ഡോണഗലിൽ HSE-ക്ക് കീഴിലുള്ള നഴ്‌സിങ് ഹോമിൽ 18 അന്തേവാസികൾക്ക് ലൈംഗികോപദ്രവം; വ്യക്തമായ അറിവുണ്ടായിട്ടും ജീവനക്കാരും മാനേജ്മെന്റും നടപടിയെടുത്തില്ല

കൗണ്ടി ഡോണഗലില്‍ HSE-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമിലെ മാനസികവളര്‍ച്ച കുറവായ 18 അന്തേവാസികള്‍ക്ക് ലൈംഗികോപദ്രവം നേരിടേണ്ടിവന്നതായി കണ്ടെത്തല്‍. 13 വര്‍ഷത്തോളം നീണ്ടുനിന്ന സംഭവത്തെപ്പറ്റി കെയര്‍ ഹോമിലെ ജീവനക്കാര്‍ക്കും, മാനേജ്‌മെന്റിനും വ്യക്തമായി അറിവുണ്ടായിരുന്നതായും HSE-യുടെ National Independent Review Panel (NIRP) റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പ്രസിദ്ധീകരണത്തിന് മുമ്പ് The Irish Times-ന് ലഭിച്ച പകര്‍പ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭ്യമായത്.

Brandon എന്ന സാങ്കല്‍പ്പിക നാമം നല്‍കിയിരിക്കുന്ന ഒരു അന്തേവാസിയാണ് മറ്റ് അന്തേവാസികളെ ലൈംഗികമായി ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം 108 സംഭവങ്ങള്‍ ഹോമില്‍ നടന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉപദ്രവം നേരിടേണ്ടിവന്ന അന്തേവാസികളില്‍ ഭൂരിഭാഗം പേരും നേരാം വണ്ണം സംസാരിക്കാന്‍ പോലും കഴിവില്ലാത്തവരായിരുന്നു.

ഉപദ്രവിക്കുക, രാത്രിയില്‍ കട്ടിലില്‍ കയറുക, അന്തേവാസികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുക, അന്തേവാസികളുടെ സമീപത്ത് നിന്ന് ദീര്‍ഘനേരം സ്വയംഭോഗം ചെയ്യുക തുടങ്ങി പീഡനവും നടന്നിരിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതിയെന്ന് പറയപ്പെടുന്ന Brandon കഴിഞ്ഞ വര്‍ഷം മരണപ്പെട്ടിരുന്നു.

2018 ഡിസംബറിലാണ് സംഭവങ്ങള്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യറാക്കാനായി HSE സ്വതന്ത്ര കമ്മിഷനെ ചുമതലപ്പെടുത്തിയത്. Brandon-ന്റെ ചെയ്തികളെപ്പറ്റി അറിവുണ്ടായിരുന്നിട്ടും നടപടികളെടുത്തില്ലെന്ന് ആരോപണം നേരിടുന്ന മാനേജ്‌മെന്റിനെപ്പറ്റിയും അന്വേഷണം നടത്താനായിരുന്നു നിര്‍ദ്ദേശം. 2003 മുതല്‍ 2016 വരെയാണ് ഈ മാനേജ്‌മെന്റിന് കെയര്‍ഹോമിന്റെ ചുമതലയുണ്ടായിരുന്നത്. HSE Ard Gréine Court, Stranorlar-ലെ St Joseph’s hospital-ലുള്ള Sean O’Hare Unit എന്നിവരായിരുന്നു കെയര്‍ ഹോം നടത്തിപ്പുകാര്‍.

ഹോമിലെ ജീവനക്കാരോ, ഉന്നതതലത്തിലുള്ള മാനേജ്‌മെന്റ് അധികൃതരോ Brandon-ന്റെ ചെയ്തികള്‍ക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഓരോ തവണ സംഭവം ഉണ്ടായപ്പോഴും Brandon-നെ മറ്റൊരു വാര്‍ഡിലേയ്ക്ക് മാറ്റുകയും, അതുവഴി കൂടുതല്‍ ഇരകളെ സൃഷ്ടിക്കുകയും മാത്രമാണ് മാനേജ്‌മെന്റ് ചെയ്തതെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. 2003-ന് മുമ്പ് മുതലേ ഇയാള്‍ മറ്റുള്ളരെ ലൈംഗികായി ഉപദ്രവിച്ചിരുന്നതായി സംശയമുണ്ട്.

ഉപദ്രവം നേരിട്ട അന്തേവാസികളുടെ കുടംബങ്ങള്‍ ഇക്കാര്യങ്ങള്‍ അറിയാതെ മറച്ചുവയ്ക്കാനും മാനേജ്‌മെന്റ് ശ്രമിച്ചു. പലരും ഇതറിയുന്നത് 2018-ന് ശേഷമാണ്.

പ്രാദേശികതലത്തിലെ HSE അധികൃതര്‍ പീഡനം അടക്കമുള്ള കാര്യങ്ങള്‍ ഗാര്‍ഡയെ അറിയിച്ചതുമില്ല.

2016-ല്‍ ഹോമിലെ ഒരാള്‍ സ്ഥലത്തെ TD-യായ Thomas Pringle-നെ കാര്യങ്ങള്‍ ധരിപ്പിച്ചതോടെയായിരുന്നു സംഭവങ്ങള്‍ പുറംലോകമറിയുന്നതും, HSE നേരിട്ട് അന്വേഷണമാരംഭിക്കുന്നതും.

ശാരീരിക-മാനസിക വൈകല്യ ക്ഷേമ വകുപ്പ് മന്ത്രി Anne Rabbitte ഇന്ന് ഡോണഗല്‍ സന്ദര്‍ശിക്കുകയും, ഇരകളുടെ കുടുംബാഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. HSE-യോട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: