യൂറോപ്പിലെ കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ ബാധ; ജാഗ്രതയോടെ അയർലണ്ട്

യൂറോപ്യന്‍ രാജ്യങ്ങളടക്കം കൂടുതല്‍ ഇടങ്ങളില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവയ്ക്ക് പുറമെ ഇറ്റലി, നെതര്‍ലണ്ട്‌സ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഓസ്‌ട്രേലിയ, ഡെന്മാര്‍ക്ക്, ഇസ്രായേല്‍ എന്നിവിടങ്ങളിലും ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 13 പേര്‍ക്കാണ് നെതര്‍ലണ്ട്‌സില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ മൂന്ന് പേര്‍ക്കും, ജര്‍മ്മനിയില്‍ രണ്ട് പേര്‍ക്കുംരോഗം സ്ഥിരീകരിച്ചു.

ഇതിനിടെ ഒമിക്രോണിന് 30 മ്യൂട്ടേഷനുകളെങ്കിലും സംഭവിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. വൈറസിനെ കോശത്തിലേയ്ക്ക് കടക്കാന്‍ സഹായിക്കുന്ന സ്‌പൈക്ക് പ്രോട്ടീന്‍ സംബന്ധിച്ചാണ് ഈ മ്യൂട്ടേഷനുകള്‍ നടന്നിട്ടുള്ളത്. ഇതാകാം വൈറസ് കൂടുതല്‍ വ്യാപനശേഷിയുള്ളതാകാന്‍ കാരണം.

അതേസമയം വൈറസിന്റെ പേരില്‍ തങ്ങളെ ഒറ്റപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ് Cyril Ramaphosa പറഞ്ഞു. വിലക്കുകള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്നും, ജി20 ഉച്ചകോടി തീരുമാനങ്ങള്‍ക്ക് എതിരാണ് അവയെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ആഫ്രിക്ക അടക്കമുള്ള ഏഴ് തെക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ജിസിസി രാജ്യങ്ങളും സമാന നടപടി കൈക്കൊണ്ടിരിക്കുകയാണ്.

സൗത്ത് ആഫ്രിക്കയിലാണ് ഒമിക്രോണ്‍ ബാധ ആദ്യമായി കണ്ടെത്തിയത്. അവിടെ ഈയിടെയായി കോവിഡ് വര്‍ദ്ധിക്കാനുള്ള കാരണം ഒമിക്രോണ്‍ ആണെന്നാണ് കരുതപ്പെടുന്നത്.

ഒമിക്രോണ്‍ ബാധ ഉണ്ടായേക്കാമെന്ന സംശയത്തില്‍ അയര്‍ലണ്ടും ജാഗ്രത പാലിക്കുകയാണ്. ഇതിനിടെ രാജ്യത്ത് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിദ്ധ്യം വളരെയേറെയാണെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ടോണി ഹോലഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. ഒമിക്രോണ്‍ സംബന്ധിച്ചുള്ള സ്ഥിതിഗതികള്‍ വിലയിരുത്താനായി Nphet epidemiological surveillance team ഈ ആഴ്ച അവസാനം ചര്‍ച്ച നടത്തും.

ഇന്നലെ 3,735 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: