കോവിഡ് അതീവ അപകട മേഖല പട്ടികയിൽ 13 രാജ്യങ്ങൾ കൂടി; പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ ഇവ

മദ്ധ്യ അമേരിക്കയിലെയും, തെക്കന്‍ അമേരിക്കയിലെയും ഏതാനും രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി കോവിഡ് ‘അതീവ അപകട മേഖല’ രാജ്യങ്ങളുടെ പട്ടിക അയര്‍ലണ്ട് വിപുലീകരിച്ചതായി ആരോഗ്യമന്ത്രി Stepen Donnelly. ഇതോടെ നിലവിലെ 20 രാജ്യങ്ങള്‍ക്ക് പുറമെ ഈ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തുന്നവരും നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കേണ്ടിവരും.

ഇവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്ന തരത്തിലുള്ള പുതിയ ബില്‍ വ്യാഴാഴ്ച Dail പാസാക്കിയിരുന്നു. ഇനി Oireachtas-ലെ എല്ലാ ഘട്ടങ്ങളും കടന്നാല്‍ ബില്‍ പ്രസിഡന്റിന്റെ പരിഗണനയ്ക്ക് അയയ്ക്കും. അദ്ദേഹം ഒപ്പുവയ്ക്കുന്നതോടെ ബില്‍ നിയമമാകും. നിയമപ്രകാരം വിദേശത്ത് നിന്നും അയര്‍ലണ്ടിലെത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലില്‍ സ്ലോട്ട് ബുക്ക് ചെയ്യണം. 2,000 യൂറോയോളമാണ് 14 ദിവസത്തെ ക്വാറന്റൈന്‍ ചെലവ്. താമസം, ഭക്ഷണം, യാത്ര, വസ്ത്രം കഴുകല്‍ എന്നിവയെല്ലാം ഇതില്‍ പെടും. നിയമം അനുസരിക്കാത്തവര്‍ക്ക് 4,000 യൂറോ പിഴയും തടവും ലഭിച്ചേക്കാം.

അര്‍ജന്റീന, ബൊളീവിയ, ചിലെ, കൊളംബിയ, ഇക്വഡോര്‍, ഫ്രഞ്ച് ഗയാന, ഗയാന, പനാമ, പാരഗ്വേ, പെറു, സൂരിനാം, യുറഗ്വായ്, വെനിസ്വേല എന്നീ 13 രാജ്യങ്ങളെയാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജനിതകമാറ്റം വന്ന വൈറസുകളെ അടക്കം പ്രതിരോധിച്ച്, ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് മന്ത്രി Donnelly വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍, ഏത് രാജ്യത്തെ പൗര്വമുള്ളവരായാലും ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ വൈറസ് വേരിയന്റുകളെക്കുറിച്ച് വിശദമായി പഠിച്ച് നടപടികളെടുക്കാന്‍ National Oversight Group for Variants of Concern (VOCS) എന്ന സമിതിയും രൂപീകരിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശത്ത് പുതിയ കൊറോണ വൈറസ് വേരിയന്റ് കണ്ടെത്തിയതായി National Health Emergency Team (Nphet) റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച കണ്ടെത്തിയ ഈ വേരിയന്റ് വാക്‌സിനോട് പൊരുതാന്‍ മാത്രം ശക്തിയുള്ളതായേക്കുമെന്ന ആശങ്കയും അധികൃതര്‍ പങ്കുവച്ചു.

Share this news

Leave a Reply

%d bloggers like this: