു നിന്നും ഉയർന്നു വന്നത്.

സ്കൂളുകൾ തുറന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ ഈ ആശങ്കകൾ വർധിക്കുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. വെസ്റ്റ് ഡബ്ലിനിലെ ഒരു പ്രൈമറി സ്കൂൾ വിദ്യാർഥിക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ തന്നെയാണ് ഇക്കാര്യം സ്കൂൾ അധികൃതരെ അറിയിച്ചത്. ചൊവ്വാഴ്ച സ്കൂളിൽ നിന്നും   വീട്ടിലേക്ക് പോയതിനു ശേഷമാണു കുട്ടിയിൽ രോഗം സ്ഥിരീകരിച്ചത്. ഈ കുട്ടി പഠിച്ചിരുന്ന മിക്സഡ് പ്രൈമറി സ്കൂളിൽ 200 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെന്നാണ് സൂചന.

സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട HSE-യുടെ പുതിയ മാർഗ നിർദ്ദേശങ്ങൾ പ്രകാരം കോവിഡ് ബാധ ഉണ്ടെന്നുള്ള സംശയത്തെ തുടർന്ന് ഒരു കുട്ടിയെ  കോവിഡ് പരിശോധനക്ക് വിധേയമാക്കിയാൽ, പരിശോധന ഫലം വരുന്നതുവരെ കുട്ടിയും കുടുംബാംഗങ്ങളും സ്വയം നിയന്ത്രണത്തിൽ പോകണം.

കുട്ടിക്ക് കോവിഡ് -19 സ്ഥിരീകരിച്ച സാഹചര്യത്തിൽ, കുട്ടിയുടെ എല്ലാ കുടുംബാംഗങ്ങളും സ്രവപരിശോധന നടത്തണം. കൂടാതെ കൂട്ടുകാർ, ബന്ധുക്കൾ, അയൽവാസികൾ തുടങ്ങി വീടിനു പുറത്തുള്ളവരുമായുള്ള സമ്പർക്കം കുട്ടിയുടെ വീട്ടുകാർ കഴിയുന്നത്ര ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ വീടിനു പുറത്ത് പോകാൻ പാടില്ല, വീട്ടിലിരുന്ന് തൊഴിൽ ചെയ്യണം, പൊതുഗതാഗതം, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയവയൊക്കെ പൂർണ്ണമായും ഒഴിവാക്കണമെന്നും സർക്കാർ നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ട്.

നിലവിലെ HSE മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ക്ലാസിലെ മറ്റ് വിദ്യാർത്ഥികളെ പരിശോധനയ്ക്കായി റഫർ ചെയ്യില്ല. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ മാത്രമേ പരിശോധനയുടെ ആവശ്യമുള്ളെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: