മൈക്രോസോഫ്റ്റിന്റെ അയർലണ്ടിലെ സഹസ്ഥാപനം കഴിഞ്ഞ വർഷം നേടിയ ലാഭം 315 ബില്യൺ ഡോളർ; ഒരു യൂറോ പോലും ടാക്സ് അടച്ചില്ലെന്ന് ആരോപണം

മൈക്രോസോഫ്റ്റിന്റെ ഐറിഷ് സഹസ്ഥാപനമായ Microsoft Round Island One വമ്പന്‍ തുക ലാഭമുണ്ടാക്കിയിട്ടും ഒരു യൂറോ പോലും കോര്‍പ്പറേഷന്‍ ടാക്‌സ് അടച്ചില്ലെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ ടാക്‌സ് ഇടപാടുകള്‍ ബര്‍മുഡയിലാണെന്നതാണ് കമ്പനി കാരണമായി പറയുന്നത്. കഴിഞ്ഞ വര്‍ഷം കമ്പനിക്കുണ്ടായ ലാഭമാകട്ടെ 315 ബില്യണ്‍ ഡോളറും (260 ബില്യണ്‍ യൂറോ).

മൈക്രോസോഫ്റ്റിന് കോപ്പിറൈറ്റുള്ള സോഫ്റ്റ് വെയറുകളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ലൈസന്‍സ് ഫീ ലോകവ്യാപകമായി ഈടാക്കുന്ന കമ്പനിയാണ് Microsoft Round Island One. 2020 ജൂണ്‍ വരെയുള്ള ഒരു വര്‍ഷം കമ്പനിക്കുണ്ടായ ലാഭം 314.7 ബില്യണ്‍ ഡോളറാണെന്ന് കമ്പനി Irish Companies Registration Office-ല്‍ നല്‍കിയ കണക്കില്‍ നിന്നും വ്യക്തമാണ്. 2020-ലെ അയര്‍ലണ്ടിന്റെ ആകെ GDP (Gross Domestic Product) 357 ബില്യണ്‍ യൂറോ ആണെന്നോര്‍ക്കണം.

അന്താരാഷ്ട്ര കുത്തക കമ്പനികള്‍ ഇത്തരത്തില്‍ ടാക്‌സ് നിയമത്തിലെ പിഴവുകള്‍ മുതലെടുക്കുന്നത് ചര്‍ച്ച ചെയ്യാനായി ഈ മാസം അവസാനം G7 രാജ്യങ്ങള്‍ Cornwall-ല്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വമ്പന്‍ ടാക്‌സ് വെട്ടിപ്പ് വെളിവായിരിക്കുന്നത്.

സെന്‍ട്രല്‍ ഡബ്ലിനിലെ  River Liffey-യിലുള്ള Matheson എന്ന നിയമസ്ഥാപനത്തിന്റെ വിലാസമാണ് കമ്പനി നല്‍കിയിരിക്കുന്നത്. ഡയറക്ടര്‍മാരല്ലാതെ വേറെ ജോലിക്കാരൊന്നും കമ്പനിക്ക് ഇല്ലെന്നും, ടാക്‌സ് റസിഡന്റ് ബര്‍മുഡയിലാണെന്നതിനാല്‍ ഇവിടെ കോര്‍പ്പറേഷന്‍ ടാക്‌സ് അടയ്‌ക്കേണ്ടതില്ലെന്നുമാണ് കമ്പനി പറയുന്നത്.

അതേസമയം ഈ സാമ്പത്തിക വര്‍ഷം 24.5 ബില്യണ്‍ യൂറോ dividend ആയും, 30.5 ബില്യണ്‍ ഡോളര്‍ special dividend  ആയും കമ്പനി മൈക്രോസോഫ്റ്റിന് നല്‍കിയിട്ടുണ്ട്.

യുഎസിലോ മറ്റ് രാജ്യങ്ങളിലോ നല്‍കേണ്ട ടാക്‌സ്, Microsoft Round Island One പോലുള്ള കമ്പനികള്‍ വിവിധ രാജ്യങ്ങളിലെ ടാക്‌സ് നിയമങ്ങള്‍ മുതലെടുത്ത് വെട്ടിക്കുന്നത് നേരത്തെ യുഎസ് അധികൃതര്‍ അന്വേഷിച്ചിരുന്നു. വിവിധ രാജ്യങ്ങളിലായി ബിസിനസ് നെറ്റ് വര്‍ക്ക് സ്ഥാപിച്ച് വലിയ രീതിയില്‍ ടാക്‌സ് ലാഭിക്കുകയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. 1990 മുതല്‍ മൈക്രോസ്ഫ്റ്റിന് ഈ പ്രവണതയുണ്ട്. അയര്‍ലണ്ട് ഇതിന് കൂട്ടുനില്‍ക്കുകയാണെന്നും ആരോപണമുണ്ട്.

അതേസമയം 35 വര്‍ഷത്തോളമായി തങ്ങള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുവെന്നും, കൃത്യമായി ടാക്‌സ് നല്‍കാറുണ്ടെന്നും, അത് ഐറിഷ് സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാണെന്നുമാണ് കമ്പനി വക്താവ് പ്രതികരിച്ചത്.

Share this news

Leave a Reply

%d bloggers like this: