രാജ്യത്ത് കോവിഡ് ബാധ ഏറുന്നു; അത്യാവശ്യമല്ലാത്ത സേവനങ്ങൾ നിർത്തിവച്ച് ഡബ്ലിൻ Mater Hospital; സന്ദർശകർക്കും വിലക്ക്

രാജ്യത്ത് കോവിഡ് ബാധ വര്‍ദ്ധിച്ചതോടെ അത്യാവശ്യമല്ലാത്ത എല്ലാ സേവനങ്ങളും നിര്‍ത്തിവച്ച് ഡബ്ലിനിലെ Mater Hospital. വെള്ളിയാഴ്ച മുതല്‍ അവശ്യസേവനങ്ങള്‍ മാത്രമേ ആശുപത്രിയില്‍ ലഭ്യമാകുന്നുള്ളൂ. കോവിഡ് ബാധിതരായി കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും തീരുമാനമെടുക്കാന്‍ കാരണമായി.

ഔട്ട്‌പേഷ്യന്റ് കണ്‍സള്‍ട്ടേഷന്‍, അത്യാവശ്യമല്ലാത്ത സര്‍ജറികള്‍ എന്നിവയും നിര്‍ത്തിവച്ച സേവനങ്ങളില്‍ പെടുന്നു. ഇവ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ല.

രാജ്യത്ത് ഇന്നലെ 5,483 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഒരേ ദിവസം അയര്‍ലണ്ടില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് മാസങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്.

നിലവില്‍ അപ്പോയിന്റ്‌മെന്റ് എടുത്തിരിക്കുന്നവരെ ഫോണില്‍ ബന്ധപ്പെട്ട് മാറ്റങ്ങള്‍ അറിയിക്കുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Mater Hospital-ലെ എമര്‍ജന്‍സി വാര്‍ഡിലും തിരക്ക് ഏറിയിരിക്കുകയാണ്. അതിനാല്‍ അത്രയും അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ആശുപത്രിയിലേയ്ക്ക് വരാവൂ എന്നും, അല്ലാത്തപക്ഷം GP-യുടെ അടുത്തോ, ലോക്കല്‍ ക്ലിനിക്കുകളിലോ ചികിത്സ തേടണമെന്നും അശുപത്രി അധികൃതര്‍ അറിയിച്ചു.

ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് മാത്രമേ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കൂ. ഒരു കാരണവശാലും കുട്ടികളുമായി സന്ദര്‍ശനത്തിന് അനുവദിക്കുന്നതല്ല.

ഇതിനിടെ കോവിഡ് ബാധ ഏറിയത് കാരണം വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആഴ്ചകള്‍ക്ക് മുമ്പാണ് വര്‍ക്ക് ഫ്രം ഹോം നിര്‍ദ്ദേശം സര്‍ക്കാര്‍ ഔദ്യോഗികമായി പിന്‍വലിച്ചത്.

Share this news

Leave a Reply

%d bloggers like this: