അയർലണ്ടിലെ ഊർജ ഉപഭോക്താക്കൾക്ക് മൊറട്ടോറിയവുമായി ബോർഡ് ഗ്യാസും

അയർലൻഡ് ലെവൽ 5 നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ ഉപഭോക്‌തൃ സൗഹൃദ പദ്ധതിയുമായി ഇലക്ട്രിക് അയർലൻഡിന് പിന്നാലെ ബോർഡ് ഗ്യാസ് എനർജിയും. നിയന്ത്രണങ്ങളുടെ ഈ കാലത്ത്‌ ഊർജ്ജ ബില്ലുകൾ അടയ്ക്കാൻ പാടുപെടുന്ന ഉപഭോക്താക്കളെ സഹായിക്കാനായി ഇന്നലെ കമ്പനി മൊറട്ടോറിയം പ്രഖ്യാപിച്ചു.

ഇന്നലെ വൈകുന്നേരമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് കമ്പനി നൽകിയത്. നിയന്ത്രണങ്ങൾ ആരംഭിച്ചതു മുതൽ ഡിസംബർ 1 വരെ ഈ മൊറട്ടോറിയം നിലനിൽക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ കമ്പനിയുമായി ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ ഉപഭോക്താക്കളുടെയും സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള പേയ്‌മെന്റ് പ്ലാനുകൾ കണ്ടെത്തുമെന്നും കമ്പനി പറഞ്ഞു.

ഉപഭോക്താക്കളെ സഹായിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അവർ അറിയിച്ചു. ഈ സമയത്ത് ഉപഭോക്താക്കളുടെ ഉത്കണ്ഠ ലഘൂകരിക്കുന്നതിനും അവരുടെ അക്കൗണ്ടുകളിൽ കുടിശ്ശിക ഒഴിവാക്കുന്നതിനും സുസ്ഥിരമായ പേയ്മെന്റ് പദ്ധതികൾ രൂപീകരിച്ച് സഹായിക്കാനാകുമെന്നും  ബോർഡ് ഗ്യാസ് എനർജി പറഞ്ഞു.

ശൈത്യകാലം മുന്നിൽ കണ്ട് കഴിഞ്ഞ മാസം തന്നെ റെസിഡൻഷ്യൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ തുടങ്ങിയവ ഊർജ്ജ ദാതാക്കൾ മരവിപ്പിച്ചിരുന്നു. 2021 മാർച്ച് വരെ ഇത് നിലനിൽക്കുമെന്നാണ് സൂചന.

റെസിഡൻഷ്യൽ, വാണിജ്യ വിൽപ്പന നിർത്തിവച്ചിരിക്കുകയാണെന്നും ഉപഭോക്താക്കളുടെ ബില്ലുകൾ കഴിയുന്നത്ര കൃത്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഓൺലൈനിലോ കോൾ സെന്റർ വഴിയോ മീറ്റർ റീഡിംഗുകൾ സമർപ്പിക്കാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി. ശൈത്യകാലത്തേക്ക് ഉപഭോക്താക്കളെ തണുപ്പിലേക്ക് തള്ളിവിടാതെ സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഉപഭോക്താക്കളെ സഹായിക്കാനായി ഇലക്ട്രിക് അയർലൻഡ് മൊറട്ടോറിയം പ്രഖ്യാപിച്ചതിനെ തുടർന്നാണ് ബോർഡ് ഗ്യാസ് എനർജിയുടെ ഈ നടപടി. ഏപ്രിൽ ഒന്നുമുതൽ ഗ്യാസ് വിലയിലുണ്ടായ 11.5% ഇളവ് ശൈത്യകാലത്തും പ്രാബല്യത്തിൽ തുടരുമെന്നും കമ്പനി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: