അയർലൻഡിലെ മുൻനിര ജോലിക്കാർക്ക് അവധിദിനവും, ടാക്സ് ഇളവും പരിഗണനയിൽ; ഈ വർഷം തന്നെ ബോണസ് നല്കിയേക്കുമെന്നും വരദ്കർ

കോവിഡ് കാലത്തെ കഠിനാദ്ധ്വാനത്തിന് പ്രതിഫലമായി മുന്‍നിര ജോലിക്കാര്‍ക്ക് അധിക അവധിദിനം, ടാക്‌സ് ഇളവ് എന്നിവ ബോണസ് ആയി നല്‍കാന്‍ ആലോചിക്കുന്നതായി ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍. ഈ സാമ്പത്തിക വര്‍ഷം തന്നെ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ വരദ്കര്‍, ബോണസ് സംബന്ധിച്ച് ഒക്ടോബര്‍ മാസത്തെ ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്.

സാധാരണയായി ബോണസുകള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെയാണ് നല്‍കിവരാറ് എന്നും, എങ്കില്‍ മാത്രമേ അത് അടുത്ത വര്‍ഷത്തെ ബജറ്റിനെ ബാധിക്കാതിരിക്കൂ എന്നും വരദ്കര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുറമെ ഗതാഗതം, റീട്ടെയില്‍ മേഖലയിലുള്ള മുന്‍നിര ജോലിക്കാര്‍ക്കും ബോണസ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുന്‍നിര ജോലിക്കാര്‍ എന്ന വിഭാഗം പൊതു, സ്വകാര്യ മേഖലകളിലായി പരന്നുകിടക്കുന്നതിനാല്‍ ആര്‍ക്കൊക്കെ ബോണസ് നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന കാര്യവും വരദ്കര്‍ സമ്മതിച്ചു. പൊതുജീവനക്കാര്‍ക്ക് മാത്രാമായിരുന്നുവെങ്കില്‍ ബോണസ് നല്‍കാന്‍ എളുപ്പമായിരുന്നുന്നെന്നും, സ്വകാര്യമേഖലയിലുള്ളവരെക്കൂടി പരിഗണിക്കണമെന്നതിനാല്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായാണ് ഒരു അവധിദിനം എല്ലാവര്‍ക്കും നല്‍കാന്‍ ആലോചിക്കുന്നത്, വരദ്കര്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച 5,000-ഓളം പേരുടെ സ്മരണ എന്ന നിലയില്‍ അവധിദിനം നല്‍കുന്നതിന് പ്രധാന്യമുണ്ട്. ടാക്‌സ് ഇളവും സജീവപരിഗണനയിലാണ്. എങ്കിലും ബോണസ് എത്തരത്തിലായിരിക്കുമെന്നും, എപ്പോള്‍ നല്‍കാമെന്നുമുള്ള കാര്യങ്ങളില്‍ അന്തിമതീരുമാനം കൈക്കൊണ്ടിട്ടില്ല, വരദ്കര്‍ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: