കോവിഡ് കാരണം ഐറിഷ് ടൂറിസം മേഖലയില്‍ തൊഴില്‍ നഷ്ടമായത് 160,000 പേര്‍ക്ക്

കോവിഡ് കാരണം ടൂറിസം മേഖലയില്‍ 160,000 പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതായി ഐറിഷ് സര്‍ക്കാരിന്റെ ടൂറിസം ഏജന്‍സിയായ Failte Ireland. 2021ലെ തൊഴില്‍നഷ്ടങ്ങള്‍ കൂടി പ്രവചിച്ചുള്ളതാണ് ഈ കണക്ക്. രാത്രി കാലങ്ങളില്‍ താമസത്തിനായി ടൂറിസ്റ്റുകളെത്താത്ത അവസ്ഥ കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ കുറവാണെന്നും Failte Ireland പറയുന്നു. ഇത് തുടര്‍ന്നാല്‍ ടൂറിസം മേഖലയെ ആശ്രയിച്ച് നിലനില്‍ക്കുന്ന മറ്റ് മേഖലകളും തകര്‍ച്ചയിലേയ്ക്ക് പോകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെയെങ്കില്‍ വമ്പന്‍ തൊഴിലില്ലായ്മയാകും അയര്‍ലണ്ടിനെ കാത്തിരിക്കുന്നത്. വ്യോമ-ജല ഗതാഗതം, ടൂറിസവുമായി ബന്ധപ്പെട്ട മറ്റ് മേഖലകള്‍ എന്നിവിടങ്ങളിലെ തൊഴില്‍നഷ്ടം ഇനിയും കണക്ക് കൂട്ടിയിട്ടില്ല.

അതേസമയം രാജ്യത്തെ അധികം അറിയപ്പെടാത്ത സ്ഥലങ്ങളിലേയ്ക്ക് ടൂറിസ്റ്റുകളെത്തുന്നത് പ്രതീക്ഷയേകുന്നതായും അധികൃതര്‍ പറയുന്നു.

ഈ വര്‍ഷം ടൂറിസ്റ്റുകള്‍ അയര്‍ലണ്ടില്‍ ചെലവാക്കിയ തുക ഏകദേശം 1.7 ബില്യണ്‍ യൂറോയാണ്. കോവിഡ് പ്രതിസന്ധിക്ക് മുമ്പുണ്ടായിരുന്നതിന്റെ അഞ്ചില്‍ ഒന്ന് മാത്രമാണ് ഇത്. ഭക്ഷണം, പാനീയം എന്നിവയുടെ നിര്‍മ്മാണവും വില്‍പ്പനയുമാണ് ടൂറിസം രംഗത്ത് ഏറ്റവുമധികം തകര്‍ച്ച നേരിടുന്നത്. 2.14 ബില്യണ്‍ യൂറോയാണ് 2020-ല്‍ ഈ മേഖലയിലെ നഷ്ടം. ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 57,650 പേര്‍ക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തു. ടൂറിസ്റ്റുകള്‍ക്ക് താമസസൗകര്യം നല്‍കുന്നതില്‍ 1.7 ബില്യണ്‍ യൂറോയുടെ നഷ്ടവും, 46,000 തൊഴില്‍നഷ്ടവും സംഭവിച്ചു. കോവിഡിനൊപ്പം ബ്രെക്‌സിറ്റും തിരിച്ചടിയായി.

2021ല്‍ കൂടുതല്‍ ടൂറിസ്റ്റുകള്‍ രാജ്യത്ത് എത്തുമെന്നാണ് പ്രതീക്ഷ. അടുത്ത മൂന്ന് മാസത്തിനിടെ എത്തുന്ന ടൂറിസ്റ്റുകളില്‍ ഭൂരിഭാഗവും അമേരിക്കന്‍ പൗരന്മാരാകാനാണ് സാധ്യതയെന്നും Failte Ireland പറയുന്നു.

Share this news

Leave a Reply

%d bloggers like this: