ഗാർഡ ഉദ്യോഗസ്ഥനെ കടിച്ചു, മറ്റൊരു ഉദ്യോഗസ്ഥയെ കത്രിക കൊണ്ട് കുത്തുമെന്നും, വെടിവച്ച് കൊല്ലുമെന്നും ഭീഷണി; യുവാവിന് കോടതിയിൽ വിചാരണ

ഗാര്‍ഡ ഉദ്യോഗസ്ഥനെ കടിക്കുകയും, മറ്റൊരു ഉദ്യോഗസ്ഥയ്ക്ക് നേരെ ഫാന്‍ എറിയുകയും, തലയില്‍ വെടിയുണ്ട കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിന് 150 മണിക്കൂര്‍ സാമൂഹികസേവനം ശിക്ഷയായി നല്‍കാന്‍ കോടതി. Leon Travers എന്ന 24-കാരനാണ് അറസ്റ്റിനിടെ ഗാര്‍ഡ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. 2018 ഒക്ടോബറിലായിരുന്നു സംഭവം.

2018 ഒക്ടോബര്‍ 29-നാണ് ക്രമസമാധാന പ്രശ്‌നം നടത്തിയതിന് ഇയാളെ ഡബ്ലിനില്‍ വച്ച് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് Blanchardstown ഗാര്‍ഡ സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴും ഇയാള്‍ അക്രമാസക്തനായി പെരുമാറി. ഗാര്‍ഡയുമായുള്ള ബലപ്രയോഗത്തിനിടെ മൂക്കിന് പരിക്കേറ്റ ഇയാളെ ഒക്ടോബര്‍ 30-ന് James Connolly Memorial Hospital-ല്‍ എത്തിച്ചപ്പോഴായിരുന്നു ഒരു ഗാര്‍ഡ ഉദ്യോഗസ്ഥയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തയത്. ചികിത്സയ്ക്കിടെ ട്രോളി ചവിട്ടിത്തെറിപ്പിക്കുക അടക്കം പ്രതി അക്രമങ്ങള്‍ തുടര്‍ന്നു.

ചികിത്സാമുറിയിലുണ്ടായിരുന്ന കത്രിക ഗാര്‍ഡ ഉദ്യോഗസ്ഥയുടെ കഴുത്തില്‍ കുത്തിയിറക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണികളിലൊന്ന്. മറ്റൊരു ഉദ്യോഗസ്ഥയുടെ തലയില്‍ തന്റെ ‘പിള്ളേരെ’ ഉപയോഗിച്ച് വെടിയുണ്ട കയറ്റുമെന്നും ഭീഷണിപ്പെടുത്തി.

ശേഷമായിരുന്നു ഫാനെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് നേരെ എറിഞ്ഞത്. കൈവിലങ്ങ് ധരിച്ചുകൊണ്ടായിരുന്നു ഈ അക്രമപ്രവര്‍ത്തനങ്ങളെല്ലാം തന്നെ. ഫാന്‍ മുഖത്ത് കൊണ്ട ഉദ്യോഗസ്ഥയ്ക്ക് കവിളില്‍ പരിക്കേറ്റു.

പിറ്റേന്ന് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന്റെ കൈയില്‍ കടിക്കുകയും ചെയ്തു.

നേരത്തെ വേറെ കുറ്റകൃത്യങ്ങളൊന്നും പ്രതിയായ Travers ചെയ്തിട്ടില്ല എന്നതും, മറ്റ് കാര്യങ്ങളും പരിഗണിച്ച കോടതി ആറ് മാസത്തെ തടവ് ശിക്ഷ ഇളവ് ചെയ്യാനും, 150 മണിക്കൂര്‍ സാമൂഹിക സേവനം നടത്താന്‍ ശിക്ഷ നല്‍കാന്‍ ഉദ്ദേശിക്കുന്നതായും പറഞ്ഞു. അതേസമയം പ്രൊബേഷന്‍ സര്‍വീസുമായി ബന്ധപ്പെട്ട്, പ്രതി സാമൂഹികസേവനം നടത്താന്‍ പര്യാപ്തനാണ് എന്ന ബോധ്യപ്പെട്ടാലേ ഉത്തരവ് നല്‍കൂ. അടുത്ത വര്‍ഷം ഫെബ്രുവരി 7-ന് കേസ് വീണ്ടും പരിഗണിക്കും.

Share this news

Leave a Reply

%d bloggers like this: