യു.കെയെ വിറപ്പിക്കുന്ന പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍; അപകടവും കരുതലും എത്തരത്തില്‍?

യുകെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് സ്‌ട്രെയിന്‍ അയര്‍ലണ്ടിന്റെയും ഉറക്കം കെടുത്തുകയാണ്. മുന്‍ വൈറസിനെക്കാള്‍ 70% വ്യാപനസാധ്യത കൂടുതലുള്ള വൈറസ് ഇവിടെയുമെത്തിയിരിക്കാമെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പുലര്‍ത്താനാണ് സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദ്ദേശം. ജനിതകമാറ്റം വന്ന പുതിയ സ്‌ട്രെയിനിന്റെ അപകടസാധ്യതയെയും, പ്രതിരോധമാര്‍ഗ്ഗങ്ങളെയും പറ്റി ഒരു ചോദ്യോത്തര ലേഖനം.

1) പുതിയ സ്‌ട്രെയിന്‍ കൂടുതല്‍ അപകടകാരിയോ?

മുമ്പുള്ള കൊറോണ വൈറസിനെക്കാള്‍ 70% വ്യാപന തോത് പുതിയ സ്‌ട്രെയിനിന് അധികമാണെന്നാണ് ബ്രിട്ടിഷ് പ്രധാമന്ത്രി Borris Johnson പറഞ്ഞത്. എന്നാല്‍ ഇത് തെളിയിക്കുന്ന ഔദ്യോഗിക പഠന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. കരുതലിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍ യുകെയും മറ്റ് രാജ്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിസ്മസ് കാലമായതിനാല്‍ ആളുകള്‍ കൂടുതലായി പുറത്ത് പോകുന്നത് വൈറസ് ബാധ കൂട്ടിയേക്കാം എന്നതും നിയന്ത്രണങ്ങള്‍ക്ക് കാരണം.

2) വൈറസ് Mutation (ജനിതകവ്യതിയാനം) എന്നാലെന്ത്?

വൈറസിന്റെ RNA-യിലുള്ള ന്യൂക്ലിയോടൈഡുകള്‍ക്ക് സംഭവിക്കുന്ന മാറ്റമാണ് Mutation അഥവാ ജനിതക വ്യതിയാനം. ചില ജനിതകവ്യതിയാനങ്ങള്‍ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കിയേക്കാം.

3) കൊറോണ വൈറസിന് മാത്രമാണോ മ്യൂട്ടേഷന്‍ സംഭവിക്കുക?

അല്ല. ലോകത്തുള്ള ഏത് വൈറസിനും മ്യൂട്ടേഷന്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല കൊറോണ വൈറസിന് ഇതിന് മുമ്പും മ്യൂട്ടേഷന്‍ സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ടില്‍ മാത്രം 4,000ഓളം മ്യൂട്ടേഷനുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഇവയൊന്നും പക്ഷേ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കി മാറ്റിയിട്ടില്ല.

4) പുതിയ സ്‌ട്രെയിന്‍ എന്ത്?

B.1.1.7 എന്നാണ് പുതിയ സ്‌ട്രെയിനിന് നല്‍കിയിരിക്കുന്ന പേര്. ഡിസംബര്‍ 13 വരെയുള്ള കണക്കനുസരിച്ച് 1108 പേരില്‍ ഈ സ്‌ട്രെയിന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ലണ്ടനിലാണ് കൂടുതല്‍ വൈറസ് ബാധ.

5) പഴയ വൈറസില്‍ നിന്നും പുതിയ സ്‌ട്രെയിനിനുള്ള മാറ്റമെന്ത്?

പഴയ വൈറസിനെ അപേക്ഷിച്ച് പുതിയ സ്‌ട്രെയിനിലെ കോശത്തിനുള്ളിലേയ്ക്ക് കടക്കാന്‍ സഹായിക്കുന്ന കുന്തമുനയുടെ രൂപത്തിലുള്ള Spike Protein-ന് കൂടുതല്‍ കരുത്ത് വന്നതായി കാണുന്നു. ഇത് രോഗവ്യാപനം കൂട്ടിയേക്കാമെന്നാണ് ആശങ്ക. എന്നാല്‍ പടര്‍ന്നുപിടിക്കല്‍ വര്‍ദ്ധിച്ചാലും ഈ വേരിയന്റിന് നിലവിലെ രോഗത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് അനുമാനം. വൈറസിന് ശക്തി കൂടിയതല്ലെന്നും, ലണ്ടന്‍ തിരക്കേറിയ നഗരമായതിനാലാണ് ഇപ്പോഴത്തെ വ്യാപന നിരക്ക് വര്‍ദ്ധിച്ചതെന്നും വാദമുണ്ട്.

6) പുതിയ സ്‌ട്രെയിനിന് വാക്‌സിന്‍ ഫലപ്രദമോ?

നിലവില്‍ വൈറസില്‍ ഉണ്ടായ വ്യതിയാനം വാക്‌സിന്റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നാണ് വിദഗ്ദ്ധാഭിപ്രായം. ജനിതകഘടനയില്‍ വലിയ മാറ്റമുണ്ടായാല്‍ മാത്രമേ വാക്‌സിന്‍ പ്രവര്‍ത്തിക്കാതെ വരൂ. മാത്രമല്ല ജനികഘടനയില്‍ വലിയ മാറ്റം വരുത്താന്‍ കൊറോണ വൈറസിന് കഴിവില്ല താനും. ഭാവിയില്‍ വലിയ വ്യതിയാനമുണ്ടായാലും അതിനനുസരിച്ച് വാക്‌സിനില്‍ മാറ്റം വരുത്തി പുറത്തിറക്കാന്‍ ഏറെ സമയമെടുക്കില്ല.

7) നിലവിലെ ടെസ്റ്റുകളുപയോഗിച്ച് ശരീരത്തില്‍ പുതിയ സ്‌ട്രെയിന്‍ ബാധിച്ചത് കണ്ടെത്താന്‍ കഴിയുമോ?

കഴിയും.

8) പുതിയ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെ?

നിലവിലെ പ്രതിരോധ മാര്‍ഗ്ഗങ്ങളായ മാസ്‌ക്, സാമൂഹിക അകലം, സാനിറ്റൈസര്‍ അല്ലെങ്കില്‍ സോപ്പുപയോഗിച്ചുള്ള കൈ കഴുകല്‍ എന്നിവ തന്നെയാണ് പുതിയ വൈറസ് സ്‌ട്രെയിനിന് എതിരെയുമുള്ള പ്രതിരോധമാര്‍ഗ്ഗം. ഇവ കര്‍ശനമായി തുടരുക തന്നെ വേണം.
കടപ്പാട് : ഇൻഫോ ക്ലിനിക്ക്

എഴുതിയത് : ഡോ: പുരുഷോത്തമൻ കെ കെ, ഡോ: അരുൺ മംഗലത്ത് , ഡോ: ദീപു സദാശിവൻ, ഡോ: ഷമീർ വി കെ

Share this news

Leave a Reply

%d bloggers like this: