സ്വർണ്ണം കൊയ്ത് കെല്ലി; ടോക്കിയോ ഒളിമ്പിക്സിന്റെ അവസാന ദിനം അയർലണ്ടിന് ബോക്സിങ്ങിൽ സ്വർണ്ണം

ടോക്കിയോ ഒളിംപിക്‌സില്‍ അയര്‍ലണ്ടിന്റെ കെല്ലി ഹാരിങ്ടണ് സ്വര്‍ണ്ണം. വനിതകളുടെ ലൈറ്റ് വെയ്റ്റ് ബോക്‌സിങ് ഫൈനലില്‍ ബ്രസീലിന്റെ ബിയാട്രിസ് ഫെറേരയെ ഇടിച്ചൊതുക്കിയാണ് കെല്ലി സ്വര്‍ണ്ണത്തില്‍ മുത്തമിട്ടത്. ഇതോടെ ഇത്തവണത്തെ ഒളിംപിക്‌സില്‍ അയര്‍ലണ്ടിന്റെ സ്വര്‍ണ്ണനേട്ടം രണ്ടായി. പുരുഷന്മാരുടെ തുഴച്ചില്‍ ടീം നേരത്തെ സ്വര്‍ണ്ണവുമായി മടങ്ങിയിരുന്നു. ടോക്കിയോ ഒളിംപിക്‌സിന്റെ അവസാന ദിനമായ ഇന്ന് വീണ്ടും അയര്‍ലണ്ടിനെ സ്വര്‍ണ്ണശോഭയില്‍ മുക്കിയാണ് കെല്ലി തിരികെ വിമാനം കയറുന്നത്.

അയര്‍ലണ്ടിനായി ബോക്‌സിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന മൂന്നാമത്തെ താരമാണ് കെല്ലി. മുമ്പ് Michael Carruth, Katie Taylor എന്നിവരാണ് രാജ്യത്തിനായി ബോക്‌സിങ് സ്വര്‍ണ്ണം നേടിയിട്ടുള്ളത്.

നിലവിലെ ലോകചാംപ്യനും, ലോക ഒന്നാം നമ്പറുമായ ബ്രസീലിന്റെ ബിയാട്രിസിനെ ഞായറാഴ്ച രാവിലെ 6 മണിയോടെ നടന്ന മത്സരത്തില്‍ തന്ത്രപൂര്‍വ്വമുള്ള നീക്കങ്ങളോടെയാണ് കെല്ലി പരാജയപ്പെടുത്തിയത്. ആക്രമണത്തോടെ തുടങ്ങിയ ബിയാട്രിസിനെ മികവാര്‍ന്ന പ്രതിരോധത്തിലൂടെ കെല്ലി ചെറുത്തു. ഫൂട്ട് വര്‍ക്കിന് മേലുള്ള മേല്‍ക്കൈ ബിയാട്രിസിന് മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കെല്ലിയെ സഹായിക്കുകയും ചെയ്തു.

ആദ്യ റൗണ്ടില്‍ പക്ഷേ 3-2-ന് ബിയാട്രിസ് വിജയിച്ചു. എന്നാല്‍ രണ്ടാം റൗണ്ടില്‍ മികച്ച തിരിച്ചടിയുമായി കെല്ലി വിജയം നേടി. അതോടെ അവസാന റൗണ്ടിലെ പോരാട്ടത്തില്‍ തീപാറി. തോറ്റുകൊടുക്കാന്‍ ഭാവമില്ലാതെ ഇരുവരും ആക്രമണം തന്നെ തെരഞ്ഞെടുത്തപ്പോള്‍ അന്തിമവിജയം കെല്ലിക്കൊപ്പമായിരുന്നു. അവസാനറൗണ്ടില്‍ തകര്‍പ്പന്‍ ഇടികളുമായി കെല്ലി കളം നിറഞ്ഞപ്പോള്‍ ഐകകണ്‌ഠ്യേന ജഡ്ജസ് കെല്ലിയുടെ വിജയം പ്രഖാപിച്ചു.

ഒളിംപിക്‌സ് ചരിത്രത്തിലുടനീളം അയര്‍ലണ്ട് നേടുന്ന ഒമ്പതാമത്തെ സ്വര്‍ണ്ണ മെഡല്‍ കൂടിയാണ് ഡബ്ലിന്‍ സ്വദേശിയായ 31-കാരി കെല്ലി ഹാരിങ്ടണിന്റേത്.

Share this news

Leave a Reply

%d bloggers like this: