500 പേർക്ക് ജോലി നൽകുമെന്ന തീരുമാനം സ്വാഗതാർഹം; എന്നാൽ ആമസോൺ വെയർഹൗസുകളിലെ ചൂഷണം അയർലൻഡിലും തുടരുമെന്ന് ആശങ്ക

ഡബ്ലിനില്‍ പുതിയ വെയര്‍ഹൗസ് തുങ്ങുക വഴി 500 പേര്‍ക്ക് സ്ഥിരജോലി നല്‍കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചതിന് പുറമെ, ആമസോണ്‍ വെയര്‍ഹൗസുകളിലെ ജോലിസാഹചര്യങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ രംഗത്ത്.

ഡബ്ലിനിലെ Baldonnell Business Park-ല്‍ 2022-ഓടെ ആരംഭിക്കുന്ന വെയര്‍ഹൗസില്‍ 500 പേര്‍ക്ക് ജോലി നല്‍കുമെന്ന് വ്യാഴാഴ്ചയാണ് ആമസോണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ആമസോണ്‍ വെയര്‍ഹൗസുകളില്‍ ജോലിക്കാരെ കര്‍ശനമായി നിരീക്ഷിക്കുകയും, വേണ്ടത്ര ഒഴിവുസമയം നല്‍കുകയും ചെയ്യാതെ ചൂഷണം ചെയ്യുന്നുവെന്നും നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്ന കാര്യം ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടുകയാണ്. Navigation software, item scanners, wristbands, thermal cameras, security cameras, recorded footage എന്നിവയെല്ലാം ജോലിക്കാരെ നിരീക്ഷിക്കാനായി കമ്പനി ഉപയോഗിക്കുന്നുണ്ടെന്ന് നേരത്തെ മാധ്യമസ്ഥാപനമായ Reuters നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ആമസോണ്‍ തങ്ങളുടെ തൊഴിലിടങ്ങളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനുവദിക്കാറില്ലെന്നും, തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാറില്ലെന്നും നേരത്തെ പലതവണ പരാതിയുയര്‍ന്നിരുന്നു. യുഎസിലെ അലബാമയിലുള്ള Bessemer-ലെ വെയര്‍ഹൗസില്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള ഒരു തൊഴിലാളികളുടെ ശ്രമം നിയമലംഘനത്തിലൂടെ ആമസോണ്‍ തടസപ്പെടുത്തിയതായി ഫെഡറല്‍ ബോര്‍ഡ് കഴിഞ്ഞ മാസം കണ്ടെത്തിയതും ഈ ആരോപണം സംബന്ധിച്ചുള്ള പുതിയ തെളിവാണ്. യൂണിയന്‍ വേണോ എന്നത് സംബന്ധിച്ച് വോട്ടെടുപ്പ് നടന്നപ്പോള്‍ വോട്ടിങ് ബാലറ്റ് നിക്ഷേപിക്കാനായി വെയര്‍ഹൗസിന് പുറത്ത് ഒരു US Postal Service പോസ്റ്റ് ബോക്‌സ് ആമസോണ്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ തങ്ങളുടെ വോട്ട് എന്താണെന്ന് ആമസോണ്‍ അധികൃതര്‍ ഇതിലൂടെ അറിഞ്ഞേക്കുമെന്ന് (യൂണിയന്‍ വേണമെന്ന് വോട്ട് ചെയ്താല്‍ ജോലിയെ ബാധിക്കുമെന്നും) ഭയന്ന പല തൊഴിലാളികളും യൂണിയന്‍ വേണ്ടെന്ന് വോട്ട് ചെയ്യുകയും, യൂണിയന്‍ രൂപീകരിക്കാനുള്ള നീക്കം വോട്ടെടുപ്പില്‍ 2:1 എന്ന നിലയില്‍ പരാജയപ്പെടുകയും ചെയ്തു.

ഇത്തരം പ്രവണതകള്‍ അയര്‍ലന്‍ഡിലും ഉണ്ടായേക്കുമെന്നാണ് യൂണിയന്‍ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. Communications Workers Union (CWU), SIPTU എന്നീ സംഘടനകളുടെ നേതാക്കന്മാര്‍ ഈ ആശങ്ക പരസ്യമാക്കുകയും ചെയ്തു.

ആമസോണിന്റെ തൊഴിലവസരങ്ങള്‍ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും, അതേസമയം തൊഴില്‍പ്രശ്‌നങ്ങള്‍ നമ്മുടെ അടുത്തെത്തി എന്നത് കൂടിയാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നതെന്നും SIPTU വക്താവ് പറഞ്ഞു. അയര്‍ലന്‍ഡില്‍ ജോലിക്കാരുമായി ആമസോണ്‍ ഉണ്ടാക്കുന്ന കരാര്‍ എത്തരത്തിലുള്ളതായിരിക്കുമെന്ന് അറിയില്ലെങ്കിലും, മറ്റ് രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നും അവര്‍ വ്യക്തമാക്കി. ജോലിക്കാരെ പിന്തുണയ്ക്കാനായി തങ്ങള്‍ ആവുന്നതെല്ലാം ചെയ്യുമെന്നും SIPTU അറിയിച്ചു.

അതേസമയം ജോലിക്കാര്‍ക്ക് യൂണിയനില്‍ ചേരണോ, വേണ്ടയോ എന്നത് എപ്പോഴത്തെയും പോലെ സ്വയം തീരുമാനിക്കാവുന്നതാണെന്ന് ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ വക്താവ് The Journal-നോട് പറഞ്ഞു. എന്നാല്‍ തങ്ങളുടെ ജോലിക്കാര്‍ക്ക് യൂണിയനുകള്‍ നല്ലതാണെന്ന് കരുതുന്നില്ലെന്നും, ജോലിക്കാരെ വേഗത്തില്‍ മികച്ച പ്രവൃത്തിപരിചയമുളളവരായി വളര്‍ത്തിയെടുക്കുന്നതില്‍ യൂണിയനുകള്‍ തടസം സൃഷ്ടിച്ചേക്കാമെന്നും ആമസോണ്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: