രാജ്യം ഉറ്റുനോക്കുന്ന ഡബ്ലിൻ ബേ സൗത്ത് ഉപതെരഞ്ഞെടുപ്പ്; പോരാട്ട രംഗത്ത് ഭൂരിപക്ഷം സ്ത്രീകൾ; സ്ഥാനാർത്ഥികളെ പരിചയപ്പെടാം

അയര്‍ലണ്ട് ജനത ഉറ്റുനോക്കുന്ന ഡബ്ലിന്‍ ബേ സൗത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു. മാസങ്ങള്‍ക്കകം നടക്കുന്ന തെരഞ്ഞെടുപ്പ് രാജ്യത്തെ ഓരോ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്നിരിക്കെ, ഏറ്റവും ശക്തരായ സ്ഥാനാര്‍ത്ഥികളെ തന്നെ രംഗത്തിറക്കാനാണ് കക്ഷികള്‍ ശ്രമിച്ചിട്ടുള്ളത്. നിലവിലെ TD-യും, മുന്‍ മന്ത്രിയുമായ Fine Gael-ന്റെ Eoghan Murphy രാഷ്ട്രീയരംഗം വിടുന്നതായി പ്രഖ്യാപിച്ചുകൊണ്ട്‌ ഏപ്രില്‍ 27-ന് രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തി ജനപ്രതിനിധിയെ തീരുമാനിക്കണമെന്ന് നിയമം നിഷ്‌കര്‍ഷിക്കുന്നതിനാല്‍ ഒക്ടോബറിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കും. അതേസമയം ജൂലൈ 8-നായിരിക്കും ഉപതെരഞ്ഞെടുപ്പ് എന്ന് നേരത്തെ RTE റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്ഥാനാര്‍ത്ഥികളില്‍ ഏറിയ പങ്കും വനിതകളാണെന്നുള്ളതാണ് ഡബ്ലിന്‍ ബേ സൗത്ത് ഉപതെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത. Fine Gael-ന്റെ James Gerghegan മാത്രമാണ് പ്രധാനപാര്‍ട്ടികളിലൊന്നിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന പുരുഷ സ്ഥാനാര്‍ത്ഥി. മറ്റൊരാള്‍ സ്വതന്ത്രനായി മത്സരിക്കുന്ന Mannix Flynn ആണ്. ഈ ഉപതെരഞ്ഞെടുപ്പിലെ മറ്റൊരു പുരുഷസ്ഥാനാര്‍ത്ഥിയും സ്വതന്ത്രനാണ്- Peter Dooley. തീവ്രവലതുപക്ഷ പാര്‍ട്ടിയായ Nationalist Party സ്ഥാനാര്‍ത്ഥിയും പുരുഷനാണ്- Justin Barett.

ഡബ്ലിന്‍ ബേ സൗത്തില്‍ വിജയിക്കുന്ന പാര്‍ട്ടിക്ക് രാജ്യത്താകമാനം മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നുണ്ട്. ഇതാ വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടാം.

Fine Gael

Eoghan Murphy രാജിവച്ചെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് വിജയമുറപ്പിക്കുക എന്നത് Fine Gael-ന് പ്രധാനമാണ്. Eoghan Murphy തുടര്‍ച്ചയായി മൂന്ന് തവണ (2011-ല്‍ ഡബ്ലിന്‍ ബേ സൗത്ത് ഉള്‍പ്പെട്ട Dublin South-East മണ്ഡലത്തില്‍ നിന്നും) വിജയിച്ച മണ്ഡലമാണിത്. നിലവിലെ കൗണ്‍സിലര്‍ കൂടിയായ പുതുമുഖം James Geoghegan-നെയാണ് പാര്‍ട്ടി ഈ ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത്. നിലവിലെ മന്ത്രിമാരെ പോലും പിന്തള്ളിയാണ് James Geoghegan-ന്റെ സ്ഥാനാര്‍ത്ഥത്വം Fine Gael നേതൃത്വം അംഗീകരിച്ചത്. അഭിഭാഷകന്‍ കൂടിയാണ് ഇദ്ദേഹം. പാര്‍ട്ടിയുടെ ഹൃദയഭൂമി എന്നും ഡബ്ലിന്‍ ബേ സൗത്തിനെ ചില മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നതിനാല്‍ ഇതൊരു അഭിമാനപ്പോരാട്ടം കൂടിയാണ് Fine Gael-ന്. പാര്‍ട്ടിയിലെ 28% പേര്‍ ഇദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിന്തുണച്ചിരുന്നു. Fine Gael ഇവിടെ വിജയിക്കുക എന്നത് പാര്‍ട്ടി നേതാവും, ഉപപ്രധാനമന്ത്രിയുമായ ലിയോ വരദ്കറുടെയും രാഷ്ട്രീയ ഭാവിക്ക് അനിവാര്യമാണ്.

Labour Party

സാധാരണയായി ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥി 50%-ലേറെ വോട്ടുകള്‍ നേടണമെന്നാണ് കണക്കാക്കപ്പെടുന്നത്. അതുപോലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് മറിയുക എന്ന പ്രതിഭാസവും സാധാരണമാണ്. ഈ സാഹചര്യമാണ് ലേബര്‍ സ്ഥാനാര്‍ത്ഥിയായ Ivana Bacik-ന് അനുകൂലമാകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വെറും 8% വോട്ട് മാത്രമേ നേടാനായുള്ളൂവെങ്കിലും ഇത്തവണ അത് വര്‍ദ്ധിച്ചേക്കുമെന്നും, ഒരുപക്ഷേ വിജയത്തിലേയ്ക്ക് വരെ എത്തിയേക്കുമെന്നും വിദഗ്ദ്ധര്‍ പ്രതീക്ഷിക്കുന്നുണ്ട്.

Sinn Fein

രാജ്യത്തെ ഭവനപ്രതിസന്ധി സര്‍ക്കാരിനെതിരെ പ്രധാന ആയുധമാക്കി ഉപതെരഞ്ഞെടുപ്പിനെ നേരിടാനാണ് Sinn Fein-ന്റെ തീരുമാനം. രാജ്യം നേരിടുന്ന പ്രധാനപ്രതിസന്ധി അതു തന്നെയാണെന്നാണ് Sinn Fein അടക്കമുള്ള പാര്‍ട്ടികളും, ജനങ്ങളില്‍ വലിയൊരു വിഭാഗവും വിശ്വസിക്കുന്നത്. പാര്‍ലമെന്റിലും സര്‍ക്കാരിനെതിരെ Sinn Fein പ്രധാന വിമര്‍ശനമുന്നയിക്കുന്നത് ഭവനപ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്.

സെനറ്ററായ Lynn Boylan-നെയാണ് ഇത്തവണ മണ്ഡലം പിടിക്കാനായി Sinn Fein രംഗത്തിറക്കിയിരിക്കുന്നത്. തന്റെ കാംപെയ്‌നിലും പ്രസ്തുത വിഷയമായിരിക്കും Boylan പ്രധാന ചര്‍ച്ചയാക്കുക. ധാരാളം വാടകക്കാര്‍ താമസിക്കുന്ന ഇടം കൂടിയായതിനാല്‍ ഡബ്ലിന്‍ ബേ സൗത്തില്‍ ഈ വിഷയത്തിന് പ്രധാന്യവുമുണ്ട്. എങ്കിലും ശക്തികേന്ദ്രമല്ലാത്തതിനാല്‍ Sinn Fein-ന്റെ വിജയത്തില്‍ ഉറപ്പൊന്നുമില്ല.

Social Democrats

മണ്ഡലത്തിലെ Social Democrats സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മുമ്പ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുള്ള Sarah Durcan ആണ്. രാജ്യത്തെ ഭവനപ്രതിസന്ധി തന്നെയാണ് തെരഞ്ഞെടുപ്പില്‍ Durcan-ഉം പ്രധാന ചര്‍ച്ചാ വിഷയമാക്കുക. ലോക്ഡൗണിന് ശേഷമുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചും അവര്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്ക്കും. ഈ സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം, വീടുകളില്‍ നിന്നും പുറത്താക്കപ്പെട്ടവരുടെ കൂടി ശബ്ദം ഈ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് Durcan നേരത്തെ പറഞ്ഞിരുന്നു.

Fiana Fail

ഇത്തവണ മത്സരിക്കാനില്ലെന്ന് Claire O’Connor പ്രഖ്യാപിച്ചതോടെ Fiana Fail-ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ശക്തി നല്‍കുന്നത് Deirdre Conroy ആണ്. അയര്‍ലണ്ടില്‍ അബോഷന്‍ നിയമവിരുദ്ധമാക്കിയ നിയമത്തെ ചോദ്യം ചെയ്ത ശ്രദ്ധേയ വ്യക്തികളിലൊരാളാണ് Conroy. കുഞ്ഞിന് വൈകല്യങ്ങളുണ്ടെന്ന് സ്‌കാനിങ്ങില്‍ കണ്ടെത്തിയാല്‍ അബോര്‍ഷന്‍ അനുവദിക്കണമെന്ന് വാദിക്കുന്ന Conroy-ക്ക് സമാന ചിന്താഗതിയുള്ളവരുടെ കൂടി പിന്തുണ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ നിയമം ഭേദഗതി വരുത്തണമെന്നത് സംബന്ധിച്ച് 2018-ല്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ 78% പേരും അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ Ivana Bacik-ഉം ഇതേ വാദം ഉയര്‍ത്തിയിരുന്നു.

Green Party

നിലവിലെ ഡബ്ലിന്‍ മേയര്‍ Hazel Chu-വിനെ പിന്തള്ളി അവസാന നിമിഷമാണ് Calire Byrne ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാര്‍ കൂട്ടുകക്ഷിയായ ഗ്രീന്‍ പാര്‍ട്ടി, ഭവനപ്രതിസന്ധി, കാലാവസ്ഥാ മാറ്റം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സര്‍ക്കാരിനുള്ളില്‍ ചലനം സൃഷ്ടിച്ചിരുന്നു. പ്രധാനലക്ഷ്യമായ പരിസ്ഥിതി സംരക്ഷണ കാംപെയ്‌നുകള്‍ പക്ഷേ മഹാമാരിക്കാലത്ത് അത്ര ഫലം കണ്ടില്ല. ഗ്രീന്‍ പാര്‍ട്ടിയുടെ ഭരണ മുന്നണിയിലെ പ്രകടനത്തിന്റെ വിലയിരുത്തല്‍ കൂടിയാകും ഈ ഉപതെരഞ്ഞെടുപ്പ്.

Aontu

2019 ജനുവരിയില്‍ രൂപീകരിക്കപ്പെട്ട Aontu എന്ന നവയുഗ പാര്‍ട്ടി Mairead Tóibín-നെയാണ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. മുന്‍ Sinn Fein പ്രവര്‍ത്തകനായിരുന്ന Peadar Tóibín ആണ് Aontu-വിന് രൂപം നല്‍കിയത്.

People Before Profit

Brigid Purcell ആണ് ഡബ്ലിന്‍ ബേ സൗത്തില്‍ People Before Profit-നെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. തൊഴിലാളി വര്‍ഗ്ഗത്തെയും, ഇടത് പക്ഷത്തെയും പ്രതിനിധീകരിക്കുന്ന Purcell, ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ പലസ്തീന് അനുകൂലമായും, ഫാസിസത്തിനെതിരെയും ശബ്ദമുയര്‍ത്തി ശ്രദ്ധ നേടിയ ആളാണ്.

National Party

30 വര്‍ഷത്തോളമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കൈമുതലാക്കിയ Justin Barrett ആണ് National Party-യെ പ്രതിനിധീകരിച്ച് ഡബ്ലിന്‍ സൗത്ത് ബേയില്‍ മത്സരിക്കുന്നത്. അബോര്‍ഷന് എതിരായ കാംപെയ്‌നുകളില്‍ സജീവമായിക്കൊണ്ടായിരുന്നു അദ്ദേഹം രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചത്. വലതുപക്ഷ-പാരമ്പര്യ വാദിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കുടിയേറ്റത്തിനെതിരെയും ഇദ്ദേഹം നിലപാടെടുത്തിരുന്നു.

Share this news

Leave a Reply

%d bloggers like this: