മദ്യപിച്ച് കുതിര വണ്ടിയോടിച്ച് കാറിലിടിച്ചു; കോർക്ക് സ്വദേശിക്ക് ഒരു മാസം തടവും അഞ്ച് വർഷം വാഹനമോടിക്കാൻ വിലക്കും

മദ്യപിച്ച് കുതിരവണ്ടിയോടിച്ച് കാറിലിടിച്ച സംഭവത്തില്‍ റൈഡര്‍ക്ക് ഒരു മാസം തടവും, അഞ്ച് വര്‍ഷത്തേയ്ക്ക് കുതിരയോടിക്കുന്നതിന് വിലക്കും ശിക്ഷ വിധിച്ച് കോടതി. ഇക്കാലയളവില്‍ മറ്റ് വാഹനങ്ങളും ഇയാള്‍ ഓടിക്കാന്‍ പാടില്ല.

കോര്‍ക്കിലെ Clonakilty സ്വദേശിയായ Richie Williamson ആണ് മദ്യപിച്ച് വശംകെട്ട ശേഷം കുതിര വലിക്കുന്ന വണ്ടിയുമായി സവാരിക്കറങ്ങിയത്. അമിതവേഗത്തില്‍ കുതിരയെ ഓടിച്ച ഇയാള്‍ Inchydoney beach-ന് സമീപം വച്ച് ഒരു കാറുമായി കൂട്ടിയിടിച്ചു. ഏപ്രില്‍ 15-നായിരുന്നു സംഭവം. തുടര്‍ന്ന് കുതിരയും, വണ്ടിയും റോഡില്‍ വീഴുകയും ചെയ്തു.

അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, മദ്യപിച്ച് മൃഗങ്ങള്‍ വലിക്കുന്ന വാഹനമോടിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ഗാര്‍ഡ ചുമത്തിയത്. എങ്കിലും രണ്ടാമത്തെ വകുപ്പ് പിന്നീട് പിന്‍വലിച്ചു.

അപകടത്തെത്തുടര്‍ന്ന് Williamson-ന് കാലിന് പരിക്കേറ്റിരുന്നു. ഇയാള്‍ നന്നായി മദ്യപിച്ചിരുന്നതായും പരിശോധനയില്‍ കണ്ടെത്തി. പൊതു ഇടങ്ങളില്‍ പ്രശ്‌നമുണ്ടാക്കിയതിന് നേരത്തെ 76 തവണ ഇയാള്‍ക്കെതിരെ കേസ് എടുക്കപ്പെട്ടിട്ടുണ്ട്.

നാല് മാസത്തേയ്ക്ക് Williamson-നെ തടവിന് വിധിച്ച ജഡ്ജ് പിന്നീട് ഉപാധികളോടെ ശിക്ഷ ഒരു മാസമാക്കി കുറയ്ക്കുകയായിരുന്നു. കുതിര വണ്ടിയടക്കം ഒരു വാഹനവും അടുത്ത അഞ്ച് വര്‍ഷത്തേയ്ക്ക് ഇയാള്‍ ഓടിക്കാന്‍ പാടില്ല. കുതിരയെ മാത്രമായി ഓടിക്കുന്നതും വിലക്കിയതിന് പകരമായാണ് മൂന്ന് മാസത്തെ തടവ് ഇളവ് ചെയ്തത്.

നേരത്തെ പൊതു ഇടത്ത് മദ്യപിച്ചതിന്റെ പേരില്‍ മെയ് 29-ന് ഇയാള്‍ക്ക് 200 യൂറോ പിഴയിട്ടിരുന്നു.

Share this news

Leave a Reply

%d bloggers like this: