അയർലണ്ടിൽ വാടകക്കാർക്ക് സംരക്ഷണം നീട്ടുക, ഏകീകൃത sick pay leave എന്നിവ ഇന്ന് മന്ത്രിസഭ അംഗീകരിച്ചേക്കും

വാടകക്കാരെ കുടിയിറക്കുന്നതിന് നിരോധനം തുടരുക, വാടക വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിലക്ക് നീട്ടുക, വാടക ഡെപ്പോസിറ്റിന്റെ പരമാവധി തുക നിശ്ചയിക്കുക തുടങ്ങിയ ഒരുപിടി നിര്‍ദ്ദേശങ്ങളില്‍ മന്ത്രിസഭ ഇന്ന് തീരുമാനമെടുക്കാന്‍ സാധ്യത. Universal sick pay നടപ്പിലാക്കുന്നതിനും സഭ ഇന്ന് അംഗീകാരം നല്‍കാന്‍ സാധ്യതയുണ്ട്.

കോവിഡ് കാലത്ത് വാടകക്കാരെ കുിയൊഴിപ്പിക്കുക, വാടക വര്‍ദ്ധിപ്പിക്കുക എന്നിവയ്ക്കുള്ള വിലക്ക് 2022 ജനുവരി 12 വരെ നീട്ടാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച ബില്‍ ഭവനമന്ത്രി Darragh O’Brien ഇന്ന് അവതരിപ്പിക്കും. കോവിഡ് കാരണം ജോലി നഷ്ടമാകുകയടക്കം ചെയ്തവര്‍ വാടക കുടിശിക വരുത്തിയാലും ഇവരെ കുടിയിറക്കുന്നതിന് നിലവില്‍ ജൂലൈ 12 വരെയാണ് വിലക്കുള്ളത്. ഇത് നീട്ടാനായി Dail, Seanad എന്നിവിടങ്ങളിലും നിര്‍ദ്ദേശം പാസാകേണ്ടതുണ്ട്.

രണ്ട് മാസത്തെ വാടക മാത്രമേ പരമാവധി ഡെപ്പോസിറ്റ് തുകയായി വാങ്ങാവൂ എന്ന് നിര്‍ദ്ദേശിക്കുന്ന ബില്ലും O’Brien ഇന്ന് അവതരിപ്പിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ ഡെപ്പോസിറ്റ് തുക പലരും ആവശ്യപ്പെടുന്നതിന് ഇതോടെ അറുതിയാകുമെന്ന് കരുതുന്നതായി മന്ത്രി പറഞ്ഞു. അതേ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ കൂടുതല്‍ തുക ഡെപ്പോസിറ്റായി വേണമെങ്കില്‍ നല്‍കാമെന്നും, പക്ഷേ അതിനായി നിര്‍ബന്ധിക്കരുത് എന്നും ബില്ലില്‍ നിര്‍ദ്ദേശമുണ്ടാകുമെന്നാണ് കരുതുന്നത്.

രാജ്യത്തെ തൊഴിലാളികള്‍ക്ക് ഏകീകൃതമായി ശമ്പളമുള്ള sick leave അനുവദിക്കുന്നതിനുള്ള ബില്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ഇന്ന് അവതരിപ്പിച്ചേക്കും. നിലവില്‍ പല കമ്പനികളും അസുഖങ്ങള്‍ ബാധിച്ചാല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാറില്ല. ബില്‍ നിയമമായാല്‍ തൊഴിലാളികളുടെ മിനിമം ആനുകൂല്യം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതേസമയം ബില്ലില്‍ പറയുന്നതിലും കൂടുതല്‍ ആനുകൂല്യങ്ങള്‍ക്കായി കമ്പനികള്‍ക്കും തൊഴിലാളി യൂണിയനുകള്‍ക്കും കൂട്ടുചര്‍ച്ച നടത്താം എന്ന തരത്തിലാകും നിയമം.

Share this news

Leave a Reply

%d bloggers like this: