അയർലണ്ടിലെ ഭവനപ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി നിക്ഷേപം വർദ്ധിപ്പിക്കണം: ESRI

അയര്‍ലണ്ടില്‍ ഒരു ദശകത്തോളമായി തുടര്‍ന്നുവരുന്ന ഭവനപ്രതിസന്ധി പരിഹരിക്കാന്‍ മേഖലയില്‍ സര്‍ക്കാര്‍ അടിയന്തരമായി അധികനിക്ഷേപം നടത്തണമെന്ന് Economic and Social Research Institute (ESRI). അല്ലാത്തപക്ഷം ഭവന വില വര്‍ദ്ധനയടക്കം അടുത്ത പത്ത് വര്‍ഷവും രാജ്യം ഇതേ പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടി വരുമെന്നും ESRI മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ ലഭ്യതക്കുറവ് നികത്തുന്നതിനാകണം മുന്‍ഗണന നല്‍കേണ്ടത്. കോവിഡ് കാരണമുള്ള നിയന്ത്രണങ്ങള്‍ demand-supply സന്തുലിതാവസ്ഥ താളം തെറ്റിച്ചിരിക്കുകയാണ്.

നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ നിക്ഷേപം ഇരട്ടിയാക്കണമെന്നാണ് ESRI പറയുന്നത്. 4 ബില്യണ്‍ യൂറോയെങ്കിലും വര്‍ഷം ചെലവിട്ടാല്‍ മാത്രമേ 18,000 വീടുകളെങ്കിലും ഒരു വര്‍ഷം നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. പക്ഷേ അങ്ങനെ ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ ബജറ്റ് കമ്മി വര്‍ദ്ധിക്കുമെന്നും ESRI മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും കോവിഡാന്തര സമ്പദ് വ്യവസ്ഥ ശക്തമാകുമെന്നിരിക്കെ, ഈ കമ്മി ബജറ്റ് സര്‍ക്കാരിന് താങ്ങാവുന്നതാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വര്‍ഷം 15,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. മുന്‍വര്‍ഷം ഇത് 20,000 ആയിരുന്നു. എന്നാല്‍ നിലവിലെ ഭവനപ്രതിസന്ധി പരിഹരിക്കണമെങ്കില്‍ വര്‍ഷം 35,000 വീടുകള്‍ വീതമെങ്കിലും നിര്‍മ്മിക്കപ്പെടണമെന്നാണ് ESRI-യുടെ കണക്ക്. ഭവനവില കുതിച്ചുയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍, അതിന് പിടിച്ചുകെട്ടണമെങ്കില്‍ ലഭ്യത വര്‍ദ്ധിപ്പിക്കുക മാത്രമാണ് പരിഹാരമെന്നും റിപ്പോര്‍ട്ട് ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: