അയര്‍ലണ്ടിലേയ്ക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ‘Green button’ കാംപെയ്നുമായി സർക്കാർ

കോവിഡാനന്തര അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി ‘Green button’ കാംപെയ്നുമായി സർക്കാർ. ഐറിഷ് ടൂറിസ്റ്റ് സ്‌പോട്ടുകള്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവരെ ഉടന്‍ ബുക്ക് ചെയ്യാന്‍ പ്രേപിപ്പിക്കുന്ന തരത്തിലാകും കാംപെയ്ന്‍ എന്ന് Tourism Ireland CEO ആയ Nilall Gibbons 2021-ലെ മാര്‍ക്കറ്റിങ് പ്ലാനുകള്‍ വിശദീകരിച്ചുകൊണ്ട് Ready for Recovery പരിപാടിയില്‍ വ്യക്തമാക്കി. വാക്‌സിന്‍ വിതരണം വിജയമായാല്‍ സെന്റ് പാട്രിക്‌സ് ഡേയോടെ കാംപെയ്ന്‍ ഉദ്ഘാനം നടക്കാനാണ് സാധ്യത.

കോവിഡ് ആഘാതം സൃഷ്ടിച്ച മേഖലയെ പുനര്‍നിര്‍മ്മിക്കാനായി മൂന്നിന പദ്ധതിയാണ് ടൂറിസം വകുപ്പ് ആവിഷ്‌കരിക്കുന്നത്. ഇതില്‍ ‘Let’s get back to Ireland’ എന്ന പേരിലുള്ള 3 മില്യണ്‍ യൂറോയുടെ വീഡിയോ കാംപെയ്‌നും ഉള്‍പ്പെടുന്നു. ലോകപ്രശസ്തമായ 500 വെബ്‌സൈറ്റുകളെയും കാംപെയ്‌നിന്റെ ഭാഗമാക്കും. ആഡംബരമാഗ്രഹിക്കുന്ന സന്ദര്‍ശകരെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജനുവരിയോടെ വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്ന് കരുതപ്പെടുന്ന സാഹചര്യത്തില്‍ 2021ന്റെ രണ്ടാം പാദത്തോടെ, ‘ശരിയായ സമയത്ത്’ കാംപെയ്ന്‍ ആരംഭിക്കുമെന്നാണ് Nilall Gibbons പറയുന്നത്. 2021-ലെ വേനലവധിക്കാലം അയര്‍ലണ്ട് സന്ദര്‍ശിക്കാന്‍ ടൂറിസ്റ്റുകളെ പ്രേരിപ്പിക്കുന്നതായാണ് റിസര്‍ച്ചിലൂടെ വ്യക്തമായതെന്നും Gibbons കൂട്ടിച്ചേര്‍ത്തു.

2015 മുതല്‍ 2019 വരെയുള്ള കാലയളവ് ഐറിഷ് ടൂറിസത്തെ സംബന്ധിച്ചിടത്തോളം ‘സുവര്‍ണ്ണകാല’മായിരുന്നുവെന്ന് Nilall Gibbons പറഞ്ഞു. അത്രത്തോളമെത്തില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും മേഖല കരകയറുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2021-നെ ‘അതിജീവനത്തിന്റെ വര്‍ഷം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

അതേസമയം ഡിസംബര്‍ 26ന് ശേഷം പഴയ പോലെ യാത്രകള്‍ക്ക് ഓഫറുകള്‍ നല്‍കാനാണ് വിമാനക്കമ്പനികളുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും തീരുമാനം. യാത്ര ചെയ്യുന്നവര്‍ കോവിഡ് ജാഗ്രതയെത്തുടര്‍ന്നുള്ള നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടിവരും.

Share this news

Leave a Reply

%d bloggers like this: