തമോഗര്‍ത്ത ഗവേഷണത്തിന് മൂന്നുപേര്‍ക്ക് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരം

ബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മനിയില്‍ നിന്നുള്ള റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, യു.എസ്.ഗവേഷകയായ ആന്‍ഡ്രിയ ഘേസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്.

ഓക്സ്ഫഡ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞനാണ് റോജര്‍ പെന്റോസ്. തമോഗര്‍ത്തം രൂപപ്പെടുന്നതില്‍ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വ്യക്തമാക്കുന്ന കണ്ടുപിടുത്തമാണ് റോജര്‍ പെന്റോസിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. നക്ഷത്രങ്ങളുടെ അന്ത്യം സംബന്ധിച്ച പഠനങ്ങളെ അടിമുടി നവീകരിക്കാന്‍ 1965 ല്‍ പെന്റോസ് നടത്തിയ കണ്ടെത്തല്‍ കാരണമായി

മാതൃഗാലക്സിയായ ആകാശഗംഗ അഥവാ ക്ഷീരപഥത്തിന്റെ മധ്യത്തില്‍ ‘സജിറ്റാരിയസ് *‘ (Sagittarius*) എന്ന അതിഭീമന്‍ തമോഗര്‍ത്തമുണ്ടെന്ന കണ്ടെത്തലിനാണ് ഘേസിനും ജെന്‍സെലിനും പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാരത്തുകയുടെ പകുതി ഇരുവര്‍ക്കും ലഭിക്കും.

യു.എസില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയാണ് ഘേസ്. അതേസമയം, ജര്‍മനിയില്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ എക്സ്ട്രാടെറസ്ട്രിയല്‍ ഫിസിക്സിലെയും യു.എസില്‍ ബര്‍ക്ക്ലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെയും ഗവേഷകനാണ് ജെന്‍സെല്‍.

സ്വര്‍ണ മെഡലും 10 ദശലക്ഷം സ്വീഡിഷ് ക്രോണറും (8.2 കോടി രൂപ) ആണ് പുരസ്‌കാരം. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് സെക്രട്ടറി ജനറല്‍ ഗോറന്‍ കെ. ഹാന്‍സണ്‍ ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്

Share this news

Leave a Reply

%d bloggers like this: