അയർലണ്ടിൽ കോവിഡ് ആശങ്ക നിലനിൽക്കുന്നെങ്കിലും ലീവിങ് സെർട്ട് ഈയാഴ്ച്ച തന്നെ നടക്കുമെന്ന് അധികൃതർ

കോവിഡ് കാരണം ചില വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ സാധിച്ചില്ലെങ്കിലും ലീവിങ് സെര്‍ട്ട് പരീക്ഷകള്‍ ഈയാഴ്ച തന്നെ നടത്തപ്പെടുമെന്ന് അധികൃതര്‍. ബുധനാഴ്ച മുതലാണ് പരീക്ഷകള്‍ക്ക് തുടക്കമാകുന്നത്. അതേസമയം ലിമറിക്ക് പ്രദേശത്ത് കോവിഡ് കേസുകള്‍ കൂടിയത് ആശങ്കയുയര്‍ത്തുന്നുണ്ട്.

കോവിഡ് കാരണം ക്ലാസുകള്‍ നഷ്ടമായതിനാല്‍ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ട്യൂഷന്‍ സെന്റര്‍ അടക്കമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അവിടെ ഇവര്‍ പരസ്പരം കലര്‍ന്നിരിക്കാനുമാണ് സാധ്യത. അങ്ങനെയെങ്കില്‍ പരീക്ഷാസമയത്ത് ഓരോ സ്‌കൂളിനും പ്രത്യേകമായുള്ള student pods, bubbles എന്നിവ ഫലപ്രദമാകുമോ എന്നാണ് ഉയരുന്ന ചോദ്യം.

ലീവിങ് സെര്‍ട്ട് എഴുതുന്ന വിദ്യാര്‍ത്ഥികളെ മറ്റ് വിദ്യാര്‍ത്ഥികളും തരം തിരിച്ച് പ്രത്യേകം സ്ഥലങ്ങളിലാണ് (pods) ഇരുത്തുക.

ചില സ്‌കൂളുകാര്‍ ട്യൂഷന്‍ സെന്ററുകളെ ബന്ധപ്പെട്ട് തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ മറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുമായി കലര്‍ന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. രക്ഷിതാക്കളെ ബന്ധപ്പെട്ടും പരീക്ഷ കഴിയും വരെ പ്രത്യേകം സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പരീക്ഷ പ്രശ്‌നങ്ങളൊന്നുമില്ലാതെ നടത്തപ്പെടുമെന്നാണ് കരുതുന്നതെന്ന് National Association of Principals and Deputy Principals (NAPD) പ്രസിഡന്റ് Michael Cregan പ്രതീക്ഷ പ്രകടിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി Norma Foley-യുടെ നടപടികള്‍ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലീവിങ് സെര്‍ട്ട് എഴുതാത്തവര്‍ക്കും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കണക്കാക്കുന്ന ഗ്രേഡ് നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചെങ്കിലും, പരീക്ഷയിലൂടെ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ നിലവില്‍ കണക്കാക്കിയിരിക്കുന്നതിലും അധികം ഗ്രേഡ് ലഭിച്ചേക്കും എന്നതിനാലാണ് മിക്ക വിദ്യാര്‍ത്ഥികളും ഗ്രേഡിനൊപ്പം പരീക്ഷയെഴുതാനും തയ്യാറായിരിക്കുന്നത്. ഓരോരുത്തര്‍ക്കും കണക്കാക്കിയിട്ടുളള ഗ്രേഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലീവിങ് സെര്‍ട്ട് റിസല്‍ട്ടിനൊപ്പമാകും ഇവയും പുറത്തുവിടുക.

Share this news

Leave a Reply

%d bloggers like this: