അയർലണ്ടിലെ ആശുപത്രികളിലുള്ള കോവിഡ് രോഗികൾ ഇരട്ടിയായേക്കുമെന്ന് മുന്നറിയിപ്പ്; ലൈവ് മ്യൂസിക് അടക്കം കൂടുതൽ ഇളവുകൾ നൽകാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്

അയര്‍ലണ്ടില്‍ കോവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം മാസാവസാനത്തോടെ ഇരട്ടിയായി ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. അതേസമയം രാജ്യത്ത് കൂടുതല്‍ കോവിഡ് ഇളവുകള്‍ നല്‍കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയുമാണ്.

ആരോഗ്യവിദഗ്ദ്ധര്‍ വെള്ളിയാഴ്ച മന്ത്രിമാരുടെ ഉപസമിതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ രാജ്യത്തെ ആശുപത്രികളിലുള്ള കോവിഡ് രോഗികളുടെ എണ്ണം ഈ മാസം അവസാനത്തോടെ 400 ആയി ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്നലെത്തെ കണക്കനുസരിച്ച് 189 ആണ് ആശുപത്രികളില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം. എന്നാല്‍ ഏതാനും ദിവസങ്ങളായി രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന ക്രമാനുഗതമായ വര്‍ദ്ധന, സ്ഥിതി വഷളാക്കിയേക്കുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്‍കുന്നത്. ഇന്നലെ 1,782 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ജനുവരിക്ക് ശേഷം ഒറ്റ ദിവസം ഇത്രയും രോഗികള്‍ ഉണ്ടാകുന്നത് ഇതാദ്യമാണ്.

അതേസമയം സെപ്റ്റംബറോടെ രാജ്യത്ത് ബാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നാണ് ഇന്നലത്തെ യോഗത്തിന് ശേഷം സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഈ മാസം അവസാനം വരെ തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ലൈവ് മ്യൂസിക് അടക്കമുള്ള പരിപാടികള്‍ പ്രത്യേകനിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതിനിടെ മുന്‍മന്ത്രി Katherine Zappone ഡബ്ലിനിലെ Merrion Hotel-ല്‍ 50-ഓളം പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയത് വിവാദമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ധൃതിയില്‍ ഇളവുകള്‍ നല്‍കാനൊരുങ്ങുന്നതെന്ന വിമര്‍ശനമുയരുന്നുണ്ട്. ഈ പരിപാടിയില്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ അടക്കം പങ്കെടുത്തിരുന്നു. തുടര്‍ന്ന് വരദ്കര്‍ ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു.

പുതിയ ഇളവുകള്‍ പ്രകാരം 200-ഓളം പേര്‍ക്ക് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

പള്ളികളിലെ Communions, confirmations എന്നിവയ്ക്കും സെപ്റ്റംബര്‍ മുതല്‍ അനുമതി നല്‍കുമെന്ന് കരുതപ്പെടുന്നു.

Share this news

Leave a Reply

%d bloggers like this: