അയർലൻഡിൽ PUP കൈപ്പറ്റിയ 10-ൽ ഒരാൾ വീതം അനർഹരെന്ന് റിപ്പോർട്ട്

അയര്‍ലന്‍ഡില്‍ കോവിഡ് കാലത്ത് ജോലി നഷ്ടമായവര്‍ക്ക് നല്‍കിവന്ന സഹായധനമായ Pandemic Unemployment Payment (PUP) സ്വീകരിച്ച 10-ല്‍ ഒന്ന് പേരും അനര്‍ഹരെന്ന് റിപ്പോര്‍ട്ട്. Comptroller and Auditor General (C&AG) നടത്തിയ പരിശോനയിലാണ് ഏകദേശം 10 ശതമാനത്തോളം പേര്‍ അനര്‍ഹമായി PUP കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്നതെന്ന് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു.

PUP ലഭിച്ച പകുതി പേരുടെ യോഗ്യതകള്‍ പരിശോധിച്ചപ്പോഴാണ് ജോലിചെയ്തുകൊണ്ടുതന്നെ ധാരാളം പേര്‍ സഹായം കൈപ്പറ്റിയതായി കണ്ടെത്തിയത്. ഇതില്‍ 25% പേരും കോവിഡ് കാലത്തിന് മുമ്പ് എന്തെങ്കിലും ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു എന്നതിന് തെളിവൊന്നുമില്ല. വേറെ 25% പേരാകാട്ടെ ജോലി തിരികെ ലഭിച്ച ശേഷവും PUP കൈപ്പറ്റി.

PUP വകയില്‍ കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ യൂറോയോളമാണ് സര്‍ക്കാര്‍ ചെലവിട്ടതെന്ന് ഓഡിറ്ററുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാമാരി ആരംഭിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ PUP വിതരണം ആരംഭിച്ചിരുന്നു. 2020 മാര്‍ച്ച് മുതല്‍ 2021 ഫെബ്രുവരി വരെ 17.5 ലക്ഷം PUP അപേക്ഷകളാണ് സാമൂഹികക്ഷേമ വകുപ്പിന് ലഭിച്ചത്. തുടക്കത്തില്‍ ആഴ്ചയില്‍ 350 യൂറോ നിരക്കില്‍ നല്‍കിവന്ന PUP-യില്‍, പിന്നീട് 50 യൂറോ കുറവ് വരുത്തിയിരുന്നു.

ജോലി നഷ്ടപ്പെട്ടു എന്ന് പറഞ്ഞ ആളുകളെ ഉദ്യോഗസ്ഥര്‍ അപ്പാടെ വിശ്വസിച്ചത് കാരണമാണ് അനര്‍ഹര്‍ക്ക് PUP ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അപേക്ഷകള്‍ വസ്തുതാപരമാണോ എന്ന് പരിശോധിക്കാന്‍ വകുപ്പ് മെനക്കെട്ടില്ല. അപേക്ഷകളില്‍ കൃത്രിമമുണ്ടെങ്കില്‍ പരാതിയറിയിക്കാന്‍ ഒരു ടെലിഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഫോണ്‍ സംവിധാനം വഴി 400 പേരുടെ അപേക്ഷ വ്യാജമാണെന്ന് കണ്ട് ഇവര്‍ക്കുള്ള PUP നിര്‍ത്തലാക്കിയിരുന്നു.

4,300 വ്യാജ PUP അപേക്ഷകള്‍ കാരണം 2021 ഓഗസ്റ്റ് വരെ 14.5 മില്യണ്‍ യൂറോ അധികമായി ചെലവഴിക്കേണ്ടിവന്നതായി സാമൂഹികക്ഷേമ വകുപ്പിന്റെ തന്നെ റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: