അയർലണ്ടിലെ നഴ്‌സുമാർക്ക് ഈ ആഴ്ച മുതൽ ബൂസ്റ്റർ ഷോട്ടുകൾ: ആരോഗ്യമന്ത്രി

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ അനുമതി നല്‍കി ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി. രാജ്യത്തെ നഴ്‌സുമാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് ഭീഷണിയിലാണെന്നും, ഈ വര്‍ഷം ആദ്യമാണ് മിക്കവര്‍ക്കും വാക്‌സിന്‍ ലഭിച്ചതെന്നതിനാല്‍ നിലവില്‍ രോഗബാധയ്ക്കുള്ള സാധ്യത ഏറിയിരിക്കുകയാണെന്നും നഴ്‌സുമാരുടെ സംഘടനയായ Irish Nurses and Midwives Organisation (INMO) കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ എത്രയും വേഗം നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.

ഈ വാരാന്ത്യത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ആരംഭിക്കുമെന്ന് ഡോനലി ട്വിറ്ററിലൂടെ അറിയിച്ചു. National Immunisation Advisory Committee (NIAC)-യുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ആദ്യത്തെ രണ്ട് ഡോസ് വാക്‌സിന്‍ ഏതായിരുന്നാലും, ബൂസ്റ്റര്‍ ഷോട്ടുകളായി Pfizer, Moderna ഇവയില്‍ ഏതെങ്കിലും നല്‍കാമെന്നാണ് NIAC അറിയിച്ചിരിക്കുന്നത്.

കോവിഡ് ബാധയും, ക്വാറന്റൈനും കാരണം രാജ്യത്ത് നിലവില്‍ 3,500-ഓളം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ജോലിക്കെത്താന്‍ സാധിക്കുന്നില്ലെന്നാണ് കണക്ക്. രാജ്യത്ത് സെപ്റ്റംബര്‍ 5 മുതല്‍, ഒക്ടോബര്‍ 16 വരെ കോവിഡ് ബാധിച്ച 10-ല്‍ നാല് പേരും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന കണക്ക് Health Protection Surveillance Centre കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു.

അതേസമയം 2,855 പേര്‍ക്കാണ് ഇന്നലെ അയര്‍ലണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചത്. 515 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇതില്‍ 91 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Share this news

Leave a Reply

%d bloggers like this: