അയര്‍ലണ്ടില്‍ 2 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് ഫ്‌ളൂ വാക്‌സിന്‍ സൗജന്യമാക്കി

അയര്‍ലണ്ടിന്റെ ചരിത്രത്തിലാദ്യമായി 2 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ക്ക് നേസല്‍ ഫ്‌ളൂ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യാന്‍ തീരുമാനം. ഇതുവരെ 2 മുതല്‍ 12 വരെ പ്രായമുള്ളവര്‍ക്കാണ് സൗജന്യ വാക്‌സിന്‍ വിതരണം നടത്തിവന്നിരുന്നത്.

തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി HSE National Immunisation ഓഫീസിന്റെ പബ്ലിക് ഹെല്‍ത്ത് മെഡിസിന്‍ വിദഗ്ദ്ധനായ ഡോക്ടര്‍ Chantal Migone പറഞ്ഞു. യുഎസില്‍ 2003 മുതലും യുകെയില്‍ 2013 മുതലും ഈ സംവിധാനം നിലവിലുണ്ടെന്നും ലക്ഷക്കണക്കിന് കുട്ടികളെ ഇതിലൂടെ വാക്‌സിനേറ്റ് ചെയ്യാന്‍ അവര്‍ക്കായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുവരെ രാജ്യത്തെ 2 മുതല്‍ 12 വരെ പ്രായമുള്ള രണ്ട് ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി പറഞ്ഞ ഡോക്ടര്‍ Migone, ഫെബ്രുവരി പകുതി വരെ വാക്‌സിന്‍ ലഭ്യമാണെന്നും, രക്ഷിതാക്കള്‍ കുട്ടികളെ (2 മുതല്‍ 17 വരെ പ്രായം) വാക്‌സിനേറ്റ് ചെയ്യുന്നതിനായി അധികൃതരുടെയടുത്ത് എത്തിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

15 വയസിന് താഴെയുള്ള ശരാശരി 10% കുട്ടികളാണ് ഇന്‍ഫ്‌ളുവന്‍സ വൈറസ് പരത്തുന്ന പനിയുമായി ഓരോ രോഗകാലത്തും ഡോക്ടറുടെയടുത്തെത്തുന്നതെന്ന് Migone പറയുന്നു. കുട്ടികളിലാണ് രോഗബാധ അധികമെന്നും, വാക്‌സിന്‍ എടുക്കുന്നത് ക്ലാസിലെ മറ്റുള്ളവരിലേയ്ക്കും കുടുംബാംഗങ്ങളിലേയ്ക്കും പനി പകരുന്നത് തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പനി വര്‍ദ്ധിക്കുന്നത് ന്യൂമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള അവസ്ഥകളിലേയ്‌ക്കെത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യമായതിനാലും ഫ്‌ളൂ വാക്‌സിന്‍ അത്യന്താപേക്ഷിതമാണ്.

മൂക്കിന്റെ ഇരുദ്വാരങ്ങളിലൂടെയും ഓരോ ഡോസ് സ്‌പ്രേ നല്‍കുന്നതാണ് ഫ്‌ളൂ വാക്‌സിനേഷന്റെ രീതി. ഉടനടി ശരീരത്തിലെത്തി വാക്‌സിന്‍ പ്രതിരോധപ്രവര്‍ത്തനമാരംഭിക്കുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: