അയർലണ്ടിലെ മദർ ആൻഡ് ബേബി ഹോമുകളിലെ മുൻ അന്തേവാസികളോട് മാപ്പപേക്ഷിച്ച് പ്രധാനമന്ത്രിയും ആർച്ച് ബിഷപ്പും

അയര്‍ലണ്ടിലെ കുപ്രസിദ്ധമായ മദര്‍ ആന്‍ഡ് ബേബി ഹോമുകളിലെ ക്രൂരതകള്‍ അതിജീവിച്ച മുന്‍ അന്തേവാസികളോട് മാപ്പ് പറഞ്ഞ് ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിനും, ടുവാം ആര്‍ച്ച് ബിഷപ് Michael Neary-യും. 1922 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ അയര്‍ലണ്ടിലെ സര്‍ക്കാരും സഭയും നടത്തിവന്നിരുന്ന മദര്‍ ആന്‍ഡ് ബേബി ഹോമുകളില്‍ അവിവാഹിതരായ അമ്മമാരും കുട്ടികളും കൊടിയ യാതനകള്‍ സഹിച്ചതായും, അധികൃതരുടെ അലംഭാവം കാരണം 14 ഹോമുകളിലും 4 കൗണ്ടി ഹോമുകളിലുമായി 9,000 കുട്ടികള്‍ മരണപ്പെട്ടതായും സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കമ്മിഷന്‍, മുന്‍ അന്തേവാസികള്‍ക്ക് സാമ്പത്തിക-ചികിത്സാ സഹായങ്ങള്‍ നല്‍കണമെന്നും, അവരോട് മാപ്പപേക്ഷിക്കണമെന്നും സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജ്യത്തിന് വേണ്ടി മുന്‍ അന്തേവാസികളോട് താന്‍ മാപ്പ് ചോദിക്കുന്നതായും, നീണ്ട കാലങ്ങളോളം സഹാനുഭൂതി, അടിസ്ഥാനപരമായ മനുഷ്യത്വം എന്നിവ മനസിലാക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും Dail-ല്‍ പ്രധാനമന്ത്രി മാര്‍ട്ടിന്‍ പ്രസ്താവിച്ചു. കമ്മിഷനുമായി സഹകരിക്കുകയും, തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയുകയും ചെയ്ത അന്തേവാസികളുടെ ധൈര്യത്തെ അദ്ദേഹം പ്രശംസിച്ചു.

അവിവാഹിതകളായ സ്ത്രീകള്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് അപമാനകരമായി കണ്ടിരുന്ന കാലത്ത് ഇവരെ താമസിപ്പിക്കാനായാണ് സര്‍ക്കാരും സഭയും ചേര്‍ന്ന് രാജ്യത്ത് മദര്‍ ആന്‍ഡ് ബേബി ഹോമുകള്‍ സ്ഥാപിച്ചത്. എന്നാല്‍ പ്രസവത്തിനോ, കുഞ്ഞുങ്ങള്‍ ജനിച്ച ശേഷമോ ഹോം അധികൃതര്‍ കൃത്യമായ പരിചരണം നല്‍കിയിരുന്നില്ല. ഇതിനാല്‍ തന്നെ പല കുട്ടികളും പ്രസവത്തില്‍ തന്നെയോ, ഏതാനും മാസങ്ങള്‍ക്ക് ശേഷമോ മരണപ്പെടുകയും ചെയ്തു. കൃത്യമായ പരിചരണം ലഭിക്കാതെ അമ്മാരും മരണപ്പെട്ടു. മരണപ്പെടുന്ന കുട്ടികളെ കൂട്ടമായി ഹോമിന് സമീപത്തെ പറമ്പില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നു ചെയ്തിരുന്നത്. ദേശീയ-പ്രാദേശിക അധികൃതര്‍ക്ക് ഇക്കാര്യം അറിയാമായിരുന്നു. 2016-ല്‍ Tuam-ല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്ന Bon Secours Homeലെ 800 കുട്ടികളെ അടക്കം ചെയ്ത സ്ഥലം, ചരിത്രകാരിയായ Catherine Corless കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അയര്‍ലണ്ടിലെ മദര്‍ ആന്‍ഡ് ബേബി ഹോമുകളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ നടന്ന കൊടും ക്രൂരതകള്‍ പുറം ലോകം അറിയുന്നത്.

രാജ്യത്തിനും രാജ്യത്തെ ജനങ്ങള്‍ക്കും വേണ്ടി താന്‍ മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, മറ്റുള്ളവരുടെ തെറ്റുകള്‍ കാരണമാണ് ഇവര്‍ ഈ ഹോമുകളിലെത്തപ്പെട്ടതെന്നും ഇവരെ സംരക്ഷിക്കുന്നതില്‍ രാജ്യം പരാജയപ്പെട്ടുവെന്നും പറഞ്ഞു.

പ്രധാമന്ത്രിക്ക് പുറമെ Tánaiste Leo Varadkar-ഉം ഹോമുകളിലെ മുന്‍ അന്തേവാസികളോട് മാപ്പപേക്ഷിച്ചു. പീഡനത്തിരയായി ഗര്‍ഭിണികളായ പെണ്‍കുട്ടികള്‍ക്ക് പോലും സ്വന്തം കുടംബത്തില്‍ നിന്നും സഹായം ലഭിച്ചില്ലെന്ന് പറഞ്ഞ Varadkar, സഹായവുമായി എത്തിയ സര്‍ക്കാരും, സഭയും ചെയ്തതും ക്രൂരതയാണെന്ന് വ്യക്തമാക്കി. ചരിത്രം തിരുത്താന്‍ കഴിയില്ലെങ്കിലും സത്യം മനസിലാക്കാനും, മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും, അവരോട് മാപ്പപേക്ഷിക്കാനും, പ്രായശ്ചിത്തം ചെയ്യാനും സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതീക്ഷയും, ശുശ്രൂഷയും പ്രദാനം ചെയ്യേണ്ട സഭ, ഉപദ്രവവും വേദനയുമാണ് നല്‍കിയതെന്നും, കമ്മിഷന്‍ റിപ്പോര്‍ട്ട് ലജ്ജിപ്പിക്കുന്നതാണെന്നും ടുവാം ആര്‍ച്ച് ബിഷപ് Michael Neary പറഞ്ഞു. സഭയുടെ പ്രതിച്ഛായ തകര്‍ത്ത സംഭവമാണ് ഇതെന്നും, അവിവാഹിതകളായ അമ്മമാരെയും കുഞ്ഞുങ്ങളെയും കൊള്ളരുതാത്തവരായാണ് സഭയും സമൂഹവും കണ്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് തെറ്റാണ്, ദുഃഖിപ്പിക്കുന്നതാണ്. അനുകമ്പയോടെ പ്രവര്‍ത്തിക്കാത്ത പക്ഷം സഭ പരാജയമാണെന്നും, സഭയുടെ ഒരു നേതാവെന്ന നിലയില്‍ താന്‍ മാപ്പ് ചോദിക്കുന്നതായും ആര്‍ച്ച് ബിഷപ് പറഞ്ഞു. ടുവാമിലെ മദര്‍ ആന്‍ഡ് ബേബി ഹോം നടത്തിയിരുന്നത് ഗോള്‍വേ കൗണ്ടി കൗണ്‍സിലും Bon Secours Sisters-ഉം ചേര്‍ന്നായിരുന്നു. ഇവിടെ 802 കുഞ്ഞുങ്ങളും 12 അമ്മമാരും മരണപ്പെട്ടതായാണ് കമ്മിഷന്‍ കണ്ടെത്തിയത്.

Share this news

Leave a Reply

%d bloggers like this: