പട്ടാപ്പകല്‍ ഡബ്ലിനില്‍ ഇന്ത്യക്കാരിക്ക് നേരെ വധശ്രമം; മഴുവുമായി ആക്രമിക്കാനെത്തിയത് കൗമാരക്കാര്‍

ഡബ്ലിനില്‍ ഇന്ത്യക്കാരിക്ക് നേരെ മഴുവും കട്ടറുമായി കൗമാരക്കാരുടെ ആക്രമണ ശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ഡബ്ലിന്‍ 3-ലെ Marino College- Farview Park-ന് സമീപത്തായിരുന്നു സംഭവം. റോഡിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ, 15-16 പ്രായക്കാരായ രണ്ട് ആണ്‍കുട്ടികള്‍ കൈയില്‍ മഴുവും കട്ടറുമായി വേറെ രണ്ട് സ്ത്രീകളെ പിന്തുടരുന്നതും, പണം തട്ടിയെടുക്കാനായി ആയുധങ്ങളുപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതും ശ്രദ്ധയില്‍പ്പെട്ടു. ദൃക്‌സാക്ഷിയായ സ്ത്രീ സ്ഥലത്ത് നിന്നും വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേ അത് ശ്രദ്ധയില്‍പ്പെട്ട അക്രമികള്‍ സ്ത്രീയെ പിന്തുടരുകയായിരുന്നു. എന്നാല്‍ പാര്‍ക്കിനകത്തേയ്ക്ക് ഓടിക്കയറി മറ്റ് ആളുകള്‍ക്കൊപ്പം ചേര്‍ന്നതുകൊണ്ട് അക്രമികള്‍ പിന്‍വാങ്ങി. ശേഷം ഇവര്‍ തങ്ങളുടെ ആയുധങ്ങള്‍ ഒളിപ്പിക്കുന്നത് കണ്ടതായും സ്ത്രീ പറയുന്നു.

ഉടന്‍ തന്നെ ഭര്‍ത്താവിനെ വിളിച്ച് കാര്യം പറയുകയും അദ്ദേഹം കാറുമായെത്തി സ്ത്രീയെ രക്ഷപ്പെടുത്തുകയും ചെയ്തു. ജീവിത്തിലാദ്യമായി ഇത്തരമൊരനുഭവമുണ്ടായ സ്ത്രീ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് വിറയ്ക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് പറഞ്ഞു.

ഗാര്‍ഡയെ സംഭവം അറിയിക്കുകയും, ഉദ്യോഗസ്ഥര്‍ അന്വേഷണമാരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വേറെയും പരാതി ലഭിച്ചിട്ടുണ്ടെന്ന് ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: