ഫ്രാൻസിലെ കത്തോലിക്കാ സഭയ്ക്ക് കീഴിൽ 330,000 കുട്ടികൾ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടു; സഭയ്ക്ക് കളങ്കമായി മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്

ഫ്രാന്‍സിലെ കത്തോലിക്കാ സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ കഴിഞ്ഞ 70 വര്‍ഷത്തിനിടെ 330,000 കുട്ടികള്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. വൈദികരക്കം 3,000 പേരാണ് ഇത്തരത്തില്‍ ഉപദ്രവം നടത്തിയതെന്നാണ് Jean-Marc Sauve തലവനായ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്. ഇക്കാലമത്രയും സഭ ഈ സംഭവങ്ങള്‍ വിദഗ്ദ്ധമായി മൂടിവയ്ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഉപദ്രവത്തിന് ഇരയാവരോട് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫറന്‍സ് അധികാരികള്‍ മാപ്പപേക്ഷിച്ചു. ബാക്കി നടപടികള്‍ ചര്‍ച്ചചെയ്യുകയാണെന്നും അവര്‍ അറിയിച്ചു.

തെറ്റുകള്‍ അംഗീകരിക്കുകയും, ഇത്രയും കാലം സ്വീകരിച്ച മൗനം വെടിഞ്ഞ് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുകയുമാണ് വേണ്ടതെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടുകൊണ്ട് കമ്മിഷന്‍ സഭയോട് ആവശ്യപ്പെട്ടു. കോടതി വഴി നീതിലഭ്യമാക്കാന്‍ സാധിക്കാത്തത്ര പഴക്കം ചെന്ന കേസുകളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷന്‍ സര്‍ക്കാരിനോടും ആവശ്യപ്പെട്ടു.

സഭയുടെ സ്ഥാപനങ്ങളില്‍ ലൈംഗികോപദ്രവം നേരിട്ട 80% പേരും ആണ്‍കുട്ടികളാണെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തില്‍ മോശം അനുഭവമുണ്ടായ 60% കുട്ടികള്‍ക്ക് (ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും) പിന്നീടുള്ള ജീവിതത്തില്‍ മാനസികമായും, ലൈംഗിക കാര്യങ്ങളിലുമടക്കം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിച്ചതായി 2,500 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭകളില്‍ നടന്ന ലൈംഗികപീഡനങ്ങളും, ഉപദ്രവങ്ങളും പുറത്തുവന്നുകൊണ്ടിരിക്കെ സഭയ്ക്ക് മറ്റൊരു ലജ്ജാകരമായ അദ്ധ്യായമാണ് ഈ സ്വതന്ത്ര കമ്മിഷന്റെ റിപ്പോര്‍ട്ട്. കാലങ്ങളായി സഭകള്‍ മൂടിവച്ചിരുന്ന ഇത്തരം സത്യങ്ങള്‍ ഈയടുത്ത കാലത്തായി പുറത്തുവന്നതിനെത്തുര്‍ന്ന് മാര്‍പ്പാപ്പ അടക്കമുള്ളവര്‍ സഭയ്ക്കായി ക്ഷമ ചോദിച്ചിരുന്നു.

Commission President Jean-Marc Sauve

1950 മുതലുള്ള രേഖകള്‍ പരിശോധിച്ചും, ഇരകളെയും, സഭകളുമായി ബന്ധപ്പെട്ടവരെയും കണ്ട് സംസാരിച്ചും രണ്ടര വര്‍ഷമെടുത്താണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2000-ന്റെ തുടക്കകാലം വരെ സഭ വളരെ പരുഷമായും, ക്രൂരമായുമായാണ് ഇത്തരം സംഭവങ്ങളിലെ ഇരകളെ നേരിട്ടിരുന്നതെന്നും Sauve പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച 3,000 പേരില്‍ മൂന്നില്‍ രണ്ടും വൈദികരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇവരെല്ലാം അക്കാലയളവില്‍ പള്ളികളിലും മറ്റുമായി ജോലി ചെയ്തവരായിരുന്നു. വൈദികര്‍ക്ക് പുറമെ മറ്റ് മതസ്ഥാനങ്ങള്‍ വഹിക്കുന്നവരും ഉപദ്രവം നടത്തിയവരില്‍ ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ടിലെ 22 കുറ്റകൃത്യങ്ങള്‍ ഉടന്‍ തന്നെ കോടതിയിലേയ്ക്ക് വാദത്തിനായി പോകാവുന്ന തരത്തിലുള്ളതാണ്. ഇവ പ്രോസിക്യൂട്ടര്‍മാര്‍ക്ക് നല്‍കിക്കഴിഞ്ഞു. 40-ലേറെ കേസുകള്‍ കൃത്യമായി വിചാരണ നടത്താന്‍ സാധിക്കാത്തവിധം പഴയതാണ്. ഇവ സഭാ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

ഭാവിയില്‍ ഇത്തരം ഹീനമായ സംഭവങ്ങള്‍ തടയുന്നതിനായി 45 ഇന നിര്‍ദ്ദേശങ്ങള്‍ കമ്മിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. വൈദികരെയും മറ്റ് മതസ്ഥാനവാഹകരെയും കൃത്യമായി പരിശീലിപ്പിക്കുക, കാനണ്‍ നിയമം പരിഷ്‌കരിക്കുക, ഇരകളെ കണ്ടെത്താനും നഷ്ടപരിഹാരം നല്‍കാനുമുള്ള സംവിധാനം ഉണ്ടാക്കുക എന്നിവ അതില്‍പ്പെടുന്നു.

comments

Share this news

Leave a Reply

%d bloggers like this: