യൂറോപ്പിതര ഡോക്ടർമാരുടെ കഷ്ടപ്പാടിന് അറുതി; അയർലൻഡിൽ പോസ്റ്റ് ഗ്രാജ്വേഷൻ പൂർത്തിയാക്കാൻ കൂടുതൽ സൗകര്യമായൊരുക്കുന്ന നയമാറ്റം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ ഡോക്ടര്‍മാര്‍ക്ക് അയര്‍ലന്‍ഡില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനിങ് പ്രോഗ്രാമുകള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സാധ്യതകളൊരുക്കുന്ന രീതിയില്‍ നയമാറ്റം വരുത്തുന്നതായി ആരോഗ്യമന്ത്രി Stephen Donnelly. രാജ്യത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ള നിരവധി ഡോക്ടര്‍മാരുടെ ദീര്‍ഘകാലത്തെ കഷ്ടപ്പാടിനാണ് ഇതോടെ പരിഹാരമാകുന്നത്. ഈ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കി കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്ന തരത്തില്‍ നയങ്ങളില്‍ മാറ്റം വരുത്തുന്നതായി മന്ത്രി വ്യക്തമാക്കി.

ഇതുവരെ യൂറോപ്യന്‍ യൂണിയനിലും, യൂറോപ്യന്‍ എക്കണോമിക് ഏരിയക്ക് ഉള്ളിലും (EEA) ഉള്ള ഡോക്ടര്‍മാര്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് അയര്‍ലന്‍ഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ മുന്‍ഗണന. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കാനും മറ്റും പോസ്റ്റ് ഗ്രാജ്വേഷന്‍ ആവശ്യവുമാണ്. എന്നാല്‍ കഴിവും, മികവുമുണ്ടായിട്ടും ഇന്ത്യക്കാരടക്കമുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും EU/EEA പൗരന്മാരല്ല എന്ന കാരണത്താല്‍ പ്രോഗ്രാമുകളില്‍ ചേരാന്‍ സാധിക്കാത്ത അവസ്ഥ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തങ്ങളെക്കാള്‍ കഴിവും, പരിജ്ഞാനവും കുറഞ്ഞ ഇ.യു പൗരന്മാര്‍ കോഴ്‌സ് പൂര്‍ത്തിയാക്കി പ്രൊമോഷന്‍ നേടുന്നതില്‍ ഇവര്‍ പലവട്ടം ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തില്‍ കോവിഡ് കാലത്ത് അയര്‍ലന്‍ഡിന്റെ ആരോഗ്യസംവിധാനത്തില്‍ ഏറെ സംഭാവനകള്‍ നല്‍കിയ യൂറോപ്പിതര പൌരന്മാരായ  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തക്കതായ പരിഗണന നല്‍കാന്‍ വ്യാപകമായ ആവശ്യമുയര്‍ന്നിരുന്നു. ഇവര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറക്കാനായി Regulated Professions (Health and Social Care) Amendment Bill 2020 കഴിഞ്ഞ വര്‍ഷം പാസാക്കിയിരുന്നെങ്കിലും, ബില്‍ ഉദ്ദേശിച്ച ഫലം നല്‍കുന്നില്ലെന്ന് വിമര്‍ശനമുയരുകയും ചെയ്തിരുന്നു.

പാക്കിസ്ഥാന്‍ സ്വദേശിയായ പീഡിയാട്രിക് ഡോക്ടര്‍ മൊഹ്‌സിന്‍ കമാല്‍ അടക്കമുള്ളവര്‍ ഈ വിവേചനത്തിനെതിരെ രംഗത്ത് വരികയും, തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്തതിന്റെ ഫലമായാണ് നിലവില്‍ ഏവര്‍ക്കും ആശാവഹമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി അയര്‍ലന്‍ഡില്‍ ജോലി ചെയ്യുന്ന കമാലിന്, ഇ.യു പൗരനല്ല എന്ന കാരണത്താല്‍ മാത്രം പലതവണ അര്‍ഹമായ പോസ്റ്റ് ഗ്രാജ്വേഷന്‍ സാധ്യതകളും, പ്രൊമോഷനും ഇല്ലാതാക്കപ്പെട്ടു. തന്നെക്കാള്‍ യോഗ്യത കുറഞ്ഞ ഇ.യു പൗരന്മാര്‍ ജോലിയില്‍ ഉയര്‍ന്ന റാങ്കുകളില്‍ പ്രവേശിക്കുമ്പോഴും താന്‍ ഒരേ റാങ്കില്‍ തുടരേണ്ടിവരുന്നതിന്റെ വേദന അദ്ദേഹം മുമ്പ് പങ്കുവച്ചിരുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനം ‘പ്രധാനപ്പെട്ട നേട്ടമാണ്’ എന്ന് അദ്ദേഹം പ്രതികരിച്ചു.

പുതിയ മാറ്റം 2022 ജൂലൈ മുതലുള്ള പോസ്റ്റ് ഗ്രാജ്വേഷന്‍ റിക്രൂട്ട്‌മെന്റ് തൊട്ട് ആരംഭിക്കുമെന്ന് മന്ത്രി Donnelly വ്യക്തമാക്കി. തീരുമാനം കൂടുതല്‍ യൂറോപ്പിതര പൗരന്മാരെ അയര്‍ലന്‍ഡിന്റെ ആരോഗ്യസേവന രംഗത്തേയ്ക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ.

Share this news

Leave a Reply

%d bloggers like this: