കേരള പോലീസ് ആക്ട് ഭേദഗതി ചെയ്യും; സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ അഞ്ച് വർഷം വരെ തടവ്

സമീപകാലത്തായി കേരളത്തിൽ വർധിച്ചുവരുന്ന സൈബർ അധിക്ഷേപങ്ങളും കുറ്റകൃത്യങ്ങളും തടയാൻ പൊലീസ്‌ ആക്ട് ഭേദഗതി ചെയ്തു. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നിലവിലുള്ള പൊലീസ് ആക്ടിൽ 118-എ വകുപ്പ് ചേർക്കും. സാമൂഹ്യമാധ്യമങ്ങളിൽ കുറ്റകൃത്യം നടത്തുന്നവർക്ക്‌ അഞ്ചുവർഷംവരെ തടവോ 10,000 രൂപ വരെ പിഴയോ, രണ്ടും ഒരുമിച്ചോ ലഭിക്കും.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് നിലവിലുള്ള നിയമ വ്യവസ്ഥകൾ അപര്യാപ്തമാണ്‌. അതിനാലാണ്‌‌ പൊലീസ് ആക്ട്‌ ഭേദഗതി ചെയ്യുന്നത്‌. ഇത്‌ ഓർഡിനൻസായി പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.

ഐടി ആക്ട് 2000-ത്തിലെ  66-എ, കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പുകൾ അഭിപ്രായ സ്വാതന്ത്ര്യവുമായി‌ ബന്ധപ്പെട്ട് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിനാൽ  സാമൂഹ്യ മാധ്യമങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടാൻ പൊലീസിന് കഴിയാത്ത സ്ഥിതിയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ, അപവാദ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതി ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നിർദേശവും നൽകിയിരുന്നു. അടുത്തകാലത്ത് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം നിരവധി പേർക്ക് സ്ത്രീവിരുദ്ധ-വ്യക്തിഹത്യ ആക്രമണങ്ങൾ നേരിടേണ്ടിവന്നു. ഇതെല്ലാം കണക്കിലെടുത്താണ് പോലീസ് നിയമത്തിൽ ഭേദഗതി വരുത്താൻ കേരള സർക്കാർ തീരുമാനിച്ചത്.

Share this news

Leave a Reply

%d bloggers like this: