സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 20 വയസ്; ലോകം ഐക്യത്തോടെ ഭീകരതയെ നേരിടട്ടെ

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിന് ഇന്ന് 20 വര്‍ഷം. 2001 സെപ്റ്റംബര്‍ 11-നായിരുന്നു യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടകെട്ടിട സമുച്ചയത്തിലേയ്ക്ക് തീവ്രവാദികള്‍, രണ്ട് വിമാനങ്ങള്‍ ഇടിച്ചുകയറ്റിയത്. ആക്രമണത്തില്‍ 2,996 പേര്‍ കൊല്ലപ്പെടുകയും, 25,000-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇസ്ലാമിക തീവ്രവാദസംഘടനയായ അല്‍ഖ്വയ്ദയുടെ 19 പ്രവര്‍ത്തകര്‍ നാല് യുഎസ് യാത്രാ വിമാനങ്ങള്‍ തട്ടിയെടുക്കുകയും, അതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേയ്ക്ക് ഇടിച്ചിറക്കുകയുമായിരുന്നു. മറ്റ് രണ്ട് വിമാനങ്ങളില്‍ ഒന്ന് പെന്റഗണിലേയ്ക്ക് ഇടിച്ചുകയറ്റിയപ്പോള്‍ നാലാമത്തെ വിമാനം യാത്രക്കാരുടെ ഇടപെടല്‍ കൊണ്ട് പെന്‍സില്‍വേനിയയിലെ ഒരു പാടത്ത് ഇടിച്ചിറങ്ങി. ഈ വിമാനം വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയായിരുന്നു പോയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. 125 പേരാണ് പെന്റഗണില്‍ കൊല്ലപ്പെട്ടത്. പെന്‍സില്‍വേനിയയിലെ പാടത്ത് തകര്‍ന്നുവീണ വിമാനത്തിലെ 44 യാത്രക്കാരും കൊല്ലപ്പെട്ടു. വിമാനങ്ങള്‍ തട്ടിയെടുത്ത എല്ലാ തീവ്രവാദികളും നാല് വിമാനങ്ങളിലുമായി കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

സംഭവത്തോടെ അമേരിക്കയും മറ്റനേകം രാജ്യങ്ങളും വലിയ തോതില്‍ ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. രാജ്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സുരക്ഷ കര്‍ശനമാക്കാന്‍ ആരംഭിക്കുകയും, ഭീകരതയ്‌ക്കെതിരായ സഖ്യങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

September 11 anniversary

അല്‍ഖ്വയ്ദ നേതാവായിരുന്നു ഒസാമ ബിന്‍ലാദനായിരുന്നു ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്ന് വിശ്വസിച്ച അമേരിക്ക, ലാദനെ സംരക്ഷിക്കുന്നത് അഫ്ഗാന്‍ ഭരിച്ചിരുന്ന താലിബാന്‍ ഭരണകൂടമാണെന്നാരോപിച്ച് അഫ്ഗാനെ ആക്രമിക്കുകയും, താലിബാന്‍ ഭരണം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലാദനെ കിട്ടിയില്ല. പിന്നീട് 2011 മെയ് 2-നാണ് ലാദനെ അമേരിക്കന്‍ പ്രത്യേക ദൗത്യസംഘം പാക്കിസ്ഥാനിലെ അബട്ടാബാദിലുള്ള വീട്ടില്‍ വച്ച് കൊലപ്പെടുത്തുന്നത്.

സംഭവത്തിന്റെ 20-ആം വാര്‍ഷികത്തില്‍ അമേരിക്ക ഭീകരവേട്ടയ്ക്ക് തുടക്കമാരംഭിച്ച അഫ്ഗാനില്‍ നിന്നും പിന്മാറിയതും, ലാദനെ സംരക്ഷിച്ചുവെന്ന് അമേരിക്ക ആരോപിച്ച താലിബാന്‍ അഫ്ഗാനില്‍ വീണ്ടും ഭരണം പിടിച്ചെടുത്തതും ചരിത്രത്തിലെ വിരോധാഭാസങ്ങള്‍. അല്‍ഖ്വയ്ദയ്ക്ക് അഫ്ഗാന്‍ വീണ്ടും താവളമായേക്കുമെന്ന ആശങ്ക പങ്കുവച്ചുകൊണ്ടുതന്നെയാണ് യുഎസ് സേനാപിന്മാറ്റം നടത്തിയതും.

അതേസമയം വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും, തുടര്‍ന്നുണ്ടായ ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളും ലോകമുസ്ലിങ്ങളെ തന്നെ സംശയമുനയില്‍ നിര്‍ത്തി എന്നത് ദാരുണമാണ്. സാധുക്കളും, നിരപരാധികളുമായ നിരവധി മുസ്ലിം വിശ്വാസികള്‍ക്ക് വിവിധ രാജ്യങ്ങളിലായി വിദ്വേഷ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ഇന്നും അത് തുടരുന്നു.

Police officers salute their comrades

9/11 ആക്രമണം എന്നറിയപ്പെടുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഇന്ന് ന്യൂയോര്‍ക്കില്‍ ടോള്‍ ബെല്‍ മുഴക്കുകയും, തുടര്‍ന്ന് ഒരു നിമിഷത്തെ മൗനമാചരിക്കുകയും ചെയ്തു. നഗരത്തില്‍ നടന്ന അനുസ്മരണച്ചടങ്ങില്‍ ആക്രമണത്തില്‍ മരിച്ചവരുടെ ബന്ധുക്കളെയും, ആദ്യ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരെയും പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ബില്‍ ക്ലിന്റണ്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ആക്രമണം ഉണ്ടായ സ്ഥലത്തായിരുന്നു അനുസ്മരണച്ചടങ്ങുകള്‍.

‘മാതാപിതാക്കളില്ലാതെ കുട്ടികള്‍ വളരേണ്ടി വന്നു, കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍ക്ക് കഷ്ടതയില്‍ ജീവിക്കേണ്ടിയും വന്നു.’ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായവരെയും ബന്ധുക്കളെയും അനുസ്മരിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

‘വെല്ലുവിളികള്‍ നേരിടുമ്പോള്‍… ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ കരുത്ത്.’ എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഭീകര പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടും ഇന്നും തുടരുമ്പോള്‍, ഐക്യമാണ് കരുത്ത് എന്ന ബൈഡന്റെ സന്ദേശം വലിയ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മത-ജാതി-ദേശ-വര്‍ണ്ണ-ലിംഗ വിവേചനങ്ങളില്ലാത്ത ഐക്യമാകട്ടെ ഭീകരതയ്‌ക്കെതിരെ ലോകത്തിന്റെ കരുത്ത്. സമാധാനം പുലരട്ടെ.

Share this news

Leave a Reply

%d bloggers like this: