അയർലണ്ടിൽ സപ്ലൈ കുറഞ്ഞതോടെ ഭവനവില കുതിച്ചുയരുന്നു

സപ്ലൈ കുറഞ്ഞതോടെ മൂന്ന് മാസത്തിനിടെ അയര്‍ലണ്ടില്‍ 3-ബെഡ്‌റൂം വീടുകള്‍ക്ക് ശരാശരി 1.5 ശതമാനം വിലവര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. കോവിഡ് ബാധ കാരണം വില താഴുമെന്ന് പ്രതീക്ഷിച്ച വിപണിയില്‍ നിലവില്‍ ശരാശരി 2,39,194 യൂറോയാണ് ഒരു 3-ബെഡ് റൂം വീടിനായി നല്‍കേണ്ടത്. മൂന്ന് മാസം മുമ്പുള്ളതിനെക്കാള്‍ 3000 യൂറോയിലധികം വര്‍ദ്ധന. വാര്‍ഷികവര്‍ദ്ധന 1.9 ശതമാനമാണെന്നും Irish Independent പ്രസിദ്ധീകരിച്ച REA Average House Price Index വ്യക്തമാക്കുന്നു.

Waterford സിറ്റിയിലാണ് ഏറ്റവും വിലവര്‍ദ്ധിച്ചത് – 7%. മറ്റ് നഗരങ്ങളിലെ വിലവര്‍ദ്ധന ഇപ്രകാരം: Sligo 5.5%, Wicklow 3.5%, Roscommon 3.4%. അതേസമയം Kerry, Laois, Limerick, Donegal, Clare, Cavan എന്നീ കൗണ്ടികളില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില ഒരേ നിരക്കില്‍ തുടരുകയും ചെയ്തു.

കോവിഡ് ബാധ ഡിമാന്‍ഡ് കുറയ്ക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് REA വക്താവ് Barry McDonald പറയുന്നു. പ്രോപ്പര്‍ട്ടി വെബ്‌സൈറ്റില്‍ വീടിന്റെ പരസ്യം പോസ്റ്റ് ചെയ്ത് ആദ്യത്തെ 48 മണിക്കൂറിനുള്ളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ശരാശരി നാലാഴ്ചയ്ക്കകം വീടുകള്‍ വിറ്റുപോകുന്നുണ്ട്.

3-ബെഡ്‌റൂം വീടിന് ഡബ്ലിനില്‍ 0.6% വര്‍ദ്ധനയാണ് മൂന്ന് മാസത്തിനിടെ ഉണ്ടായിരിക്കുന്നത്. ശരാശരി വില 4,31,833 യൂറോ. വാര്‍ഷികവര്‍ദ്ധന 1.41%. നോര്‍ത്ത് ഡബ്ലിനിലെ ശരാശരി വില 3,11,670 യൂറോയും സൗത്ത് ഡബ്ലിനില്‍ 4,18,791 യൂറോയുമാണ്.

കോര്‍ക്ക്, ലിമറിക്ക്, ഗോള്‍വേ, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ 2.4% വില വര്‍ദ്ധിച്ച് ശരാശരി ഭവന വില 262,500 യൂറോയിലെത്തിയിരിക്കുകയാണ്. Meath-ല്‍ 1.6% വില വര്‍ദ്ധിച്ചു.

Leitrim-ലാണ് ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ വീട് വില്‍പ്പന നടക്കുന്നത്- 3 ആഴ്ച.

Share this news

Leave a Reply

%d bloggers like this: