AIB-യും ബ്രാഞ്ചുകൾ പൂട്ടുന്നു; ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ പുതിയ ബ്രാഞ്ചുകളിലേയ്ക്ക് മാറ്റാൻ ആരംഭിച്ചു

ബ്രാഞ്ചുകള്‍ പൂട്ടാനും, അടുത്തടുത്ത ബ്രാഞ്ചുകളും ലയിപ്പിക്കാനുമുള്ള തീരുമാനത്തെത്തുടര്‍ന്ന്, ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ മറ്റ് ബ്രാഞ്ചുകളിലേയ്ക്ക് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചതായി AIB. ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം ഡിസംബറിലായിരുന്നു AIB പ്രഖ്യാപിച്ചത്. ഇതെത്തുടര്‍ന്ന് ഡബ്ലിനിലെ ആറ് ഹെഡ് ഓഫീസുകളില്‍ മൂന്നെണ്ണം പൂട്ടാനും, മൂന്ന് നഗരപ്രാന്ത പ്രദേശങ്ങളിലെ ബ്രാഞ്ചുകള്‍ ലയിപ്പിക്കാനുമായിരുന്നു തീരുമാനം. 2021-ന്റെ ആദ്യ ആറ് മാസങ്ങള്‍ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു.

ഡബ്ലിനിലെ Westmoreland Street ബ്രാഞ്ച്, Dame Street ബ്രാഞ്ചിലേയ്ക്ക് പ്രവര്‍ത്തനം മാറ്റും. ഒപ്പം  Crumlin Cross ബ്രാഞ്ച് Crumlin Road-ലേയ്ക്കും, 52 Baggot Street ബ്രാഞ്ച് 1-4 Baggot Street-ലേയ്ക്കും മാറിയാണ് പ്രവര്‍ത്തിക്കുക.

ഡബ്ലിന് പുറമെ ഗോള്‍വേയിലെ Eyre Square ബ്രാഞ്ച് Lynch’s Castle-ലേയ്ക്കും, കോര്‍ക്ക് സിറ്റിയിലെ Patrick Street ബ്രാഞ്ച് 66 South Mall-ലേയ്ക്കും മാറും.

മാറ്റം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഉപഭോക്താക്കളെ അറിയിച്ചുവരികയാണെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

നേരത്തെ രാജ്യത്തുള്ള 88 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതായി Bank of Ireland-ഉം അറിയിച്ചിരുന്നു. ഇതടക്കം സാമ്പത്തിക മാന്ദ്യത്തിന് ശേഷം വിവിധ ബാങ്കുകളുടെ 500-ലേറെ ബ്രാഞ്ചുകള്‍ ഇത്തരത്തില്‍ പൂട്ടേണ്ടിവന്നതായാണ് കണക്ക്. അയര്‍ലണ്ടിലെ പ്രവര്‍ത്തനം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നതായി Ulster Bank-ഉം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: