പുതിയ ബജറ്റിൽ ടാക്സ് വർദ്ധിപ്പിക്കാൻ നിർദ്ദേശം; അയർലൻഡിൽ ഇലക്ട്രിക് കാറുകൾക്ക് 4,100 യൂറോയും, സാധാരണ കാറുകൾക്ക് 1,294 യൂറോയും വില വർദ്ധിച്ചേക്കും

ഐറിഷ് സര്‍ക്കാര്‍ അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പുതിയ കാറുകള്‍ വാങ്ങുമ്പോഴുള്ള ടാക്‌സ് തുക വര്‍ദ്ധിപ്പിക്കാന്‍ നീക്കം. പുതിയ ഇടത്തരം കാറുകള്‍ക്ക് ഇതോടെ ശരാശരി 1,294 യൂറോയും, ഇലക്ട്രിക് കാറുകള്‍ക്ക് 4,100 യൂറോയും വില വര്‍ദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്.

100g/km-ല്‍ അധികം കാര്‍ബണ്‍ പുറന്തള്ളുന്ന വാഹനങ്ങളുടെ Vehicle Registration Tax (VRT)-ല്‍ 2 മുതല്‍ 5% വരെ വര്‍ദ്ധന വരുത്താനാണ് ടാക്‌സ് വിദഗ്ദ്ധര്‍ ധനകാര്യവകുപ്പിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്. കൂടാതെ 50,000 യൂറോ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് നല്‍കിവരുന്ന ടാക്‌സ് ഇളവ് 40,000 മുതല്‍ 30,000 യൂറോ വരെ വിലയുള്ള ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. നിലവില്‍ ഈ കാറുകള്‍ക്ക് 5,000 യൂറോ ടാക്‌സ് ഇളവുണ്ട്. ഇതോടെ രാജ്യത്ത് വലിയ രീതിയില്‍ വില്‍പ്പന നടത്തുന്ന Volkswagen ID.3 Family പോലുള്ള ഇലക്ട്രിക് കാറുകള്‍ക്ക് വില വര്‍ദ്ധിക്കും.

നിര്‍ദ്ദേശിക്കപ്പെട്ട ടാക്‌സ് മാറ്റങ്ങള്‍ നടപ്പില്‍ വരികയാണെങ്കില്‍ 101g/km മുതല്‍ 105g/km എമിഷന്‍ ഉള്ള കാറുകള്‍ക്ക് ശരാശരി 604 യൂറോ, 126g/km – 130g/km വരെയുള്ളവയ്ക്ക് 1,141 യൂറോ, 141g/km എമിഷനുള്ള കാറുകള്‍ക്ക് 2,401 യൂറോ എന്നിങ്ങനെ ശരാശരി VRT തുക വര്‍ദ്ധിക്കും.

191g/km എമിഷന്‍ ഉള്ള വലിയ എസ്‌യുവി പോലുള്ള വാഹനങ്ങളുടെ VRT ശരാശരി 8,765 യൂറോയായും വര്‍ദ്ധിക്കും.

അതേസമയം ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വാഹനവ്യവസായികള്‍ രംഗത്തുവന്നിട്ടുണ്ട്. രാജ്യത്ത് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയാണ് ഇവയെന്നാണ് വിമര്‍ശനം. വില വര്‍ദ്ധിക്കുന്നതോടെ ആളുകള്‍ പുതിയ കാറുകള്‍ വാങ്ങാന്‍ മടിക്കുകയും, കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന തങ്ങളുടെ പഴയ കാറുകള്‍ ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും. ഇത് രാജ്യത്തെ മലിനീകരണം വര്‍ദ്ധിപ്പിക്കാനിടയാക്കും – വാഹനവ്യവസായികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

നിലവില്‍ അയര്‍ലന്‍ഡില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള 900,000 കാറുകള്‍ ഉണ്ടെന്നാണ് കണക്ക്. പഴക്കമുള്ള കാറുകളില്‍ നിന്നുമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ അധികമായിരിക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇലക്ട്രിക് കാറുകള്‍ക്കുള്ള ടാക്‌സ് ഇളവ് കുറയ്ക്കുന്നതും സമാനമായ അവസ്ഥ സൃഷ്ടിക്കും. കൂടുതല്‍ ഇലക്ട്രിക് കാറുകള്‍ രാജ്യത്തെ നിരത്തുകളിലിറക്കുകയെന്ന സര്‍ക്കാരിന്റെ തന്നെ ദൗത്യത്തിന് എതിരാണ് ഈ തീരുമാനമെന്നും ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.

Share this news

Leave a Reply

%d bloggers like this: